ജീവന്റെ പാതയിലെ വഴികാട്ടിപ്പലകകൾ
നിങ്ങൾ അപരിചിതമായ ഒരു വഴിയിലൂടെ നടക്കുകയാണെന്നു വിചാരിക്കുക. വഴികാട്ടിപ്പലകകൾ ഒരു തടസ്സമായി നിങ്ങൾ കരുതുമോ? സാധ്യതയില്ല! നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കു നയിക്കുന്ന പാതയിൽനിന്നു വഴിതെറ്റി പോകാതിരിക്കാൻ നിങ്ങൾക്കു സഹായകമായ ഒരു ഘടകമായേ തീർച്ചയായും നിങ്ങൾ അവയെ വീക്ഷിക്കുകയുള്ളൂ.
എന്നാൽ, ജീവന്റെ പാതയിലൂടെ നടക്കുന്നതിന്റെ കാര്യമോ? വഴികാട്ടിപ്പലകകൾ ഇല്ലാതെ അതു വിജയകരമായി നിർവഹിക്കാൻ കഴിയുമോ? ഇക്കാര്യത്തിൽ മനുഷ്യവർഗത്തിന്റെ പരിമിതികളെ പുരാതനകാലത്തെ ദൈവത്തിന്റെ ഒരു പ്രവാചകൻ സമ്മതിച്ചു പറയുകയുണ്ടായി. അവൻ ഇങ്ങനെ പറഞ്ഞു: “കർത്താവേ, മനുഷ്യന്റെ മാർഗ്ഗങ്ങൾ അവന്റെ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവനു തന്റെ ചുവടുകൾ സ്വാധീനമല്ലെന്നും എനിക്കറിയാം.”—യിരെമ്യാവു 10:23, പി.ഒ.സി. ബൈബിൾ.
അങ്ങനെയെങ്കിൽ, ആവശ്യമായ മാർഗനിർദേശം എവിടെ കണ്ടെത്താൻ കഴിയും? അത്തരം മാർഗനിർദേശത്തിന്റെ ആശ്രയയോഗ്യമായ ഉറവിടം മനുഷ്യന്റെ സ്രഷ്ടാവാണ്. ആലങ്കാരിക വഴികാട്ടിപ്പലകകൾ ബൈബിളിൽ കാണേണ്ടതാണ്. തന്റെ വചനത്തിൽ യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”—യെശയ്യാവു 30:21.
ഉവ്വ്, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ആശ്രയയോഗ്യമായ മാർഗനിർദേശം ബൈബിൾ നൽകുന്നുണ്ട്. (യെശയ്യാവു 48:17; 2 തിമൊഥെയൊസ് 3:16, 17) എന്നാൽ, ബഹുഭൂരിപക്ഷം മനുഷ്യരും ദിവ്യ മാർഗനിർദേശം കൂടാതെയുള്ള ജീവിത പാതയിലാണു നടകൊള്ളുന്നത് എന്നതു ദുഃഖകരമാണ്. (മത്തായി 7:13) എങ്കിലും, വഴികാട്ടിപ്പലകകൾ നീക്കം ചെയ്യാനാവാത്ത വിധം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്! ജീവന്റെ പാതയിൽ നടക്കവേ നിങ്ങൾ അവയ്ക്കു ശ്രദ്ധ നൽകുമോ?