നല്ല നടത്ത പ്രശംസ കൈവരുത്തുന്നു
ലാ ഗാദ്സെറ്റാ ദെൽ മെദാസോറജാർനോ എന്ന ഇറ്റാലിയൻ പത്രം യഹോവയുടെ സാക്ഷികളെ “മാറ്റെറ—അതുല്യ ഗുഹാവസതികളുടെ നഗരം” എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് പ്രശംസിച്ചു. 1997 ജൂലൈ 8 ലക്കം ഉണരുക! മാസികയിലായിരുന്നു പ്രസ്തുത ലേഖനം പ്രത്യക്ഷപ്പെട്ടത്. അനേകം ഭാഷകളിൽ അത് വിപുലമായി വിതരണംചെയ്യപ്പെട്ടു. ഇപ്പോൾ 81 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്ന ഉണരുക!യ്ക്ക് ലോകവ്യാപകമായി 1.9 കോടി പ്രതികളുടെ വിതരണമുണ്ട്. “[മാറ്റെറ] നഗരത്തിന്റെ ചരിത്രപരവും കലാപരവുമായ പൈതൃകം ഉന്നമിപ്പിക്കാനുള്ള പരസ്യപ്രചാരണങ്ങളുടെ കാര്യത്തിൽ” ഉണരുക! വേനൽക്കാല റെക്കോർഡ് സൃഷ്ടിച്ചുവെന്ന് പത്രം അഭിപ്രായപ്പെട്ടു.
1997-ൽ മാറ്റെറയിൽ നടത്തപ്പെട്ട “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷനോടുള്ള ബന്ധത്തിലും പത്രം സാക്ഷികളെ പ്രശംസിച്ചു. സാക്ഷികൾ “വേനൽക്കാലത്തെ പൊള്ളുന്ന വെയിലിൽ, 4,000 പേരെ [നഗരത്തിലെ] XXI സെറ്റംബർ സ്റ്റേഡിയത്തിൽ സംഘടി”പ്പിച്ചുവെന്ന് ലേഖനം റിപ്പോർട്ടുചെയ്തു. “ഈ കായികസ്ഥലത്തിന്റെ ശുചീകരണവും പുനർപെയ്ൻറിങ്ങും അടിസ്ഥാന അറ്റകുറ്റപ്പണികളും (വിശേഷിച്ചും കക്കൂസ് സൗകര്യങ്ങളുടെ) അവർ തികച്ചും സൗജന്യമായി നടത്തി. ചില അത്യാവശ്യ വസ്തുക്കൾ അവർതന്നെയാണ് വാങ്ങിയത്.”
യഹോവയുടെ സാക്ഷികൾ നല്ല അയൽക്കാരായിരിക്കാൻ പ്രയത്നിക്കുന്നു. (മത്തായി 22:37-39) അവർ ഈ തിരുവെഴുത്ത് ബുദ്ധ്യുപദേശവും പിൻപറ്റുന്നു:—“നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു [ജാതികളുടെ] ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം.”—1 പത്രൊസ് 2:12.