വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
കാരാഗൃഹത്തിലായിരുന്ന പത്രൊസ് വാതിൽക്കൽ വന്നിരിക്കുന്നുവെന്നു കേട്ട ശിഷ്യർ അത് “അവന്റെ ദൂതൻ ആകുന്നു”വെന്നു പറഞ്ഞത് എന്തുകൊണ്ട്?—പ്രവൃത്തികൾ 12:15.
പത്രൊസിനെ പ്രതിനിധാനം ചെയ്യുന്ന ഒരു ദൂത സന്ദേശവാഹകനാണ് വാതിൽക്കൽ വന്നിരിക്കുന്നതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചിരിക്കാം. നമുക്ക് ഈ ഭാഗത്തിന്റെ സന്ദർഭം നോക്കാം.
പത്രൊസിനെ അറസ്റ്റു ചെയ്തത് ഹെരോദാവാണ്. അദ്ദേഹമാകട്ടെ യാക്കോബിന്റെ ഘാതകനും. അതുകൊണ്ട്, പത്രൊസിനും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നു കരുതാൻ ശിഷ്യന്മാർക്ക് ഈടുറ്റ കാരണമുണ്ടായിരുന്നു. ചങ്ങലയിൽ ബന്ധിതനായി കാരാഗൃഹത്തിൽ ആയിരുന്ന പത്രൊസിനെ നന്നാലു ചേവകരുടെ നാലു കൂട്ടങ്ങളാണ് ഊഴമനുസരിച്ച് കാവൽ ചെയ്തുകൊണ്ടിരുന്നത്. അങ്ങനെയിരിക്കെ, ഒരു രാത്രി ഒരു ദൂതൻ അവനെ അത്ഭുതകരമായി വിടുവിച്ച് കാരാഗൃഹത്തിനു വെളിയിലിലേക്കു കൊണ്ടുപോയി. എന്താണു സംഭവിച്ചതെന്ന് പത്രൊസ് ഒടുവിൽ തിരിച്ചറിഞ്ഞു. അവൻ ഇപ്രകാരം പറഞ്ഞു: “കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നു . . . എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു.”—പ്രവൃത്തികൾ 12:1-11.
പത്രൊസ് ഉടൻതന്നെ യോഹന്നാൻ മർക്കൊസിന്റെ അമ്മയായ മറിയയുടെ വീട്ടിലേക്കാണു പോയത്. അവിടെ നിരവധി ശിഷ്യർ കൂടിവന്നിട്ടുണ്ടായിരുന്നു. പടിപ്പുരവാതിൽക്കൽ ആരോ മുട്ടുന്നതുകേട്ട് രോദാ എന്ന ദാസി അതാരാണെന്നു നോക്കാൻ ചെന്നു. പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞ അവൾ, അവനു വാതിൽ തുറന്നുകൊടുക്കുകപോലും ചെയ്യാതെ, അക്കാര്യം മറ്റുള്ളവരെ അറിയിക്കാനായി ഓടി! വാതിൽക്കൽ നിൽക്കുന്നതു പത്രൊസാണെന്ന് അവർക്ക് ആദ്യം വിശ്വസിക്കാനായില്ല. മറിച്ച്, അത് ‘അവന്റെ ദൂതൻ ആണെന്ന്’ അവർ തെറ്റിദ്ധരിച്ചു.—പ്രവൃത്തികൾ 12:12-15.
വധിക്കപ്പെട്ട പത്രൊസിന്റെ ദേഹവിയോഗം പ്രാപിച്ച ആത്മാവാണ് വാതിൽക്കൽ വന്നിരിക്കുന്നതെന്നാണോ ശിഷ്യർ വിശ്വസിച്ചത്? അതിന് യാതൊരു സാധ്യതയുമില്ല. കാരണം, മരിച്ചവർ “ഒന്നും അറിയുന്നില്ല” എന്ന തിരുവെഴുത്തു സത്യം യേശുവിന്റെ അനുഗാമികൾക്ക് അറിയാമായിരുന്നു. (സഭാപ്രസംഗി 9:5, 10) ആ സ്ഥിതിക്ക്, അത് “അവന്റെ ദൂതൻ ആകുന്നു” എന്നു പറഞ്ഞപ്പോൾ അവർ എന്താണ് അർഥമാക്കിയത്?
ചരിത്രത്തിലുടനീളം ദൂതന്മാർ ദൈവജനത്തിന് വ്യക്തിപരമായ സഹായം നൽകിയിട്ടുള്ളതായി യേശുവിന്റെ ശിഷ്യർക്ക് അറിയാമായിരുന്നു. ഉദാഹരണത്തിന്, തന്നെ ‘സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതനെ’ക്കുറിച്ച് യാക്കോബ് സംസാരിക്കുകയുണ്ടായി. (ഉല്പത്തി 48:16) തന്റെ അനുഗാമികൾക്കിടയിലെ ഒരു കുട്ടിയോടുള്ള ബന്ധത്തിൽ യേശു അവരോട് ഇപ്രകാരം പറഞ്ഞു: “ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—മത്തായി 18:10, 11.
രസകരമെന്നു പറയട്ടെ, ആഗെലോസ് (“എയ്ഞ്ചൽ”) എന്ന പദത്തെ യംഗ്സ് ലിറ്ററൽ ട്രാൻസ്ലേഷൻ ഓഫ് ദ ഹോളി ബൈബിൾ “സന്ദേശവാഹകൻ” എന്നാണു പരിഭാഷ ചെയ്യുന്നത്. ദൈവത്തിന്റെ ഓരോ ദാസനുംവേണ്ടി ഒരു ദൂതൻ, ഫലത്തിൽ ഒരു “കാവൽ മാലാഖ” ഉള്ളതായി ചില യഹൂദന്മാർ വിശ്വസിച്ചിരുന്നെന്നു തോന്നുന്നു. ഈ ആശയം ദൈവവചനം നേരിട്ട് പഠിപ്പിക്കുന്നില്ല. എങ്കിലും, അത് “അവന്റെ ദൂതൻ ആകുന്നു” എന്നു പറഞ്ഞപ്പോൾ, വാതിൽക്കൽ പത്രൊസിനെ പ്രതിനിധാനം ചെയ്യുന്ന ദൂതസന്ദേശവാഹകനാണെന്ന് അവർ കരുതുകയായിരുന്നു.