കൃതജ്ഞത കാട്ടുക സന്തോഷം നേടുക
“കൃതജ്ഞത തോന്നാനുള്ള പ്രേരണ മനുഷ്യസഹജമാണ്” എന്ന് ഒരു കനേഡിയൻ പത്രമായ കാൽഗരി ഹെറാൾഡ് പ്രസ്താവിച്ചു. ഒമ്പതു വയസ്സുകാരായ, പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ചില അഭിപ്രായങ്ങൾ ഹെറാൾഡ് ഉദ്ധരിക്കുകയുണ്ടായി. തങ്ങൾക്ക് കൃതജ്ഞത തോന്നാൻ ഇടയാക്കിയ എല്ലാ കാര്യങ്ങളെ കുറിച്ചും എഴുതാൻ ഈ കുട്ടികളോട് അവരുടെ ടീച്ചർ ആവശ്യപ്പെടുകയുണ്ടായി. ‘തന്റെ ആവശ്യങ്ങളെല്ലാം നോക്കിനടത്തുന്നതിനാൽ’ താൻ വീട്ടുകാരോട് നന്ദിയുള്ളവനാണെന്ന് ഒരു ആൺകുട്ടി പറഞ്ഞു. തന്റെ കുടുംബാംഗങ്ങളോടു നന്ദി തോന്നാനുള്ള കാരണത്തെ കുറിച്ച് ഒരു കൊച്ചു പെൺകുട്ടിയും ഇങ്ങനെ പറഞ്ഞു: “അവർ എന്നെ സംരക്ഷിക്കുന്നു. ഞാൻ നല്ല ആരോഗ്യത്തോടിരിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നു. എനിക്കായി കരുതുന്നു, എന്നെ സ്നേഹിക്കുന്നു, എനിക്ക് ആഹാരം തരുന്നു. ഡാഡിയും മമ്മിയും ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല.”
കൃതജ്ഞതയില്ലായ്മ സ്ഥായിയായ അസംതൃപ്തിക്ക് ഇടയാക്കുന്നു. തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ജെ. ഐ. പാക്കറുടെ അഭിപ്രായത്തിൽ, “ദൈവത്തിലും പരസ്പരവും ആശ്രയിച്ചു ജീവിക്കാൻ പോന്ന വിധത്തിലാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.” നൂറ്റാണ്ടുകൾക്കു മുമ്പ് ബൈബിളിൽ രേഖപ്പെടുത്തിയ “നന്ദിയുള്ളവരാ”യിരിപ്പിൻ എന്ന ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തെ അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. (കൊലൊസ്സ്യർ 3:15) മറ്റുള്ളവരോടു കാണിക്കുന്ന, നന്ദിയുടെയും ഹൃദയംഗമമായ കൃതജ്ഞതയുടെയും പ്രകടനങ്ങൾ ഊഷ്മളമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കും.
കൂടാതെ, മറ്റുള്ളവരെ വിലമതിക്കുകയും അവരോടു കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ നാം യഹോവയോടു നന്ദി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. അവൻ അത് ശ്രദ്ധിക്കുകയും ചെയ്യുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) മനുഷ്യർ തന്റെ നാമത്തോടു കാണിക്കുന്ന സ്നേഹത്തെ താൻ ഓർക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന് ദൈവം നമുക്ക് ഉറപ്പുനൽകുന്നു. (എബ്രായർ 6:10) അതേ, നാം കൃതജ്ഞതയുള്ളവരാണ് എന്നു കാണിക്കാൻ നമുക്കു നല്ല കാരണം ഉണ്ട്. എന്തുകൊണ്ടെന്നാൽ, നാം നിത്യേന ഈ ദൈവിക ഗുണം പ്രകടമാക്കുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കുന്നെന്നു മാത്രമല്ല നമ്മുടെ സന്തോഷം വർധിപ്പിക്കുകയും ചെയ്യുന്നു. സദൃശവാക്യങ്ങൾ 15:13-ൽ പറഞ്ഞിരിക്കുന്നതു പോലെയാണ് അത്: “സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു.”