“അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്”
ഒരു ഒട്ടകവും കാളയും ഒരുമിച്ച് ഉഴുന്ന ഈ രംഗമൊന്നു നോക്കൂ. അവ എത്ര ദുരിതമാണ് അനുഭവിക്കുന്നത് അല്ലേ? ഒരേ ശക്തിയും വലുപ്പവുമുള്ള രണ്ട് മൃഗങ്ങൾക്കായുള്ള നുകത്തിൻ കീഴിലാണ് അവയെ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. ഭാരം വലിക്കുന്ന ഇത്തരം മൃഗങ്ങളുടെ ക്ഷേമത്തിൽ തത്പരനായിരുന്ന ദൈവം ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുത്.” (ആവർത്തനപുസ്തകം 22:10) കാളയുടെയും ഒട്ടകത്തിന്റെയും കാര്യത്തിലും അതേ തത്ത്വം ബാധകമാണ്.
സാധാരണഗതിയിൽ, ഒരു കർഷകൻ തന്റെ മൃഗങ്ങളുടെമേൽ അത്തരമൊരു ദുരിതം അടിച്ചേൽപ്പിക്കുകയില്ല. എന്നാൽ രണ്ടു കാള ഇല്ലെങ്കിൽ, ഉള്ള രണ്ട് മൃഗങ്ങളെ അയാൾ നുകത്തിൻ കീഴെ അമിച്ചേക്കാം. ഈ ചിത്രത്തിൽ കാണുന്ന 19-ാം നൂറ്റാണ്ടിലെ കർഷകൻ ചെയ്തത് അതാണെന്നു തോന്നുന്നു. വലുപ്പം, ഭാരം എന്നിവയിലെ വ്യത്യാസം നിമിത്തം ശക്തി കുറഞ്ഞ മൃഗത്തിന് മറ്റേതിനൊപ്പം എത്താൻ ബുദ്ധിമുട്ടേണ്ടിവരും, അതുപോലെ, ശക്തിയേറിയ മൃഗത്തിന് ഭാരം കൂടുതൽ വഹിക്കേണ്ടതായും വരും.
നമ്മെ ഒരു സുപ്രധാന പാഠം പഠിപ്പിക്കാൻ, അസമമായി കൂട്ടിയോജിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തം പൗലൊസ് ഉപയോഗിച്ചു. അവൻ എഴുതി: “അവിശ്വാസികളുമായി അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്. എന്തെന്നാൽ നീതിക്കും അധർമത്തിനും തമ്മിൽ എന്തു കൂട്ടായ്മയാണുള്ളത്? അല്ലെങ്കിൽ വെളിച്ചത്തിന് ഇരുട്ടുമായി എന്തു പങ്കാണുള്ളത്?” (2 കൊരിന്ത്യർ 6:14, NW) ഒരു ക്രിസ്ത്യാനി എങ്ങനെയാണ് അസമമായി കൂട്ടിയോജിപ്പിക്കപ്പെടുക?
തന്റേതിൽനിന്നു വ്യത്യസ്തമായ വിശ്വാസങ്ങളുള്ള വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുന്നതാണ് ഒരു വിധം. അടിസ്ഥാന കാര്യങ്ങളിൽ ദമ്പതികൾ വിയോജിക്കുന്ന സ്ഥിതിക്ക് അത്തരമൊരു ബന്ധം ഇരുകൂട്ടർക്കും അസ്വസ്ഥജനകമായിത്തീരും.
യഹോവ വിവാഹ ക്രമീകരണം ഏർപ്പെടുത്തിയപ്പോൾ അവൻ ഭാര്യയ്ക്ക് ‘ഒരു തുണ’യുടെ പങ്കാണ് നൽകിയത്. (ഉല്പത്തി 2:18) സമാനമായി, മലാഖി പ്രവാചകനിലൂടെ ദൈവം ഭാര്യയെ ഒരു “കൂട്ടാളി” എന്ന് പരാമർശിച്ചു. (മലാഖി 2:14) വിവാഹിത ദമ്പതികൾ, സുഖദുഃഖങ്ങൾ ഒരുപോലെ പങ്കിട്ടുകൊണ്ട് ഒരേ ആത്മീയ ദിശയിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നു.
‘കർത്താവിൽ മാത്രം’ വിവാഹം കഴിച്ചുകൊണ്ട് ക്രിസ്ത്യാനികൾ നമ്മുടെ സ്വർഗീയ പിതാവിന്റെ ബുദ്ധിയുപദേശത്തെ മാനിക്കുന്നു. (1 കൊരിന്ത്യർ 7:39) ഇത് കെട്ടുറപ്പുള്ള ഒരു വിവാഹ ബന്ധത്തിന് അടിസ്ഥാനമിടുന്നു. ഭർത്താവും ഭാര്യയും ഒരു പ്രത്യേക വിധത്തിൽ ‘സാക്ഷാൽ ഇണയാളികളായി’ ദൈവത്തെ സേവിക്കുമ്പോൾ അത് അവന് സ്തുതിയും ബഹുമതിയും കൈവരുത്താനുതകുന്നു.—ഫിലിപ്പിയർ 4:3.
[32 -ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ഒട്ടകവും കാളയും: From the book La Tierra Santa, Volume 1, 1830