ഡോക്ടർമാരും ന്യായാധിപന്മാരും യഹോവയുടെ സാക്ഷികളും
യഹോവയുടെ സാക്ഷികൾ 1995 മാർച്ചിൽ ബ്രസീലിൽ രണ്ട് സെമിനാറുകൾ നടത്തി. ഉദ്ദേശ്യമോ? ആശുപത്രിയിലെ രോഗി യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുകയും അങ്ങനെ രക്തപ്പകർച്ച അസ്വീകാര്യമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യശാസ്ത്ര-നിയമ ഉദ്യോഗസ്ഥരുടെ സഹകരണം തേടുക.—പ്രവൃത്തികൾ 15:29
ദുഃഖകരമെന്നു പറയട്ടെ, ചില കേസുകളിൽ ഡോക്ടർമാർ സാക്ഷികളായ രോഗികളുടെ ആഗ്രഹങ്ങളെ അവഗണിക്കുകയും നിർബന്ധിത രക്തപ്പകർച്ച നടത്താൻ കോടതി ഉത്തരവുകൾ തേടുകയും ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിന് ലഭ്യമായ എല്ലാ നിയമപരമായ മാർഗങ്ങളും സാക്ഷികൾ ഉപയോഗിച്ചു. എന്നിരുന്നാലും, ഏറ്റുമുട്ടലല്ല മറിച്ച് സഹകരണമാണ് അവർ കൂടുതൽ ഇഷ്ടപ്പെട്ടത്. അതുകൊണ്ട്, സമാനരക്തം കുത്തിവെച്ചുകൊണ്ടുള്ള ചികിത്സയ്ക്കു പകരമായി ഉപയോഗിക്കാവുന്ന അനേകം ചികിത്സാരീതികളുണ്ടെന്നും യഹോവയുടെ സാക്ഷികൾ അവ സന്തോഷപൂർവം സ്വീകരിക്കുന്നുവെന്നും സെമിനാറുകൾ ഊന്നിപ്പറഞ്ഞു.a
സാവൊ പൗലോയിലെ പ്രാദേശിക വൈദ്യശാസ്ത്ര കൗൺസിലിന്റെ ഒരു യോഗം സാക്ഷികളുടെ നിലപാടിനെ പിന്താങ്ങിയിരുന്നു. ഒരു ഡോക്ടർ ശുപാർശ ചെയ്ത ചികിത്സാരീതിയോട് എതിർപ്പുണ്ടെങ്കിൽ അതു നിരസിക്കാനും മറ്റൊരു ഡോക്ടറെ തിരഞ്ഞെടുക്കാനും രോഗിക്ക് അവകാശമുണ്ടെന്ന് 1995 ജനുവരിയിൽ ആ കൗൺസിൽ തീരുമാനിച്ചു.
പ്രശംസാർഹമായി, തങ്ങളുടെ രോഗികൾ ആവശ്യപ്പെടുന്ന പക്ഷം രക്തരഹിത ചികിത്സ നടത്താൻ ബ്രസീൽ വൈദ്യശാസ്ത്ര സമൂഹത്തിലെ നൂറുകണക്കിനാളുകൾ ഇപ്പോൾ സന്നദ്ധരാണ്. 1995 മാർച്ചിലെ സെമിനാറുകൾ മുതൽ, ബ്രസീലിലെ ഡോക്ടർമാരും ന്യായാധിപന്മാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള സഹകരണം ശ്രദ്ധേയമാംവണ്ണം മെച്ചപ്പെട്ടിട്ടുണ്ട്. 1997-ൽ ബ്രസീലിലെ വൈദ്യശാസ്ത്ര മാഗസിനായ അംബിറ്റോ ഓസ്പിറ്റലർ രക്തപ്രശ്നം സംബന്ധിച്ച തങ്ങളുടെ നിലപാട് നിലനിർത്താനുള്ള യഹോവയുടെ സാക്ഷികളുടെ അവകാശം ദൃഢമായി പ്രഖ്യാപിച്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചു. റിയോ ദെ ജെനയ്റോ, സാവൊ പൗലോ എന്നീ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള പ്രാദേശിക വൈദ്യശാസ്ത്ര കൗൺസിലുകൾ പ്രസ്താവിച്ചതുപോലെ, “രോഗിയുടെ ജീവൻ സംരക്ഷിക്കാനുള്ള ഡോക്ടറുടെ കടമ, [ചികിത്സ സംബന്ധിച്ച്] തിരഞ്ഞെടുപ്പു നടത്താൻ രോഗിക്കുള്ള അവകാശത്തെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ കടമയ്ക്ക് അപ്പുറം പോകരുതെ”ന്നുള്ളത് ഇപ്പോൾ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരങ്ങൾക്ക്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രിക കാണുക.