“ഞങ്ങളുടെ ഒരു ഫോട്ടോ എടുക്കാമോ?”
ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ രണ്ടാം ദിവസം വൈകുന്നേരം, കെരെറ്റാരോ നഗരം ഒന്നു ചുറ്റിക്കാണാൻ ഇറങ്ങിയതായിരുന്നു മെക്സിക്കോ ബെഥേലിൽ സേവിക്കുന്ന ഹോസ്വേ. അങ്ങനെ കാഴ്ചകൾ കണ്ടു നടക്കുമ്പോഴാണ്, കൊളംബിയയിൽനിന്നുള്ള ടൂറിസ്റ്റുകളായ ഹാവ്യെറും ഭാര്യ മാരുവും തങ്ങളുടെ ഒരു ഫോട്ടോ എടുക്കാമോ എന്ന അഭ്യർഥനയുമായി അദ്ദേഹത്തെ സമീപിക്കുന്നത്. ഹോസ്വേയുടെയും സാക്ഷികളായ സുഹൃത്തുക്കളുടെയും വസ്ത്രധാരണവും കൺവെൻഷൻ ബാഡ്ജും കണ്ടപ്പോൾ, അവർ ഏതോ ബിരുദദാന ചടങ്ങിൽ പങ്കെടുത്തിട്ട് വരുകയാണെന്നാണ് ആ ദമ്പതികൾ കരുതിയത്. അവർ അക്കാര്യം അവരോടു ചോദിക്കുകയും ചെയ്തു. തങ്ങൾ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതാണെന്നു പറഞ്ഞ ഹോസ്വേ, ഞായറാഴ്ചത്തെ പരിപാടികൾ കേൾക്കാൻ ആ ദമ്പതികളെ ക്ഷണിച്ചു.
അത്രയും വിശിഷ്ടമായൊരു ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയ വസ്ത്രങ്ങളൊന്നും കരുതിയിട്ടില്ലായിരുന്നതുകൊണ്ട് ക്ഷണം സ്വീകരിക്കാൻ അവർക്ക് വൈമനസ്യം തോന്നി. എങ്കിലും, ഹോസ്വേ തന്റെ പേരും സേവിക്കുന്ന ബ്രാഞ്ചിന്റെ ടെലിഫോൺ നമ്പറും അവർക്ക് കൊടുത്തു.
നാലുമാസത്തിനുശേഷം ഹോസ്വേക്ക് ഒരു ഫോൺകോൾ ലഭിച്ചു. ഹാവ്യെറായിരുന്നു അത്! അദ്ദേഹവും ഭാര്യയും ആ കൺവെൻഷനിൽ സംബന്ധിച്ചിരുന്നത്രേ! യഹോവയുടെ സാക്ഷികളിൽ ആരെങ്കിലും മെക്സിക്കോ സിറ്റിയിലെ അവരുടെ താമസസ്ഥലത്തു ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അധികം വൈകാതെ ഹാവ്യെറും ഭാര്യയും സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാനും യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. പത്തുമാസത്തിനുശേഷം അവർ പ്രസാധകരായി. പിന്നീട്, കാനഡയിലെ ടൊറന്റോയിലേക്കു താമസം മാറേണ്ടിവന്നെങ്കിലും അവർ ആത്മീയമായി പുരോഗമിക്കുകയും സ്നാനമേൽക്കുകയും ചെയ്തു.
സത്യം സ്വീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചത് എന്താണ് എന്നതിനെക്കുറിച്ച് മറ്റൊരവസരത്തിൽ ഹാവ്യെർ ഹോസ്വേക്ക് എഴുതുകയുണ്ടായി: “കൺവെൻഷന് ഹാജരാകുന്നതിനുമുമ്പുതന്നെ, ജീവിതത്തിൽ ദൈവിക മാർഗദർശനത്തിന്റെ ആവശ്യം ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. നിങ്ങളുടെ വസ്ത്രധാരണം കണ്ടപ്പോൾ നിങ്ങൾ ഏതോ പ്രത്യേക പരിപാടി കഴിഞ്ഞ് വരുകയാണെന്നാണ് ഞങ്ങൾ കരുതിയത്. കൺവെൻഷൻ സ്ഥലത്ത് എത്തിയ ഞങ്ങൾക്ക് ഹാർദമായ സ്വീകരണമാണ് ലഭിച്ചത്. അവിടെയുള്ളവർ ഞങ്ങൾക്ക് സ്നേഹപൂർവം ഇരിപ്പിടം കാണിച്ചുതന്നു, ബൈബിൾ എടുത്തുനോക്കാൻ ഞങ്ങളെ സഹായിച്ചു. സാക്ഷികളുടെ നല്ല പെരുമാറ്റവും ഞങ്ങളെ ആകർഷിച്ചു. ഞങ്ങളുടെ വസ്ത്രധാരണം അവർ പ്രശ്നമാക്കിയതേയില്ല.”
സഭാപ്രസംഗി 11:6-ൽ ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം എഴുതി: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.” ഈ വാക്കുകളുടെ സത്യതയാണ് ഹോസ്വേയുടെ കാര്യത്തിൽ നാം കണ്ടത്! അടുത്തുവരുന്ന ഒരു കൺവെൻഷനെക്കുറിച്ചോ നടക്കാനിരിക്കുന്ന ഒരു പരസ്യപ്രസംഗത്തെക്കുറിച്ചോ മറ്റുള്ളവരോടു പറയാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യസത്യത്തിന്റെ വിത്തു വിതയ്ക്കാൻ നിങ്ങൾക്കാകുമോ? ഹാവ്യെറെയും മാരുവിനെയും പോലെ, ദിവ്യമാർഗദർശനത്തിനുവേണ്ടി ദാഹിക്കുന്നവരെ സഹായിക്കാൻ യഹോവ നിങ്ങളെ ഉപയോഗിച്ചേക്കാം.—യെശ. 55:1.
[32-ാം പേജിലെ ചിത്രം]
ഇടത്തുനിന്ന്: അലഹാൻഡ്രോ വോഗ്ലിൻ, മാരു പെനാഡ, അലഹാൻഡ്രോ പെനാഡ, ഹാവ്യെർ പെനാഡ, ഹോസ്വേ റാമെറെസ് എന്നിവർ മെക്സിക്കോ ബ്രാഞ്ചിൽ