നിങ്ങൾക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുമോ?
“ഏകദേശം 25 പേരുടെ കൊലപാതകത്തിന് ഞാൻ നേരിട്ട് ഉത്തരവാദി ആയിരുന്നു. . . . അതേക്കുറിച്ചുള്ള ഓർമകൾ നിരന്തരം എന്നെ വേട്ടയാടുന്നു. ഞാൻ പേടിസ്വപ്നങ്ങൾ കാണുന്നു. . . . ഞാൻ വധിച്ച ആളുകളെ അനുസ്മരിപ്പിക്കുന്ന ഒരു മുഖം എവിടെ ചെന്നാലും എനിക്കു കാണാൻ കഴിയും. ഇന്ന്, ഇപ്പോൾ സംഭവിച്ചതുപോലെ എനിക്ക് അത് വ്യക്തമായി കാണാൻ കഴിയുന്നു. . . . എന്റെ ചെയ്തികൾ ഓർക്കുമ്പോൾ എന്നോടുതന്നെ ക്ഷമിക്കാൻ എനിക്കു കഴിയുന്നില്ല.”—വി.എസ്. “അവിടെ ചെന്ന് ശത്രുക്കളെ നശിപ്പിക്കാൻ എനിക്ക് ഉത്തരവു ലഭിച്ചു. . . [അവർ] പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആണെന്നൊന്നും ചിന്തിക്കാൻ ഞാൻ മെനക്കെട്ടില്ല. . . . എന്നോടു നിർദേശിച്ചതുപോലെ ഞാൻ പ്രവർത്തിച്ചു, എനിക്കു ലഭിച്ച ഉത്തരവുകൾ ഞാൻ നടപ്പാക്കി, അപ്രകാരം ചെയ്തത് തെറ്റാണെന്ന് ഞാൻ വിചാരിക്കുന്നില്ല, അന്നും ഇന്നും ഞാൻ അങ്ങനെതന്നെയാണ് കരുതുന്നത്.”—ഡബ്ലിയു.സി.
മുകളിൽ ഉദ്ധരിച്ചിരിക്കുന്ന രണ്ടു പേരും 1968 മാർച്ച് 16-ന് നടന്ന, പിൽക്കാലത്ത് ഒരു കുപ്രസിദ്ധ യുദ്ധ കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ട ഒരു പോരാട്ടത്തിലാണ് പങ്കുപറ്റിയത്. മറ്റു പട്ടാളക്കാരോടൊപ്പം അവർ വിയറ്റ്നാമിലെ ഒരു കൊച്ചു ഗ്രാമത്തിൽ പ്രവേശിച്ച്, സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് സാധാരണ ജനങ്ങളെ കൊന്നൊടുക്കി. എന്നാൽ ആ രണ്ട് പട്ടാളക്കാരുടെയും വിഭിന്ന പ്രതികരണങ്ങൾ ശ്രദ്ധിക്കുക. താൻ ചെയ്തത് ആദ്യത്തെ പട്ടാളക്കാരനെ വല്ലാതെ അലട്ടുന്നു. തന്റെ പ്രവർത്തനം നീതീകരിക്കത്തക്കത് ആയിരുന്നെന്ന് രണ്ടാമത്തെ പട്ടാളക്കാരൻ കരുതുന്നു. രണ്ടു വ്യക്തികൾക്ക് ഒരേ അനുഭവത്തോട് ഇത്ര വ്യത്യസ്തമായി പ്രതികരിക്കാൻ കഴിയുന്നത് എങ്ങനെ?
ഉത്തരം മനസ്സാക്ഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മെത്തന്നെ സത്യസന്ധമായി വിലയിരുത്താനും നമ്മുടെ പ്രവർത്തനങ്ങളെയും ഉദ്ദേശ്യങ്ങളെയും ന്യായം വിധിക്കാനും നമ്മെ സഹായിക്കുന്ന ഒരു ദൈവദത്ത പ്രാപ്തിയാണ് മനസ്സാക്ഷി. ശരിയും തെറ്റും സംബന്ധിച്ച നമ്മുടെ ആന്തരിക ബോധമാണ് അത്.
തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലർ, “നിന്റെ മനസ്സാക്ഷി നിനക്കു വഴികാട്ടി ആകട്ടെ” എന്ന ചൊല്ലിൽ അഭയം പ്രാപിക്കുന്നു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, മനസ്സാക്ഷി എപ്പോഴും ആശ്രയയോഗ്യമല്ല. തീർച്ചയായും, അനേകർ ഭീകര ക്രൂരകൃത്യങ്ങൾ അനുവദിച്ചു കൊടുത്തിട്ടുണ്ട്, അല്ലെങ്കിൽ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരുടെ മനസ്സാക്ഷി അവരെ ശല്യപ്പെടുത്തിയിട്ടേ ഇല്ല. (യോഹന്നാൻ 16:2; പ്രവൃത്തികൾ 8:1) മനസ്സാക്ഷി “അതിനെ കേൾക്കാൻ ഇഷ്ടപ്പെടാത്തവരോട് പെട്ടെന്നു സംസാരം നിർത്തുന്നു” എന്ന് ഇംഗ്ലീഷ് നോവലിസ്റ്റായ സാമുവൽ ബട്ട്ലർ ഒരിക്കൽ അഭിപ്രായപ്പെട്ടു.
സ്വന്തം മനസ്സാക്ഷിയെ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ? തുടർന്നു വരുന്ന ലേഖനം പ്രകടമാക്കുന്നതു പോലെ, നാം അതിനെ എത്ര നന്നായി പരിശീലിപ്പിക്കുന്നു എന്നതിനെയാണ് അത് അധികവും ആശ്രയിച്ചിരിക്കുന്നത്.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
മുകളിലത്തെ യുദ്ധരംഗം: U.S. Signal Corps photo