ക്രിസ്തീയ സ്നേഹം പ്രവൃത്തിപഥത്തിൽ
ട്രിനിഡാഡിലാണു ബർത്തലൊമിയൂ കുടുംബം താമസിക്കുന്നത്. കുറേക്കാലം മുമ്പ് അവരുടെ വീടിനു തീ പിടിച്ചു. വസ്തുവകകളെല്ലാം നഷ്ടമായി. അടുത്തു താമസിച്ചിരുന്ന ഒരു ബന്ധു തന്റെ വീട്ടിൽ അവരെ താമസിപ്പിച്ചു. എന്നാൽ, സംഗതികൾ അവിടംകൊണ്ട് അവസാനിച്ചില്ല.
ഒലിവ് ബർത്തലൊമിയൂ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. അവൾക്കും കുടുംബത്തിനും ഒരു വീടുവെച്ചു കൊടുക്കുന്നതിന് അവൾ സഹവസിക്കുന്ന സഭയിലെയും സമീപത്തുള്ള മറ്റു സഭകളിലെയും സഹവിശ്വാസികൾ സംഭാവനകൾ നൽകാൻ തുടങ്ങി. നിർമാണ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ഒരു കമ്മിറ്റിയും രൂപീകൃതമായി. ഒടുവിൽ വീടിന്റെ പണി ആരംഭിച്ചു. 20-ഓളം സാക്ഷികളും ചില അയൽക്കാരും അതിൽ പങ്കുപറ്റി. യുവജനങ്ങൾപോലും പണിയിൽ സഹായിച്ചു. മറ്റു ചിലരാണെങ്കിൽ പണിയിൽ ഏർപ്പെട്ടിരുന്നവർക്കു ഭക്ഷണം തയ്യാറാക്കിക്കൊടുത്തു.
“അതെല്ലാം കണ്ട് എന്റെ കുടുംബാംഗങ്ങൾ അത്ഭുതസ്തബ്ധരായി” എന്ന് ഒലിവ് പറഞ്ഞതായി ട്രിനിഡാഡിലെ സൺഡേ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു. “അവർ യഹോവയുടെ സാക്ഷികൾ അല്ല. എന്റെ ഭർത്താവിനാണെങ്കിൽ ഇപ്പോഴും തന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല.”
നിർമാണ പ്രവർത്തനത്തെ കുറിച്ചു പരാമർശിക്കവെ, അത്തരം പ്രവൃത്തികൾ വാസ്തവത്തിൽ യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ തിരിച്ചറിയിക്കൽ അടയാളമാണ് എന്ന് അതിന്റെ സംഘാടകൻ അഭിപ്രായപ്പെട്ടു. “വീടു തോറും പോയി കേവലം സ്നേഹത്തെപ്പറ്റി പ്രസംഗിക്കാനല്ല, മറിച്ച് അതു പ്രവൃത്തിപഥത്തിൽ വരുത്താനാണു ഞങ്ങൾ ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.—യോഹന്നാൻ 13:34, 35.
[32-ാം പേജിലെ ചിത്രം]
ഭർത്താവിനോടൊപ്പം ഒലിവ് ബർത്തലൊമിയൂ