ആന്തരിക സൗന്ദര്യത്തിന്റെ മൂല്യം അനശ്വരം
“യുവാക്കളുടെ വീക്ഷണത്തിൽ ശാരീരിക സൗന്ദര്യമാണ് സർവസ്വവും” എന്ന് വൃദ്ധനായ ഒരു വിശ്വസ്ത ക്രിസ്ത്യാനി അഭിപ്രായപ്പെട്ടു.
മനുഷ്യൻ ദീർഘകാലമായി ബാഹ്യ സൗന്ദര്യത്തിന് അമിത പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതിന്റെ ഫലമായി പലപ്പോഴും ആന്തരിക മൂല്യങ്ങൾ ശരിയായി വിലയിരുത്താൻ അവൻ പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ നമ്മുടെ ബാഹ്യസൗന്ദര്യം എങ്ങനെയുള്ളത് ആയിരുന്നാലും, നാം അകമേ എങ്ങനെയുള്ളവർ ആണെന്നാണു സ്രഷ്ടാവ് നോക്കുന്നത്. പക്വതയോടെ കാര്യങ്ങളെ വിലയിരുത്തുന്നതിൽ അതിശ്രേഷ്ഠ മാതൃകയാണ് അവൻ. ബൈബിൾ പറയുന്നതനുസരിച്ച്, ദൈവംതന്നെ ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”—1 ശമൂവേൽ 16:7.
യഥാർഥ മനുഷ്യ സൗന്ദര്യത്തിന്റെ ഉറവിടം ദൈവമാണ്. ഒരാളെ വിലയിരുത്തുമ്പോൾ ആത്മീയ ഗുണങ്ങൾക്കായിരിക്കണം മുൻതൂക്കം എന്ന് അവന്റെ വചനം പറയുന്നു. ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു [“ആയിരുന്നേക്കാം,” NW]; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.” (സദൃശവാക്യങ്ങൾ 31:30) തീർച്ചയായും, ബാഹ്യസൗന്ദര്യം ഉള്ളിലെ വിരൂപതയെ മറച്ചുവെച്ചേക്കാം. (എസ്ഥേർ 1:10-12; സദൃശവാക്യങ്ങൾ 11:22) പ്രായമാകുന്നത് അനുസരിച്ച് ശാരീരിക സൗന്ദര്യം മങ്ങിപ്പോകുമെങ്കിലും, ആന്തരിക സൗന്ദര്യം—ഹൃദയത്തിന്റെ ഗുണങ്ങൾ—വർധിക്കുകയും നിലനിൽക്കുകയും ചെയ്യും.
ആ സ്ഥിതിക്ക് സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം തുടങ്ങിയ ഗുണങ്ങൾ നട്ടുവളർത്തുന്നത് എത്രയോ ജ്ഞാനമാണ്. (ഗലാത്യർ 5:22, 23) അതുവഴി അനശ്വര മൂല്യമുള്ള ആന്തരിക സൗന്ദര്യം നമുക്ക് ആർജിക്കാനാവും.—1 പത്രൊസ് 3:3, 4.