സാക്ഷികൾക്ക് അധികാരികളുടെ പ്രശംസ
മഡ്രിഡിന് 500 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, സ്പെയിനിലെ തുറമുഖ നഗരമായ കാഥിത്തിലെ മേയർ, ഡോന്യ തിയോഫില മാർട്ടീനെസ്, യഹോവയുടെ സാക്ഷികൾക്ക് ഒരു ഫലകം (മുകളിൽ കാണിച്ചിരിക്കുന്നു) സമ്മാനിച്ചു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “കാഥിത്ത് നഗരത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ ചെയ്തിരിക്കുന്ന സേവനങ്ങളെയും ശ്രമങ്ങളെയും വിലമതിച്ചുകൊണ്ട് കാഥിത്ത് മുനിസിപ്പൽ അധികൃതർ നൽകുന്ന ഉപഹാരം.” ആ ബഹുമതി ലഭിക്കാൻ സാക്ഷികൾ എന്താണു ചെയ്തത്?
നഗരത്തിലെ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം പുതുക്കി പണിയുന്നതിൽ സാക്ഷികൾ വഹിച്ച പങ്കിനുള്ള അംഗീകാരമായിട്ടാണ് അതു നൽകിയത്. നിരവധി വാരാന്തങ്ങളിലായി നൂറുകണക്കിനു സാക്ഷികൾ കറൻസാ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലുള്ള കക്കൂസുകൾ പുതുക്കിപ്പണിയുന്നതിനു സഹായഹസ്തം നീട്ടി. ഇപ്പോൾ ആ സ്റ്റേഡിയം ഉപയോഗിക്കുന്ന സകലരും അതിന്റെ പൈപ്പുകൾ, പ്ലംബിങ്-ഫ്ളോറിങ് സംവിധാനങ്ങൾ എന്നിവയിൽ നിന്നു പ്രയോജനം അനുഭവിക്കുന്നു.
കുറച്ചു കാലമായി യഹോവയുടെ സാക്ഷികൾക്കു കാഥിത്ത് നഗരത്തിൽ നല്ല പേരാണുള്ളത്. എല്ലാ വർഷവും സാക്ഷികൾക്കു വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടത്തുന്നതിനു മുനിസിപ്പൽ അധികൃതർ കറൻസാ സ്റ്റേഡിയം സസന്തോഷം ലഭ്യമാക്കുന്നു. തന്മൂലം, പ്രസ്തുത സ്റ്റേഡിയം നല്ല നിലയിൽ സൂക്ഷിക്കുന്നതിനു തങ്ങളാലാകുന്നതു ചെയ്യാൻ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.
ഇത്തരം ശാരീരിക അധ്വാനത്തിനു പുറമേ, നഗരത്തിന്റെ സമീപപ്രദേശത്തുള്ള ആളുകളെ മറ്റൊരു വിധത്തിൽ സഹായിക്കാനും യഹോവയുടെ സാക്ഷികൾ അവരെ ക്രമമായി സന്ദർശിക്കുന്നു. അവർ ദൈവരാജ്യത്തിന്റെ “സുവാർത്ത” പ്രഖ്യാപിക്കുന്നു. മനുഷ്യരുടെ പ്രശംസ കിട്ടാനല്ല അവർ പരസ്യ ശുശ്രൂഷയിൽ ഏർപ്പെടുന്നത്. മറിച്ച്, ‘രാജ്യത്തിന്റെ സുവാർത്ത’ പ്രസംഗിക്കാനും “സകല ജനതകളിൽ നിന്നുള്ളവരെ ശിഷ്യരാക്കാ”നുമുള്ള യേശുവിന്റെ കൽപ്പനയോടുള്ള അനുസരണം എന്ന നിലയിലാണ് അവർ അതു നിർവഹിക്കുന്നത്. (മത്തായി 24:14; 28:19; NW) ഈ വിധത്തിൽ, ആളുകളെ “നീതിയുടെ മാർഗ്ഗത്തിൽ” അഭ്യസിപ്പിച്ചുകൊണ്ടു സമൂഹത്തെ സേവിക്കാൻ യഹോവയുടെ സാക്ഷികൾ താത്പര്യപ്പെടുന്നു.—സദൃശവാക്യങ്ങൾ 12:28.