വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w06 1/1 പേ. 31
  • ധ്യാനം ധന്യമാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധ്യാനം ധന്യമാക്കുക
  • 2006 വീക്ഷാഗോപുരം
2006 വീക്ഷാഗോപുരം
w06 1/1 പേ. 31

ധ്യാനം ധന്യമാക്കുക

ചിലർക്ക്‌ ധ്യാനം എന്നതു തങ്ങളുടെ പ്രാപ്‌തിക്കതീതമായ ഒരു സംഗതിയായി തോന്നിയേക്കാം. അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷമംപിടിച്ച ഒരു സംരംഭമായി അവർ അതിനെ വീക്ഷിച്ചേക്കാം. ധ്യാനിക്കാതിരിക്കുന്നതിൽ അവർക്കു കുറ്റബോധം തോന്നുകയും ചെയ്‌തേക്കാം, പ്രത്യേകിച്ച്‌ അതിന്റെ പ്രാധാന്യത്തെക്കുറിച്ചു വായിക്കുമ്പോൾ. (ഫിലിപ്പിയർ 4:8) എന്നാൽ യഹോവയെയും ഉദാത്തമായ അവന്റെ ഗുണങ്ങളെയും അവൻ കൈവരിച്ചിരിക്കുന്ന അപാരമായ നേട്ടങ്ങളെയും അവന്റെ നിബന്ധനകളെയും മഹത്തായ അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ചു നാം പഠിച്ചിരിക്കുന്ന സത്യങ്ങളെക്കുറിച്ചു നിശ്ശബ്ദമായി വിചിന്തനം ചെയ്യുന്നതു വളരെ സന്തോഷകരമായിരിക്കാൻ കഴിയും, വാസ്‌തവത്തിൽ അത്‌ അങ്ങനെ ആയിരിക്കുകയും വേണം. എന്തുകൊണ്ട്‌?

അഖിലാണ്ഡത്തിന്റെ പരമോന്നത ഭരണാധികാരിയായ യഹോവയാം ദൈവം മഹത്തായ തന്റെ ഉദ്ദേശ്യത്തിന്റെ നിവൃത്തി ലക്ഷ്യമാക്കി പ്രവർത്തിക്കവേ കർമനിരതനാണ്‌. (യോഹന്നാൻ 5:17) എങ്കിൽപ്പോലും, തന്റെ ഓരോ ആരാധകന്റെയും നിശ്ശബ്ദ ചിന്തകൾക്ക്‌ അവൻ ശ്രദ്ധകൊടുക്കുന്നു. ഇതു തിരിച്ചറിഞ്ഞ സങ്കീർത്തനക്കാരനായ ദാവീദ്‌ ദിവ്യനിശ്വസ്‌തതയിൽ ഇങ്ങനെ എഴുതി: “യഹോവേ, നീ എന്നെ ശോധന ചെയ്‌തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്‌ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.”​—⁠സങ്കീർത്തനം 139:1, 2.

സങ്കീർത്തനക്കാരന്റെ ആ വാക്കുകൾ ആദ്യം ഒരുവനെ നിരുത്സാഹപ്പെടുത്തിയേക്കാം. ‘ദൈവം “ദൂരത്തു” വസിക്കുന്നെങ്കിലും, എന്റെ മനസ്സിലേക്കു കടന്നുവരുന്ന മോശമായ എല്ലാ ചിന്തകളും അവൻ ശ്രദ്ധിക്കുന്നു’ എന്ന്‌ അദ്ദേഹം വിചാരിച്ചേക്കാം. തീർച്ചയായും അത്തരം തിരിച്ചറിവു നമുക്കു പ്രയോജനം ചെയ്യും. തെറ്റായ ചിന്തകൾക്കെതിരെ പോരാടാനും അത്തരം ചിന്തകൾ ഉടലെടുക്കുമ്പോൾ യേശുവിന്റെ മറുവിലയാഗത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദൈവം നമ്മോടു ക്ഷമിക്കുമെന്ന ഉറപ്പോടെ അവ ഏറ്റുപറയാനും അതു നമ്മെ സഹായിച്ചേക്കാം. (1 യോഹന്നാൻ 1:8, 9; 2:1, 2) എന്നാൽ അതേസമയം, യഹോവ തന്റെ ആരാധകരെ അനുകൂലമായ ഒരു വിധത്തിൽ പരിശോധിക്കുന്നെന്നു നാം ഓർക്കണം. അവനെക്കുറിച്ചു നാം വിലമതിപ്പോടെ ചിന്തിക്കുമ്പോൾ അവൻ അതു ശ്രദ്ധിക്കുന്നു.

“ലക്ഷക്കണക്കിനു വരുന്ന തന്റെ ആരാധകരുടെ സകല സത്‌ചിന്തകളും യഹോവ യഥാർഥത്തിൽ ശ്രദ്ധിക്കുന്നുണ്ടോ?” എന്നു നിങ്ങൾ ചോദിച്ചേക്കാം. നിശ്ചയമായും. ചെറിയ കുരികിലുകളെപ്പോലും യഹോവ ശ്രദ്ധിക്കുന്നെന്നു പറഞ്ഞുകൊണ്ട്‌ അവനു നമ്മുടെ കാര്യത്തിലുള്ള താത്‌പര്യം യേശു ഊന്നിപ്പറഞ്ഞു. തുടർന്ന്‌ “ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ” ആണെന്ന്‌ അവൻ കൂട്ടിച്ചേർത്തു. (ലൂക്കൊസ്‌ 12:6, 7) കുരികിലുകൾക്ക്‌ യഹോവയെക്കുറിച്ചു ചിന്തിക്കാനുള്ള കഴിവില്ല. എന്നിട്ടും അവയെക്കുറിച്ച്‌ അവൻ കരുതലുള്ളവനാണെങ്കിൽ, നമുക്കായി അവൻ എത്രമാത്രം കരുതുകയും നാമോരുരുത്തരുടെയും ദൈവിക ചിന്തകളിൽ എത്ര സന്തോഷിക്കുകയും ചെയ്യുന്നുണ്ടാകണം! അതേ, ‘എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ ഹൃദയത്തിലെ ധ്യാനം നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ’ എന്ന്‌ ദാവീദിനെപ്പോലെ പൂർണബോധ്യത്തോടെ നമുക്കു പ്രാർഥിക്കാൻ കഴിയും.​—⁠സങ്കീർത്തനം 19:14.

തന്റെ വിശ്വസ്‌ത ആരാധകർ ധ്യാനിക്കുമ്പോൾ യഹോവ നിശ്ചയമായും ശ്രദ്ധിക്കുന്നു എന്നതിനുള്ള കൂടുതലായ തെളിവ്‌ മലാഖി പ്രവാചകന്റെ നിശ്വസ്‌ത വാക്കുകളിൽ കാണപ്പെടുന്നു. നമ്മുടെ കാലത്തെക്കുറിച്ച്‌ അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്‌മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്‌മരണപുസ്‌തകം എഴുതിവെച്ചിരിക്കുന്നു.” (മലാഖി 3:16) നാം യഹോവയെക്കുറിച്ചു ചിന്തിക്കുമ്പോൾ അവൻ അതിനു “ശ്രദ്ധ” കൊടുക്കുന്നുവെന്ന്‌ ഓർത്തിരിക്കുന്നത്‌ അത്തരം ധ്യാനം ധന്യമാക്കാൻ അഥവാ സന്തോഷപ്രദമാക്കാൻ തീർച്ചയായും സഹായിക്കും. അതുകൊണ്ട്‌ “ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും” എന്നെഴുതിയ സങ്കീർത്തനക്കാരനെപ്പോലെ നമുക്കു പ്രവർത്തിക്കാം.​—⁠സങ്കീർത്തനം 77:⁠12.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക