വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഇയ്യോബിന്റെ കഷ്ടപ്പാടുകൾ എത്രകാലം നീണ്ടുനിന്നു?
ഇയ്യോബിന്റെ കഷ്ടപ്പാടുകൾ വർഷങ്ങളോളം നീണ്ടുനിന്നതായി ചിലർ കരുതുന്നു. എന്നാൽ, അത് ഒരു ദീർഘകാലഘട്ടത്തേക്ക് ഉണ്ടായിരുന്നതായി ഇയ്യോബിന്റെ പുസ്തകം സൂചിപ്പിക്കുന്നില്ല.
ഇയ്യോബിന് അനുഭവിക്കേണ്ടിവന്ന കഷ്ടങ്ങളുടെ ആദ്യ ഘട്ടം, അതായത് അവനു കുടുംബാംഗങ്ങളും വസ്തുവകകളും നഷ്ടപ്പെട്ട കാലഘട്ടം, താരതമ്യേന ഹ്രസ്വമായിരുന്നതായി തോന്നുന്നു. നാം ബൈബിളിൽ ഇങ്ങനെ വായിക്കുന്നു: ‘ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.’ തനിക്കുണ്ടായ നഷ്ടത്തെ കുറിച്ചുള്ള വാർത്ത ഒന്നിനു പുറകെ ഒന്നായി ഇയ്യോബിനു ലഭിച്ചു—കന്നുകാലികളും കഴുതകളും ആടുകളും ഒട്ടകങ്ങളും അവയെ പരിപാലിക്കുന്ന ദാസന്മാരുമൊക്കെ ഒന്നൊന്നായി അവനു നഷ്ടമായി. ‘ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്ന’ തന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും മരണവിവരം ഇയ്യോബ് താമസിയാതെ മനസ്സിലാക്കിയിരുന്നിരിക്കണം. ഇതെല്ലാം ഒരു ദിവസത്തിൽത്തന്നെ സംഭവിച്ചതായി തോന്നുന്നു.—ഇയ്യോബ് 1:13-19.
ഇയ്യോബിന്റെ കഷ്ടതകളുടെ അടുത്ത ഘട്ടം കുറേക്കൂടെ ദീർഘമായിരുന്നിരിക്കണം. കഷ്ടതകൾ ഇയ്യോബിന്റെ ശരീരത്തെ ബാധിക്കുന്നെങ്കിൽ അവൻ അവിശ്വസ്തനായിത്തീരുമെന്നു സാത്താൻ യഹോവയുടെ മുമ്പാകെ വാദിച്ചു. ഇയ്യോബിന്റെ ‘ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കൾ ഉണ്ടായി.’ അവന്റെ ദേഹമാസകലം ആ അസുഖം പടരാൻ കുറെ സമയം എടുത്തിരിക്കാം. അവന്റെ അടുക്കലെത്തിയ വ്യാജ ആശ്വാസകരുടെ പക്കൽ “ഈ അനർത്ഥമൊക്കെയും” സംബന്ധിച്ച വാർത്ത എത്താനും കുറെ സമയം എടുത്തിരിക്കാം.—ഇയ്യോബ് 2:3-11.
എലീഫസ് ഏദോം ദേശത്തെ തേമാനിൽ നിന്നുള്ളവനും സോഫർ വടക്കുപടിഞ്ഞാറുള്ള അറബിദേശത്തു നിന്നുള്ളവനും ആയിരുന്നു. അതിനാൽ അവരുടെ നാടുകൾ, സാധ്യതയനുസരിച്ച് ഉത്തര അറേബ്യയിലെ ഇയ്യോബിന്റെ ഊസ്ദേശത്തുനിന്ന് വളരെ അകലെ ആയിരുന്നില്ല. എന്നാൽ, ബിൽദാദ് ശൂഹ്യനായിരുന്നു. യൂഫ്രട്ടീസ് നദീതീരത്താണ് അവന്റെ ബന്ധുജനങ്ങൾ താമസിച്ചിരുന്നത് എന്ന് തോന്നുന്നു. ബിൽദാദ് സ്വന്തം ദേശത്താണു താമസിച്ചിരുന്നതെങ്കിൽ, ഇയ്യോബിന്റെ അവസ്ഥയെ കുറിച്ച് കേട്ട് ഊസ്ദേശത്തേക്കു വരാൻ ആഴ്ചകളോ മാസങ്ങളോ എടുത്തിരിക്കാം. ഇയ്യോബിന്റെ കഷ്ടപ്പാടുകൾ ആരംഭിച്ചപ്പോൾ അവർ മൂന്നു പേരും അടുത്ത് എവിടെയെങ്കിലും ആയിരുന്നിരിക്കാനും വഴിയുണ്ട്. സംഗതി എന്തായിരുന്നാലും, ഇയ്യോബിന്റെ മൂന്നു സുഹൃത്തുക്കൾ വന്നപ്പോൾ അവർ യാതൊന്നും മിണ്ടാതെ “ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.”—ഇയ്യോബ് 2:12, 13.
തുടർന്ന് ഇയ്യോബിന്റെ കഷ്ടപ്പാടുകളുടെ അവസാന ഘട്ടമെത്തി. അതേക്കുറിച്ചുള്ള വിശദാംശങ്ങൾ ഇയ്യോബിന്റെ പുസ്തകത്തിന്റെ നിരവധി അധ്യായങ്ങളിൽ കാണാം. പ്രത്യക്ഷത്തിൽ ആശ്വാസകരായി തോന്നിച്ച അവർ നിരവധി സംവാദങ്ങളും പ്രസംഗങ്ങളും നടത്തി. മിക്കവാറും എല്ലാത്തിനുംതന്നെ ഇയ്യോബ് ഉത്തരം പറയുകയും ചെയ്തു. അതിനുശേഷം, യുവാവായ എലീഹൂ ശാസന നൽകി, യഹോവ സ്വർഗത്തിൽനിന്ന് ഇയ്യോബിനെ തിരുത്തുകയും ചെയ്തു.—ഇയ്യോബ് 32:1-6; 38:1; 40:1-6; 42:1.
ഇയ്യോബിന്റെ യാതനകളും പരിഹാരവും ഏതാനും മാസങ്ങൾക്കുള്ളിൽ, ഒരുപക്ഷേ ഒരു വർഷത്തിനുള്ളിൽ, സംഭവിച്ചിരിക്കാനിടയുണ്ട്. ദുഷ്കരമായ പീഡാനുഭവങ്ങൾ ഒരിക്കലും അവസാനിക്കാത്തതുപോലെ തോന്നുന്നതായി അനുഭവത്തിൽനിന്നു നിങ്ങൾക്ക് അറിയാമായിരിക്കാം. എന്നാൽ ഇയ്യോബിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, അവ അവസാനിക്കുകതന്നെ ചെയ്യുമെന്ന കാര്യം നാം മറക്കരുത്. കഷ്ടതകൾ എത്രതന്നെ നീണ്ടുപോയാലും, പിൻവരുന്ന നിശ്വസ്ത വാക്കുകളിൽ കാണുന്ന പ്രകാരം, ദൈവത്തിന്റെ പിന്തുണ സംബന്ധിച്ച ഉറപ്പ് നമുക്കു മനസ്സിൽ പിടിക്കാം: “നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.” (2 കൊരിന്ത്യർ 4:17) പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.”—1 പത്രൊസ് 5:10.