ഒരു “അസാധാരണ” കൺവെൻഷനു പ്രശംസ
പെറുവിലെ ലിമയിലുള്ള ഒരു റേഡിയോ നിലയത്തിൽ അറിയിപ്പു നടത്തുന്നയാൾ ഇതുവരെ യഹോവയുടെ സാക്ഷികളെ വീക്ഷിച്ചിരുന്നത് സംശയദൃഷ്ടിയോടെയായിരുന്നു. എന്നാൽ അവരുടെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിച്ചതോടെ അദ്ദേഹത്തിന്റെ മനോഭാവത്തിനു പ്രകടമായ മാറ്റം വന്നു. വാസ്തവത്തിൽ, റേഡിയോ ശ്രോതാക്കളോട് ചില അനുകൂല പരാമർശങ്ങൾ നടത്താൻതക്കവിധം അത് അദ്ദേഹത്തിൽ മതിപ്പുളവാക്കി. അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു:
“കൺവെൻഷൻ യഥാർഥത്തിൽ അസാധാരണമായിരുന്നു. നിലത്തെങ്ങും ഒരു കടലാസുകഷണമില്ല. കച്ചവടക്കാരില്ല, ഗതാഗതക്കുരുക്കില്ല. അയ്യായിരത്തിരുന്നൂറുപേർ സ്വന്തം ചെലവിൽ വന്നു. അവർ ബക്കറ്റ്, പഴന്തുണി, ചൂല്, ബ്രഷ്, കയ്യുറകൾ, തേച്ചുകഴുകാനും തുടയ്ക്കാനുമുള്ള സാമഗ്രികൾ എന്നിവയെല്ലാം കരുതിയിരുന്നു. പെയ്ൻറ് ചെയ്യേണ്ടിടത്ത് അവർതന്നെ പെയ്ൻറ് അടിച്ചു. ഇതിനൊക്കെയുള്ള പണമോ? അവരുടെതന്നെ സംഭാവന! എന്തെങ്കിലും ചെയ്യേണ്ടതിനെക്കുറിച്ചുള്ള അറിയിപ്പു ലഭിക്കേണ്ട താമസം, അവരെല്ലാവരും അതിനു തയ്യാർ. എന്നാൽ ഒന്നു പറഞ്ഞുകൊള്ളട്ടെ, ഇതൊന്നും കത്തോലിക്കാ സഭയിൽ സംഭവിക്കുന്ന കാര്യങ്ങളല്ല. യഹോവയുടെ സാക്ഷികളെയും ഇതിന്റെ സംഘാടകരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്റെ ഉള്ളിന്റെയുള്ളിൽനിന്നു പറയുകയാണ്, ദൈവം നിങ്ങളെ സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ.”
ഈ വർഷം ലോകമെമ്പാടുമുള്ള നഗരങ്ങളിൽ, യഹോവയുടെ സാക്ഷികൾ “ദൈവിക ജീവിതരീതി” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ആസ്വദിക്കും. നിങ്ങൾ ഹാജരാകുമോ?
[32-ാം പേജിലെ ആകർഷകവാക്യം]
“നിലത്തെങ്ങും ഒരു കടലാസുകഷണമില്ല”