കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളിയെ നേരിടൽ
കുട്ടികളെ, പ്രത്യേകിച്ചും കൗമാര പ്രായക്കാരെ, വളർത്തുന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയാണ്. മദ്യവും മയക്കുമരുന്നും പരീക്ഷിച്ചുനോക്കുന്നത് “കൗമാരപ്രായക്കാർക്ക് ഇടയിൽ സാധാരണം” ആയിത്തീർന്നിരിക്കുന്നു എന്ന് കാനഡയിലെ മോൺട്രിയോളിലുള്ള ദ ഗസ്സെറ്റ് റിപ്പോർട്ടു ചെയ്യുന്നു. തങ്ങളുടെ “കൗമാരപ്രായക്കാരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം സംബന്ധിച്ചു ശ്രദ്ധാലുക്കൾ ആയിരിക്കാനുള്ള ഉത്തരവാദിത്വം” മാതാപിതാക്കൾക്ക് ഉണ്ടെന്ന് അത് ഊന്നിപ്പറയുന്നു.
കൗമാരപ്രായക്കാർക്കിടയിൽ അത്തരം പ്രശ്നങ്ങൾ ഉണ്ടെന്നു സൂചിപ്പിച്ചേക്കാവുന്ന ഏതെല്ലാം സംഗതികളെ കുറിച്ചു മാതാപിതാക്കൾ ജാഗ്രത പുലർത്തണം? അമേരിക്കൻ അക്കാഡമി ഓഫ് ചൈൽഡ് ആൻഡ് അഡോളസെന്റ് സൈക്യാട്രി നൽകുന്ന ശാരീരികവും വൈകാരികവും സാമൂഹികവുമായ മുന്നറിയിപ്പിൻ സൂചനകളിൽ വിട്ടുമാറാത്ത തളർച്ച, വ്യക്തിത്വത്തിലും മനോഭാവത്തിലും ഉണ്ടാകുന്ന മാറ്റം, കൂടുതൽ സമയം കിടപ്പുമുറിയിൽ കഴിച്ചുകൂട്ടൽ, വഴക്കടിക്കുന്ന സ്വഭാവം, നിയമവിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുന്നതു മൂലമുള്ള പിടിക്കപ്പെടൽ എന്നിവ ഉൾപ്പെടുന്നു.
ഹാനികരമായ അത്തരം പരീക്ഷണങ്ങളിൽ നിന്നും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാനാകും? കുട്ടിയുടെ സ്വഭാവരൂപവത്കരണ വർഷങ്ങളിൽ തുറന്ന ആശയവിനിമയം നടത്തുന്നതും പരസ്പര ആദരവ് ഊട്ടിവളർത്തുന്നതും പിൽക്കാല വർഷങ്ങളിലെ പ്രശ്നങ്ങൾ പരമാവധി കുറയ്ക്കുന്നതിനു സഹായകമായേക്കാം എന്നു മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ഡോ. ജെഫ്രി എൽ. ഡെറെവെൻസ്കി കരുതുന്നു. കൗമാരപ്രായത്തിൽ എത്തുന്നതോടെ കൂടുതൽ സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹം കുട്ടികളിൽ തലപൊക്കുന്നെങ്കിലും “മാതാപിതാക്കളുടെ മാർഗദർശനവും പിന്തുണയും നല്ല മാതൃകയും സ്നേഹവും” അവർക്കു തുടർന്നും ആവശ്യമാണെന്ന് ദ ഗസ്സെറ്റ് കൂട്ടിച്ചേർക്കുന്നു. ഈ വീക്ഷണങ്ങൾ, “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്ന ബൈബിൾ സദൃശവാക്യത്തെ പ്രതിഫലിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 22:6) കുട്ടികൾക്കു മാതൃക വെക്കാനും അവരുടെ സുഹൃത്തുക്കൾ ആയിരിക്കാനും അവരുമായി ആശയവിനിമയം നടത്താനും അവരെ പ്രബോധിപ്പിക്കാനും ദൈവം മാതാപിതാക്കളെ ബുദ്ധിയുപദേശിക്കുന്നു.—ആവർത്തനപുസ്തകം 6:6, 7.