അത് അവരുടെ വിരലുകളിൽ വീണ്ടും വിവാഹ മോതിരം അണിയിച്ചു
“എന്റെ വിരലുകളിലേക്ക് ഒന്നു നോക്കൂ. എന്തെങ്കിലും വ്യത്യാസം കാണാനുണ്ടോ?” യഹോവയുടെ സാക്ഷിയായ ഒരു സ്ത്രീയെ തന്റെ കൈ വിരലുകൾ കാണിച്ചുകൊണ്ട് ഒരു മനുഷ്യൻ പറഞ്ഞു. അയാളുടെ മോതിരവിരലിൽ നിന്ന് വിവാഹമോതിരം അപ്രത്യക്ഷമായിരിക്കുന്നത് ആ സ്ത്രീ ശ്രദ്ധിച്ചു. തനിക്കും ഭാര്യക്കും ഒരുവിധത്തിലും ഒത്തുപോകാൻ സാധിക്കാത്തതുകൊണ്ടു വിവാഹമോചനം നടത്താൻ തങ്ങൾ തീരുമാനിച്ചതായി അയാൾ പറഞ്ഞു. “അതു ചെയ്യാൻ വരട്ടെ, അതിനു മുൻപ് നിങ്ങൾ ഈ പുസ്തകം ഒന്നു വായിച്ചു നോക്കൂ. വിവാഹബന്ധം നേരെയാക്കാൻ ഇതു നിങ്ങളെ സഹായിക്കും,” ആ സാക്ഷി പറഞ്ഞു. എന്നിട്ട് അവർ, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനംa എന്ന ബൈബിളധിഷ്ഠിത പുസ്തകം അയാൾക്കു നൽകി.
ഏതാനും ദിവസങ്ങൾക്കു ശേഷം ആ മനുഷ്യൻ സാക്ഷിയുടെ അടുക്കൽ മടങ്ങിയെത്തി, അയാൾ തികച്ചും സന്തോഷവാനായിരുന്നു. അയാൾ തന്റെ കൈ നീട്ടി കാണിച്ചു. ഇത്തവണ അയാളുടെ വിരലിൽ വിവാഹമോതിരം ഉണ്ടായിരുന്നു. താനും ഭാര്യയും പരിജ്ഞാനം പുസ്തകം വായിച്ചെന്നും ഇപ്പോൾ തങ്ങൾ വളരെ സന്തുഷ്ടരാണെന്നും അയാൾ പറഞ്ഞു. ആ പുസ്തകം അക്ഷരാർഥത്തിൽ അവരുടെ വിരലുകളിൽ വീണ്ടും മോതിരം അണിയിച്ചു.
അന്യോന്യം ആത്മാർഥ സ്നേഹം പ്രകടിപ്പിക്കാൻ ബൈബിളിലെ ബുദ്ധിയുപദേശങ്ങൾക്കു ഭാര്യാഭർത്താക്കന്മാരെ സഹായിക്കാനാകും. കാരണം, നമ്മുടെ സ്രഷ്ടാവു തന്നെയാണ് ബൈബിളിന്റെ ഗ്രന്ഥകർത്താവും. അവൻ ഇങ്ങനെ പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”—യെശയ്യാവു 48:17.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.