ദൈവിക ജ്ഞാനം—അതു പ്രകടമാകുന്നത് എങ്ങനെ?
“സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല.” ഒരു മുഴു നഗരത്തെയും നാശത്തിൽനിന്നു രക്ഷിച്ച, ജ്ഞാനിയെങ്കിലും സാധുവായ ഒരു മനുഷ്യന്റെ കഥ ശലോമോൻ രാജാവ് അവസാനിപ്പിച്ചത് ആ വാക്കുകളോടെയാണ്. ദുഃഖകരമെന്നു പറയട്ടെ, “ആ സാധുമനുഷ്യനെ ആരും ഓർത്തില്ല.”—സഭാപ്രസംഗി 9:14-16.
നിർധനരായ ആളുകളെ, അവർ മഹത്തായ കാര്യങ്ങൾ ചെയ്തിട്ടുള്ളവരാണെങ്കിൽ പോലും, മനുഷ്യർ പൊതുവെ പുച്ഛത്തോടെയാണു വീക്ഷിക്കുന്നത്. യേശുവിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. അവനെ കുറിച്ച് യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും [“രോഗങ്ങളോട് ഇടപഴകിയവനായും,” NW] ഇരുന്നു.” (യെശയ്യാവു 53:3) യേശുവിന് അന്നത്തെ പ്രമുഖരായ നേതാക്കന്മാർക്ക് ഉണ്ടായിരുന്ന സ്ഥാനമാനങ്ങളോ സാമ്പത്തിക ശേഷിയോ ഇല്ലായിരുന്നു എന്ന ഏക കാരണത്താലാണു ചിലർ അവനെ നിന്ദിച്ചത്. എന്നിരുന്നാലും, പാപിയായ ഏതൊരു മനുഷ്യനും ഉണ്ടായിരുന്നതിനെക്കാൾ വളരെയേറെ ജ്ഞാനം അവന് ഉണ്ടായിരുന്നു. ‘തച്ചന്റെ മകനായ’ യേശു അത്രയേറെ ജ്ഞാനം പ്രകടമാക്കുകയും വലിയ വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്തത് അവന്റെ നാട്ടുകാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ അതു ഗൗരവാവഹമായ ഒരു തെറ്റായിരുന്നു. എന്തുകൊണ്ടെന്നാൽ, യേശു “അവരുടെ അവിശ്വാസംനിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല” എന്നു ബൈബിൾ വിവരണം തുടർന്നു പറയുന്നു. അവരെ സംബന്ധിച്ചിടത്തോളം എത്ര വലിയ നഷ്ടമായിരുന്നു അത്!—മത്തായി 13:54-58.
നമുക്ക് ആ തെറ്റു ചെയ്യാതിരിക്കാം. “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശു പറഞ്ഞു. ദൈവത്തിന്റെ വേല ചെയ്യുകയും സ്വർഗീയ ജ്ഞാനം മറ്റുള്ളവർക്കു പകരുകയും ചെയ്യുന്നവർ തിരിച്ചറിയിക്കപ്പെടുന്നത് അവരുടെ സ്ഥാനമാനങ്ങളാലോ സാമൂഹികനിലയാലോ അല്ല, മറിച്ച് അവർ പ്രകടമാക്കുന്ന ‘നല്ല ഫലത്താൽ,’ അതായത് അവരുടെ ബൈബിൾ അധിഷ്ഠിത വിശ്വാസത്താലും പ്രവൃത്തികളാലും ആണ്.—മത്തായി 7:18-20; 11:19.