മനുഷ്യർ—കേവലം ഉയർന്നതരം ജന്തുക്കളോ?
“ജീവന്റെ ഉത്ഭവം സംബന്ധിച്ച് നാം എന്തു വിശ്വസിക്കുന്നു എന്നത് പ്രാധാന്യം അർഹിക്കുന്നുവോ?”
“മനുഷ്യർ—കേവലം ഉയർന്നതരം ജന്തുക്കളോ?” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള തന്റെ പ്രസംഗത്തിന്റെ ആമുഖത്തിൽ ബ്രസീലിലെ ഒരു 16-കാരി ഉന്നയിച്ചതാണ് ഈ ചോദ്യം. പ്രസ്തുത വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 1998 ജൂൺ 22 ലക്കം ഉണരുക!യുടെ ഒരു പ്രതി അവളുടെ അധ്യാപികയ്ക്കു ലഭിച്ചശേഷം ഈ ചോദ്യം സംബന്ധിച്ച് ക്ലാസ്സിലെ കുട്ടികളോടു സംസാരിക്കാൻ അവർ ഈ വിദ്യാർഥിനിയെ ക്ഷണിച്ചു.
പരിണാമത്തിലെ ഒരു അടിസ്ഥാന പഠിപ്പിക്കലായ പ്രകൃതി നിർധാരണ സിദ്ധാന്തം എത്ര വിപത്കരമായ ഫലമാണ് ഉളവാക്കിയിരിക്കുന്നതെന്ന് ആ യുവസാക്ഷി എടുത്തുകാട്ടി. ഉദാഹരണത്തിന്, അതിജീവനത്തിനായുള്ള നിരന്തര പോരാട്ടത്തിന്റെ സ്വാഭാവിക ഭാഗം മാത്രമായി ചിലർ യുദ്ധത്തെ വീക്ഷിക്കാൻ പരിണാമസിദ്ധാന്തം ഇടയാക്കിയിരിക്കുന്നതായി അനേകർക്കും തോന്നുന്നു. നാസിസത്തിന്റെയും ഫാസിസത്തിന്റെയും വികാസത്തിന് ഇടയാക്കുന്ന ഒരു വീക്ഷണമാണ് ഇത്.
മനുഷ്യർക്കും ജന്തുക്കൾക്കും ഇടയിൽ വലിയൊരു വിടവുണ്ടെന്ന് ആ വിദ്യാർഥിനി കാണിച്ചുകൊടുത്തു. അവൾ ഇങ്ങനെ പറഞ്ഞു: “മനുഷ്യർക്കു മാത്രമേ ആത്മീയത വളർത്തിയെടുക്കാൻ കഴിയൂ. ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും കണ്ടെത്താൻ മനുഷ്യർ മാത്രമേ ശ്രമിക്കുന്നുള്ളൂ. മനുഷ്യരെ മാത്രമേ മരണം അലട്ടുന്നുള്ളൂ, തങ്ങളുടെ ഉത്ഭവം സംബന്ധിച്ച് അറിയാനുള്ള താത്പര്യവും എന്നേക്കും ജീവിക്കാനുള്ള ആഗ്രഹവും അവർക്കു മാത്രമാണുള്ളത്. ആ സ്ഥിതിക്ക്, നമ്മുടെ ഉത്ഭവം സംബന്ധിച്ച് ഒരൽപ്പം കൂടെ പഠിക്കാൻ നാം സമയം ചെലവഴിക്കുന്നത് എത്ര പ്രധാനമാണ്!”
ആ നല്ല അവതരണത്തിന് അധ്യാപിക അവളെ പ്രശംസിച്ചു. അത്തരം അറിവു സമ്പാദിക്കാൻ ഈ യുവ സാക്ഷിയെ സഹായിച്ച അവളുടെ വായനാശീലത്തെ അവർ പ്രകീർത്തിച്ചു. ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളായ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും മറ്റും ഒരു നല്ല വായനക്കാരിയായി ഈ പെൺകുട്ടി സ്കൂളിൽ അറിയപ്പെടുന്നു.
യുവജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും പരിണാമ സിദ്ധാന്തം ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് യഹോവയുടെ സാക്ഷികൾ യഥാർഥത്തിൽ ഉത്കണ്ഠയുള്ളവരാണ്. അക്കാരണത്താൽ, ഈ പെൺകുട്ടി സഹവസിക്കുന്ന സഭ, 1998 ജൂൺ 22 ലക്കം ഉണരുക! തങ്ങളുടെ അധ്യാപകർക്കും സഹപാഠികൾക്കും നൽകാൻ യുവസാക്ഷികളെ പ്രോത്സാഹിപ്പിച്ചു. നഗരത്തിലെ പല സ്കൂളുകളിലായി 230-ഓളം മാസികകൾ വിതരണം ചെയ്യപ്പെട്ടു. ഒരു സ്കൂളിലെ ശാസ്ത്രവിഭാഗത്തിന്റെ തലവൻ ഉണരുക!യുടെ ഒരു വരിസംഖ്യയും എടുത്തു.
അതേ, ജീവന്റെ ഉത്ഭവം സംബന്ധിച്ച് നാം എന്തു വിശ്വസിക്കുന്നു എന്നത് പ്രാധാന്യം അർഹിക്കുന്നു! സ്രഷ്ടാവിലുള്ള വിശ്വാസം തങ്ങളുടെ ജീവിതത്തിൽ യഥാർഥ മാറ്റം ഉളവാക്കിയിരിക്കുന്നു എന്ന് ഈ യുവസാക്ഷിയും അവളുടെ സുഹൃത്തുക്കളും പ്രകടമാക്കിയിരിക്കുന്നു.