സത്പ്രവൃത്തികൾ ദൈവത്തിനു മഹത്ത്വം കൈവരുത്തുന്നു
ദൈവത്തെ സ്നേഹിക്കുന്നവർ അവന്റെ വചനമായ ബൈബിളിൽനിന്നുള്ള ആത്മീയ വെളിച്ചം പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു. അങ്ങനെ അവർ യേശുവിന്റെ പിൻവരുന്ന കൽപ്പന അനുസരിക്കുന്നു: “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16) വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നമുക്ക് ദൈവത്തിനു മഹത്ത്വം കരേറ്റാൻ സാധിക്കും.
ബൈബിളിനു ചേർച്ചയിൽ പ്രവർത്തിക്കുകയും മറ്റുള്ളവരെ ആത്മീയമായി സഹായിക്കാൻ യത്നിക്കുകയും ചെയ്തുകൊണ്ട് യഹോവയുടെ സാക്ഷികൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നു. അവരുടെ പരസ്യശുശ്രൂഷ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും അവർ അപ്രകാരം പ്രവർത്തിക്കുന്നു. അത്തരമൊരു രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സാക്ഷികൾ എല്ലാ വർഷവും കൺവെൻഷനുകൾ നടത്താറുണ്ട്. 6,000 മുതൽ 9,000 വരെ ആളുകൾ പങ്കെടുക്കാറുള്ള അത്തരം കൂടിവരവുകൾക്കായി അവർ എക്സിബിഷനുകൾ നടക്കുന്ന ഒരു കോംപ്ലക്സിലെ ഹാളുകളാണ് വാടകയ്ക്ക് എടുക്കാറുള്ളത്. മുൻ വർഷങ്ങളിലേതുപോലെതന്നെ, 1999-ലെ കൺവെൻഷനു മുമ്പും, കൺവെൻഷൻ സ്ഥലം വൃത്തിയാക്കുന്നതിലും ശബ്ദസംവിധാനം ക്രമീകരിക്കുന്നതിലും കസേരകൾ നിരത്തിയിടുന്നതിലും നൂറുകണക്കിനു സാക്ഷികൾ പങ്കെടുത്തു.
ഈ ഒരുക്കങ്ങളെല്ലാം ആ കോംപ്ലക്സിന്റെ മാനേജ്മെന്റ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. 15,666 പേർ പങ്കെടുത്ത ഒരു കൺവെൻഷൻ ആയിരുന്നു അതെങ്കിലും കാര്യങ്ങളെല്ലാം സുഗമമായി നടക്കുകയും സാക്ഷികൾ വളരെ അടുക്കുംചിട്ടയോടും കൂടെ പ്രവർത്തിക്കുകയും ചെയ്യുന്നത് അവർ ശ്രദ്ധിച്ചു. കൺവെൻഷനു ശേഷം സാക്ഷികൾ സ്ഥലം പൂർണമായി വൃത്തിയാക്കിയതും അവരിൽ മതിപ്പുളവാക്കി.
തുടർന്നുവരുന്ന വർഷം ആ കെട്ടിടം വാടകയ്ക്കു കൊടുക്കാനുള്ള മുൻഗണനാ ലിസ്റ്റിൽ സാക്ഷികളെ ഒന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിക്കൊണ്ട് മാനേജ്മെന്റ് വിലമതിപ്പു പ്രകടിപ്പിച്ചു. എന്നാൽ മാനേജ്മെന്റ് അതുമാത്രമല്ല ചെയ്തത്. 1999 ജൂലൈ 15-ന് അവർ കൺവെൻഷൻ കമ്മിറ്റിക്ക് ഒരു അവാർഡ് നൽകി. ആ അവാർഡ്ഫലകത്തിൽ “യഹോവയുടെ സാക്ഷികളുടെ സഭ” എന്ന് എഴുതിയിരുന്നു. സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസ വേലയ്ക്കു വിലക്കുകൾ ഏർപ്പെടുത്തിയിരുന്ന ഒരു രാജ്യത്ത് ഇത്തരം ഒരു സംഭവം തികച്ചും അപ്രതീക്ഷിതമായിരുന്നു.
2000/2001-ൽ ലോകത്തെമ്പാടുമായി നടക്കുന്ന, യഹോവയുടെ സാക്ഷികളുടെ നൂറുകണക്കിന് ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” എന്നതാണ് കൺവെൻഷൻ വിഷയം. അതിൽ പങ്കെടുക്കുകവഴി, ബൈബിളിൽ പറഞ്ഞിരിക്കുന്നത് ഉത്സാഹപൂർവം പ്രാവർത്തികമാക്കിക്കൊണ്ട് യഹോവയുടെ സാക്ഷികൾ ദൈവത്തിനു മഹത്ത്വം കൈവരുത്തുന്ന സത്പ്രവൃത്തികളിൽ ഏർപ്പെടുന്നത് എങ്ങനെയെന്നു നിങ്ങൾക്കു നേരിട്ട് നിരീക്ഷിക്കാനാകും.