നിങ്ങളുടെ ഉള്ളിൽ അത്ഭുതത്തിന്റെ തീനാളം ജ്വലിച്ചുകൊണ്ടിരിക്കുന്നുവോ?
ബൈബിൾ എഴുത്തുകാർ പലപ്പോഴും ദൈവത്തിന്റെ പ്രവൃത്തികളെയും ഗുണങ്ങളെയും കുറിച്ച് അത്ഭുതം ഉണർത്തുംവിധം സംസാരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ‘അതിശയകരമായി എന്നെ സൃഷ്ടിച്ചിരിക്കുന്നു’ എന്ന് സങ്കീർത്തനക്കാരൻ പറയുകയുണ്ടായി. (സങ്കീർത്തനം 139:14) ‘യഹോവേ, നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതകരമായി പണ്ടേയുള്ള ആലോചനകളെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ’ എന്ന് പ്രവാചകനായ യെശയ്യാവ് എഴുതി. (യെശയ്യാവു 25:1) ഇനി, അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം ഉദ്ഘോഷിച്ചു: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!” ആ വാക്കുകളിൽ സ്ഫുരിക്കുന്ന അത്ഭുതത്തെയും ഭയാശ്ചര്യത്തെയും കുറിച്ചു ചിന്തിക്കുക.—റോമർ 11:33.
ദി ഓക്സ്ഫോർഡ് എൻസൈക്ലോപീഡിക് ഇംഗ്ലീഷ് ഡിക്ഷണറി അത്ഭുതത്തെ ‘അപ്രതീക്ഷിതമോ പുതിയതോ വിശദീകരിക്കാനാകാത്തതോ ആയ എന്തെങ്കിലും ഒരു സംഗതി, ഒരുവനിൽ ഉണർത്തുന്ന ചേതോവികാരം; പ്രത്യേകിച്ച് ആദരവും കൗതുകവും കലർന്ന ഒന്ന്’ എന്നു നിർവചിച്ചിരിക്കുന്നു.
പുതിയ ഒരു കാര്യം കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യുമ്പോൾ കൊച്ചു കുട്ടികളുടെ കണ്ണുകൾ അത്ഭുതംകൊണ്ടു വിടരുന്നതു കാണാൻ എത്ര രസമാണല്ലേ? സങ്കടകരമെന്നു പറയട്ടെ, കാലം കടന്നുപോകുമ്പോൾ കൗതുകമോ പുതുമയോ നിമിത്തം തോന്നുന്ന അത്തരം അത്ഭുതം കുറഞ്ഞു വരുന്നു.
എന്നാൽ ഇവിടെ ഉദ്ധരിച്ച ബൈബിൾ എഴുത്തുകാരുടെ കാര്യത്തിൽ ഭയാശ്ചര്യം അവരുടെയുള്ളിൽ അലിഞ്ഞുചേർന്നിരുന്നു. അത് കാലഗതിയാൽ നശിക്കുന്ന ഒന്നായിരുന്നില്ല. എന്തുകൊണ്ട്? ദൈവത്തിന്റെ പ്രവൃത്തികളെ കുറിച്ച് വിലമതിപ്പോടെ ധ്യാനിച്ചുകൊണ്ട് അവർ തങ്ങളുടെയുള്ളിലെ അത്ഭുതത്തിന്റെ തീനാളം അണയാതെ സൂക്ഷിച്ചു. സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രാർഥിച്ചു: “ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; അങ്ങയുടെ സകലപ്രവൃത്തികളെയും കുറിച്ചു ഞാൻ ധ്യാനിക്കുന്നു; എന്റെ മനസ്സ് അങ്ങയുടെ അത്ഭുതകരമായ സൃഷ്ടിക്രിയകളാൽ നിറഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 143:5, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ദൈവത്തിന്റെ ഇന്നത്തെ ആരാധകരുടെ ഉള്ളിലും ഇത്തരം അത്ഭുതം ഉള്ളതായി കാണാൻ കഴിയുന്നത് എത്ര ശ്ലാഘനീയമാണ്! നിങ്ങൾക്ക് അതുണ്ടോ? അത് കെട്ടുപോകാതെ നിങ്ങൾ സൂക്ഷിക്കുന്നുവോ?