“എനിക്കു സമാധാനപൂർണമായ അന്തരീക്ഷം അനുഭവിച്ചറിയാൻ കഴിഞ്ഞു”
ജർമൻ ഭാഷ സംസാരിക്കുന്ന ഒരാൾ യഹോവയുടെ സാക്ഷികളെ “ഒറ്റിക്കൊടുക്കുക” എന്ന ലക്ഷ്യത്തിൽ അവരുടെ ഒരു കൺവെൻഷനു ചെന്നു. എന്തുകൊണ്ട്? “ഈ മതവിഭാഗത്തെ തുറന്നുകാട്ടി തന്റെ സുഹൃത്തുക്കൾ വഴിതെറ്റിപ്പോകുന്നതു തടയുക”യായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കൺവെൻഷനിൽ സംബന്ധിച്ചശേഷം, അദ്ദേഹം തന്റെ സുഹൃത്തുക്കൾക്കു പിൻവരുന്ന കത്ത് എഴുതി:
“കൺവെൻഷൻ സ്ഥലത്തിനടുത്ത് എത്തിയപ്പോൾ, ഞാൻ ശരിയായ സ്ഥലത്തുതന്നെയാണോ എത്തിയിരിക്കുന്നതെന്ന് എനിക്കു സംശയമായി. സ്റ്റേഡിയത്തിനു പുറത്ത് ആരെയും കാണാനില്ലായിരുന്നു. നിലത്തൊന്നും ചപ്പുചവറോ ബിയർകുപ്പികളോ ഇല്ല. കുറെക്കൂടി അടുത്തെത്തിയപ്പോൾ, രണ്ടു മാന്യവ്യക്തികൾ സ്റ്റേഡിയവാതിൽക്കൽ നിൽക്കുന്നതു ഞാൻ കണ്ടു. അവർ എന്നെ അഭിവാദനം ചെയ്ത് അകത്തേക്കു കടത്തിവിട്ടു.
“അകത്ത് ഉണ്ടായിരിക്കാനിടയുള്ള ആയിരക്കണക്കിന് ആളുകളുടെ ബഹളം കേൾക്കുമെന്നു ഞാൻ പ്രതീക്ഷിച്ചെങ്കിലും അവിടം വളരെ ശാന്തമായിരുന്നു. ‘ഒരുപക്ഷേ ഏറെപ്പേരൊന്നും വന്നെത്തിയിട്ടില്ലായിരിക്കും’ എന്നാണു ഞാൻ വിചാരിച്ചത്.
“ഞാൻ അകത്തു പ്രവേശിച്ചപ്പോൾ, പെട്ടെന്നുതന്നെ എന്റെ ശ്രദ്ധ പ്ലാറ്റുഫോമിൽ നടന്നുകൊണ്ടിരുന്ന നാടകത്തിലേക്കു തിരിഞ്ഞു. സ്റ്റേഡിയം ആയിരക്കണക്കിനു സാക്ഷികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നുവെന്നു പിന്നീടാണ് എനിക്കു മനസ്സിലായത്. അവരെല്ലാവരും ശ്രദ്ധാപൂർവം നാടകം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്കു സമാധാനപൂർണമായ അന്തരീക്ഷം അനുഭവിച്ചറിയാൻ കഴിഞ്ഞു. കൺവെൻഷന്റെ ശേഷിച്ച പരിപാടികളുടെ സമയത്ത് ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ സംഗതികൾ എന്നിൽ ആഴമായ മതിപ്പ് ഉളവാക്കി.
“സാക്ഷികളുമായി ഇടപഴകിയപ്പോൾ എനിക്ക് അവരുടെ സന്തുഷ്ടമായ മുഖങ്ങളും സ്നേഹപ്രകടനങ്ങളും ശ്രദ്ധിക്കാൻ കഴിഞ്ഞു. അപ്പോൾ, ‘ഇവർതന്നെ യഥാർഥ ദൈവജനം’ എന്ന ചിന്തയെ എനിക്ക് അടിച്ചമർത്താൻ കഴിഞ്ഞില്ല!”
‘തന്റെ സുഹൃത്തുക്കൾ വഴിതെറ്റിപ്പോകുന്നതു തടയു’ന്നതിനുപകരം, ആ യുവാവ് അവരോട് ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു. ഫലമോ? ഇന്ന് അദ്ദേഹം ഒരു ക്രിസ്തീയ മൂപ്പൻ ആണ്. അദ്ദേഹവും കുടുംബവും സ്വിറ്റ്സർലൻഡിലെ സൂഗിലുള്ള ഒരു സഭയിൽ സജീവാംഗങ്ങൾ ആണ്.