കണെറ്റിക്കട്ട് സുപ്രീം കോടതി രോഗിയുടെ അവകാശങ്ങൾ മാനിക്കുന്നു
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റാറ് ഏപ്രിൽ 16-ന്, യു.എസ്.എ.-യിലെ കണെറ്റിക്കട്ട് സുപ്രീം കോടതി രക്തപ്പകർച്ച നിരസിക്കുന്നതിനുള്ള യഹോവയുടെ സാക്ഷികളുടെ അവകാശത്തെ ഉയർത്തിപ്പിടിച്ചു. മുമ്പു വിചാരണ കോടതി പുറപ്പെടുവിച്ച തീർപ്പിനെ അസാധുവാക്കുന്നതായിരുന്നു ആ തീരുമാനം.
1994 ആഗസ്റ്റിലായിരുന്നു സംഭവം. യഹോവയുടെ സാക്ഷികളിലൊരാളായ നെലി വേഗയ്ക്കു കടിഞ്ഞൂൽ പ്രസവത്തെത്തുടർന്നു വളരെയധികം രക്തവാർച്ചയുണ്ടായി. രക്തസ്രാവം നിർത്താൻ നടത്തിയ ശ്രമങ്ങളെല്ലാം നിഷ്ഫലമായി. ശ്രീമതി വേഗയുടെ നില വഷളാകാൻ തുടങ്ങി. അതോടെ ആശുപത്രി അധികൃതർ രക്തപ്പകർച്ചയ്ക്ക് അനുമതി നൽകുന്ന ഒരു കോടതിവിധി നേടാൻ ഇറങ്ങിത്തിരിച്ചു. താൻ ആശുപത്രിയിലായിരിക്കുമ്പോൾ രക്തമോ രക്തഘടകങ്ങളോ തനിക്കു നൽകരുതെന്നു നിർദേശിക്കുന്ന വൈദ്യ വിമുക്തമാക്കൽ കാർഡ് ശ്രീമതി വേഗ മുന്നമേ ഒപ്പിട്ടു കൊടുത്തിരുന്നതാണ്. ആ കാർഡനുസരിച്ച്, അവരുടെ തീരുമാനം ഹേതുവായി ഉണ്ടായേക്കാവുന്ന ഏതു ഭവിഷ്യത്തുകളിൽനിന്നും ആശുപത്രിയെ ഒഴിവാക്കിയിരുന്നു. എന്നുവരികിലും, നിർബന്ധപൂർവം രക്തപ്പകർച്ച നടത്തുന്നതു നവജാത ശിശുവിന്റെ ക്ഷേമത്തെ മുൻനിർത്തിയാണെന്ന്, കുട്ടിക്ക് അമ്മയുടെ ആവശ്യമുള്ളതുകൊണ്ടാണെന്ന് ആശുപത്രി അധികൃതർ വാദിച്ചു. വിചാരണ കോടതിയും ഉത്കണ്ഠ പ്രകടമാക്കി. രക്തവാർച്ച ഉണ്ടായതൊഴിച്ചാൽ, ശ്രീമതി വേഗ ആരോഗ്യമുള്ള യുവതിയായിരുന്നു. അങ്ങനെ, ശ്രീമതി വേഗയുടെ ഭർത്താവിന്റെയും അഭിഭാഷകന്റെയും എതിർപ്പുകൾ തൃണവത്ഗണിച്ചുകൊണ്ടുള്ള കോടതിയുടെ അനുമതിപ്രകാരം രക്തപ്പകർച്ച നടത്തി.
ക്രമേണ, പ്രശ്നം കണെറ്റിക്കട്ട് സുപ്രീം കോടതിയിലെത്തി. ആശുപത്രി നടപടി ശ്രീമതി വേഗയുടെ അവകാശങ്ങളിന്മേലുള്ള കടന്നാക്രമണമായിരുന്നെന്നു സുപ്രീം കോടതി ഐകകണ്ഠ്യേന തീർപ്പു കൽപ്പിച്ചു. കോടതിവിധി ഇപ്രകാരം പ്രസ്താവിച്ചു: “വിചാരണ കോടതി വിചാരണ കേട്ടത് അർധരാത്രിയിലായിരുന്നു. അത്യന്തം അടിയന്തിരമായിരുന്ന ആ സാഹചര്യങ്ങൾ ഇരുപക്ഷത്തുമുള്ളവരുടെ വാദഗതികൾ മുഴുവനായി അവതരിപ്പിക്കാൻ ഉചിതമായ അവസരം പ്രദാനം ചെയ്തില്ല.”
കണെറ്റിക്കട്ട് സുപ്രീം കോടതിയുടെ ആ തീർപ്പ്, യഹോവയുടെ സാക്ഷികളല്ലാത്തവർക്കും പ്രാമുഖ്യമാണ്. “ഡോക്ടർമാരുടെ തീരുമാനങ്ങളോടു യോജിക്കാതിരുന്നേക്കാവുന്ന സകല രോഗികളെയും സംബന്ധിച്ചിടത്തോളം ആ തീർപ്പ് പ്രധാനപ്പെട്ടതാണ്” എന്നു ശ്രീമതി വേഗയുടെ അറ്റോർണി ഡോനൾഡ് റ്റി. റിഡ്ലി പറയുന്നു. “രോഗികളുടെ മതപരമോ മതേതരമോ ആയ മൂല്യങ്ങൾ ചവിട്ടിമെതിക്കുന്നതിൽനിന്ന് ആ തീർപ്പ് ആശുപത്രികളെ വിലക്കും.”