“നിങ്ങൾ ദൈവം ആഗ്രഹിക്കുന്നപ്രകാരം ജീവിക്കുന്നവർ”
“കർത്താവിനുവേണ്ടി” ലൗകിക അധികാരികളോടു സഹകരിക്കുമ്പോൾ, ക്രിസ്ത്യാനികൾക്ക് “നന്മ പ്രവർത്തിക്കുന്നവർ [എന്ന നിലയിൽ] പ്രശംസ” ലഭിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. (1 പത്രൊസ് 2:13-15, NW] ഇതിന് ഒരു ഉദാഹരണമാണ് കുറച്ചുനാൾ മുമ്പ് ഒരു കോളെജ് കാമ്പസ് ഹാളിൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടത്തിയപ്പോൾ ദക്ഷിണാഫ്രിക്കയിലുള്ള യഹോവയുടെ സാക്ഷികൾക്ക് ഉണ്ടായ അനുഭവം.
കൺവെൻഷന്റെ ആദ്യ ദിവസം, കോളെജ് സുരക്ഷാ പൊലീസ് സാധാരണ ചെയ്യാറുള്ള ഒരുക്കങ്ങൾ ഒക്കെ നടത്തി. മറ്റു കൺവെൻഷനുകളിൽ കാണാറുള്ളതരം കോപിഷ്ഠരും സഹകരിക്കാത്തവരുമായ പ്രതിനിധികളെ മനസ്സിൽപ്പിടിച്ചുകൊണ്ട് ആയിരുന്നു അവരുടെ ഒരുക്കങ്ങൾ. യഹോവയുടെ സാക്ഷികളെ പരിചയമില്ലാതിരുന്ന അവർക്ക് വിസ്മയകരമായ ഒരു അനുഭവം ഉണ്ടാകാൻ പോകുകയായിരുന്നു!
ഗേറ്റിനടുത്തുവെച്ചുള്ള സാധാരണ സുരക്ഷാ പരിശോധനയുടെ ഭാഗമെന്ന നിലയിൽ, കൺവെൻഷൻ സ്ഥലത്തേക്കു വരുകയും അവിടെനിന്നു പുറത്തേക്കു പോകുകയും ചെയ്യുന്ന എല്ലാ കാറുകളും സുരക്ഷാ പൊലീസ് പരിശോധിച്ചു. സമയമെടുത്തുള്ള പരിശോധനകളിലും പ്രതിനിധികൾ പൊലീസുകാർക്ക് സൗഹൃദത്തോടെയും ക്ഷമയോടെയും ആദരവോടെയും അഭിവാദനം നൽകിയത് അവരെ അത്ഭുതപ്പെടുത്തി. ചെറുത്തുനിൽപ്പോ തർക്കമോ ശപിക്കലോ ഒന്നുമില്ലായിരുന്നു. “മറ്റുള്ള സന്ദർശകരിൽനിന്നു വ്യത്യസ്തരായി, നിങ്ങൾ പ്രകടമാക്കുന്ന താഴ്മയും സൗമ്യതയും അന്തസ്സും ഏവർക്കും ദൃശ്യമാണ്,” ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
യഹോവയുടെ സാക്ഷികൾ സഹകരണമനസ്കരാണെന്നു മനസ്സിലായതോടെ, അവരുടെ കാറുകൾ പരിശോധിക്കേണ്ടതില്ലെന്നു സുരക്ഷാകാര്യ വകുപ്പ് മേധാവി തീരുമാനിച്ചു. അദ്ദേഹം അവരോടായി പറഞ്ഞു: “നിങ്ങൾ സുശിക്ഷിതരാണ്.” തുടർന്ന്, “JW” എന്നെഴുതിയ സ്റ്റിക്കർ ഒട്ടിച്ച, സാക്ഷികളുടെ കാറുകൾക്ക് പരിശോധന കൂടാതെ പ്രവേശിക്കാനുള്ള അനുമതി നൽകുകയും ചെയ്തു.
കൺവെൻഷന്റെ സമാപനത്തിങ്കൽ, സാക്ഷികൾ വീണ്ടും അവിടെ വന്നുകാണാൻ താൻ ആഗ്രഹിക്കുന്നുവെന്നു സുരക്ഷാകാര്യ മേധാവി പറഞ്ഞു. “ഇത്രയും നന്നായി ഇടപെടുന്നവരെ ഞങ്ങൾ കണ്ടിട്ടേയില്ല. നിങ്ങൾ ദൈവം ആഗ്രഹിക്കുന്നപ്രകാരം ജീവിക്കുന്നവർ ആണ്,” അദ്ദേഹം പ്രസ്താവിച്ചു. അത്തരം പ്രശംസ സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ‘നല്ല നടത്ത നിലനിർത്തുന്ന’തിനുള്ള പ്രചോദനമാണ്, അത് ആളുകൾ ‘നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തു’ന്നതിൽ കലാശിക്കുകയും ചെയ്തേക്കാം.—1 പത്രൊസ് 2:12.