‘എനിക്ക് ആവശ്യമായതെല്ലാം ലഭിച്ചു’
ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് ലോകവ്യാപകമായി ഇപ്പോൾ 12 കോടിയിലധികം ജനങ്ങളെ വിഷാദം ബാധിച്ചിട്ടുണ്ട്. ഓരോ വർഷവും പത്തു ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നു. കൂടാതെ ഒരു കോടിക്കും രണ്ടു കോടിക്കും ഇടയ്ക്ക് ആളുകൾ അതിനു ശ്രമിക്കുകയും ചെയ്യുന്നു. വിഷാദത്തിന്റെ പിടിയിൽ അമർന്നിരിക്കുന്നവർക്ക് എന്തു സഹായമാണ് ഉള്ളത്? കുറെയൊക്കെ ആശ്വാസം പകരാൻ വൈദ്യസഹായത്തിനു സാധിച്ചേക്കും. വൈകാരിക പിന്തുണയും അനിവാര്യമാണ്. കൂടാതെ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന തികച്ചും പ്രായോഗികമായ നിർദേശങ്ങൾ അടങ്ങിയ ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ ഇത്തരം വികാരങ്ങളുമായി മല്ലിടുന്ന ചിലർക്കു കൂടുതലായ സഹായം പ്രദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസിൽനിന്നുള്ള പിൻവരുന്ന കത്ത് അതാണു കാണിക്കുന്നത്.
“ജീവിച്ചിരിക്കുന്നതിൽ യാതൊരു അർഥവുമില്ല എന്ന് കുറച്ചുനാൾ മുമ്പ് എനിക്കു തോന്നി. അതുകൊണ്ട് എന്നെ മരിക്കാൻ അനുവദിക്കേണമേ എന്നു ഞാൻ ദൈവത്തോടു പ്രാർഥിച്ചു. മാനസികമായി അപ്പോൾത്തന്നെ ഞാൻ ഏതാണ്ടു മരിച്ചുകഴിഞ്ഞിരുന്നു. എന്നെ വഴിനടത്താൻ ഞാൻ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. കൂടാതെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2002 വായിക്കാനും ഞാൻ തീരുമാനിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ഞാനതു വായിച്ചു തീർത്തു. അത് എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും എന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്തു.
“ഞാൻ വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ അൽപ്പം ഗവേഷണവും നടത്തി. എനിക്കു വിശ്വസിക്കാനായില്ല! 15-ലധികം വർഷമായി ഈ മാസികകൾ ഞാൻ ക്രമമായി വായിക്കുന്നതാണ്, എന്നാൽ അവയിലെ ലേഖനങ്ങൾ ഇത്രയധികം പ്രോത്സാഹനം പകരുന്നതും ബലപ്പെടുത്തുന്നതും ആണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഇക്കാലത്ത് വളരെ വിരളമായിരിക്കുന്ന സ്നേഹമെന്ന ഗുണം അവയിൽ നിറഞ്ഞു നിൽക്കുന്നു. എനിക്ക് ആവശ്യമായതെല്ലാം അവയിൽനിന്നു ലഭിച്ചു.”
ബൈബിൾ പറയുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) ‘ഹൃദയം നുറുങ്ങിയവരും’ ‘മനസ്സു തകർന്നവരും’ ആയ എല്ലാവർക്കും ബൈബിളിൽ പ്രോത്സാഹനവും ഭാവിപ്രത്യാശയും കണ്ടെത്താനാകും എന്നതിനു സംശയമില്ല. ആശ്വാസത്തിന്റെ ആ ദിവ്യനിശ്വസ്ത ഉറവിൽനിന്ന് സഹായം ആവശ്യമുള്ള മറ്റുള്ളവരും പ്രയോജനം നേടേണ്ടതിന് യഹോവയുടെ സാക്ഷികൾ ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ വിതരണം ചെയ്യുന്നു.