“ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക”
അങ്ങനെയാണ് ഒരു സ്ത്രീ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ വർണിച്ചത്. തന്റെ ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട ദുഃഖകരമായ സാഹചര്യത്തിൽ യഹോവയുടെ സാക്ഷികൾ ഇടപെട്ട വിധത്തെ വർണിക്കുക ആയിരുന്നു അവർ. ആ സ്ത്രീ വിശദീകരിക്കുന്നു:
“ജർമനിയിലെ ഫ്രൈബർഗിലുള്ള സാക്ഷികളുടെ ഇറ്റാലിയൻ സഭയ്ക്ക് എന്റെയും കുടുംബത്തിന്റെയും പേരിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്റെ സഹോദരൻ അന്റോണിയോയും ഭാര്യ അന്നായും ഒഴികെ ഞങ്ങളുടെ കുടുംബത്തിൽ ആരും യഹോവയുടെ സാക്ഷികൾ അല്ല. ഈ മതത്തോട് ആദരവ് ഉണ്ടായിരുന്നെങ്കിലും, ദീർഘനാളായി ഞങ്ങൾ അതിനെ വിമർശിച്ചു പോരുകയായിരുന്നു.
“എന്നാൽ ഇപ്പോൾ ഞങ്ങളുടെ മനോഭാവത്തിനു മാറ്റംവരുത്തേണ്ടി വന്നിരിക്കുകയാണ്. വാസ്തവത്തിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒരു പ്രകടനം ഞങ്ങൾ അനുഭവിച്ച് അറിഞ്ഞിരിക്കുന്നു.
“സങ്കടകരമെന്നു പറയട്ടെ, ഒരു റോഡ് അപകടത്തിൽ അന്നാ അകാല മൃത്യുവിന് ഇരയായി. ഞങ്ങൾ ഇറ്റലിയിൽ പാർക്കുന്നതുകൊണ്ട്, എന്റെ സഹോദരൻ അന്റൊണിയോയ്ക്കും കുട്ടികൾക്കും വേണ്ടത്ര അളവിൽ വൈകാരിക പിന്തുണ നൽകാനായില്ല. എന്നാൽ സഹായമായത് എന്റെ സഹോദരന്റെ സാക്ഷികളായ സഹോദരങ്ങൾ ആയിരുന്നു. അവരുടെ സാന്നിധ്യവും വാക്കുകളും വിശ്വാസവും ശാരീരികവും ധാർമികവും സാമ്പത്തികവുമായ പിന്തുണയും സഹോദരന് സാന്ത്വനമേകി. സഭയ്ക്കു വ്യക്തിപരമായി നന്ദി പറയാൻ കഴിയില്ലെങ്കിലും, ഞങ്ങൾക്കു മറക്കാനാകാത്ത അവരുടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകയ്ക്ക് നിങ്ങളുടെ മാസികയിലൂടെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഈ സ്ത്രീയുടെ ദയാവാക്കുകളെ വിലമതിക്കുന്നു. അവർ അഭിപ്രായപ്പെട്ടതുപോലെ, യഹോവയുടെ സാക്ഷികൾ ഒരു സാർവദേശീയ സഹോദരവർഗമാണ്. (1 പത്രൊസ് 2:17) സ്നേഹം “സമ്പൂർണ്ണതയുടെ ബന്ധ”മാണ് എന്ന് അറിഞ്ഞുകൊണ്ട്, അവർ തങ്ങൾക്കിടയിൽ സ്നേഹവാത്സല്യത്തിന്റെ ശക്തമായ ബന്ധങ്ങൾ നട്ടുവളർത്തുന്നു. (കൊലൊസ്സ്യർ 3:14) നമുക്കെല്ലാവർക്കും സംഭവിക്കാവുന്ന, ഏറ്റവും ദാരുണമായ സാഹചര്യങ്ങളിലും, യഹോവയുടെ സാക്ഷികൾ ദൈവത്തോടും അവന്റെ ജനത്തോടും അടുത്തു പറ്റിനിൽക്കുന്നു.—സദൃശവാക്യങ്ങൾ 18:24; സഭാപ്രസംഗി 9:11; യോഹന്നാൻ 13:34, 35.