പത്തുകൽപ്പനകൾ
ഇംഗ്ലണ്ടിലെ ഗ്ലോസ്റ്ററിലുള്ള ബിഷപ്പ്, തന്റെ ഇടവകയിലെ പകുതിയിലധികം വൈദികർക്കും പത്തുകൽപ്പനകൾ ഉരുവിടാൻ കഴിയില്ലെന്നും അവരിൽ 10 ശതമാനത്തിന് അത് ബൈബിളിൽ എവിടെയാണെന്ന് അറിയില്ലെന്നും കണ്ടെത്തി. എന്നാൽ അത് 450 വർഷം മുമ്പായിരുന്നു. അന്നുമുതൽ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടോ? ആംഗ്ലിക്കൻ വൈദികരിൽ അടുത്തയിടെ സൺഡേ ടൈംസ് നടത്തിയ അനൗപചാരിക സർവേപ്രകാരം, തീർച്ചയായുമില്ല.
അഭിമുഖം നടത്തിയ 200 വൈദികരിൽ 34 ശതമാനത്തിനുമാത്രമേ പത്തുകൽപ്പനകൾ മുഴുവനും ഉദ്ധരിക്കാൻ കഴിഞ്ഞുള്ളൂ. ശേഷിക്കുന്നവരിൽ ഒരാൾ അവയിൽ വളരെയേറെ വിലക്കുകളുണ്ടെന്ന് അഭിപ്രായപ്പെട്ടു. മറ്റൊരാൾ അവയെ ആധുനിക ധാർമിക പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്തവ എന്ന നിലയിൽ തള്ളിക്കളഞ്ഞു.
പത്തുകൽപ്പനകളോ അവയെ എവിടെ കണ്ടെത്താമെന്നോ നിങ്ങൾക്കറിയാമോ? അവ ബൈബിളിലെ രണ്ടാമത്തെ പുസ്തകമായ പുറപ്പാടിന്റെ 20-ാം അധ്യായത്തിലെ ആദ്യത്തെ 17 വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അവയൊന്നു വായിക്കരുതോ? അവയെ തരംതിരിക്കാനുള്ള ഒരു ലളിതമായ മാർഗം ഇവിടെ കൊടുക്കുന്നു. ആദ്യത്തെ നാലെണ്ണം നമ്മുടെ ദൈവാരാധനയെക്കുറിച്ച് പറയുന്നു, അഞ്ചാമത്തേത് കുടുംബജീവിതത്തെ പ്രദീപ്തമാക്കുന്നു, ആറുമുതൽ ഒമ്പതുവരെ ഉള്ളവ സഹമനുഷ്യരുമായുള്ള നമ്മുടെ ബന്ധത്തെ വിവരിക്കുന്നു, പത്താമത്തേത് അതുല്യമാണ്. സ്വന്തം ഹൃദയങ്ങളെ, പ്രേരണകളെ പരിശോധിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ ക്രിസ്ത്യാനികൾക്ക് എങ്ങനെ ബാധകമാക്കാമെന്നതിന്റെ ഒരു ഹ്രസ്വസംക്ഷേപം ഇവിടെ കൊടുക്കുന്നു.
ഒന്നാമത്തേത്: നമ്മുടെ സ്രഷ്ടാവിന് അനന്യഭക്തി നൽകുക. രണ്ടാമത്തേത്: ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കരുത്. മൂന്നാമത്തേത്: ദൈവനാമത്തെ എല്ലായ്പോഴും ആദരിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുക. നാലാമത്തേത്: ശ്രദ്ധാശൈഥില്യം കൂടാതെ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സമയം അനുവദിക്കുക. അഞ്ചാമത്തേത്: കുട്ടികളേ, നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുക. ആറാമത്തേത്: കൊലപാതകം ചെയ്യരുത്. ഏഴാമത്തേത്: വ്യഭിചാരം ഒഴിവാക്കുക. എട്ടാമത്തേത്: മോഷ്ടിക്കരുത്. ഒമ്പതാമത്തേത്: സത്യം പറയുക. പത്താമത്തേത്: അത്യാഗ്രഹം ഒഴിവാക്കുക.
മോശയ്ക്കു നൽകിയ നിയമസംഹിതയുടെ ഭാഗമായിരുന്നു പത്തുകൽപ്പനകൾ. എന്നാൽ അവയിൽ ഉൾക്കൊള്ളുന്ന തത്ത്വങ്ങൾ കാലത്തിനതീതമാണ്. (റോമർ 6:14; കൊലൊസ്സ്യർ 2:13, 14) ഈ കാരണത്താൽ യേശുവിന്റെ അനുഗാമികൾ പത്തുകൽപ്പനകളിൽനിന്ന് ഉദ്ധരിക്കുകയും അവയെ പരാമർശിക്കുകയും ചെയ്തു. (റോമർ 13:8-10) എല്ലാവരും ഈ ദിവ്യനിശ്വസ്ത തത്ത്വങ്ങളെ ആദരിക്കുകയും അവയനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നെങ്കിൽ ജീവിതം ഇന്ന് എത്രയധികം സന്തുഷ്ടവും സുരക്ഷിതവും ആയിരിക്കുമായിരുന്നു!