മീററിംഗുകൾ കൃത്യസമയത്ത് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക
1 വയൽ സേവനത്തിനുവേണ്ടിയുളള യോഗങ്ങൾ ഉൾപ്പെടെ എല്ലാ സഭാമീററിംഗുകളും കൃത്യസമയത്തു തുടങ്ങുകയും അവസാനിപ്പിക്കുകയും വേണം. എന്തുകൊണ്ട്? സമയം പാലിക്കുന്നത് ക്രമത്തെ പ്രതിഫലിപ്പിക്കുകയും മീററിംഗുകളിൽ ഹാജരാകുകയും പങ്കെടുക്കുകയും ചെയ്യുന്ന എല്ലാവരോടും പരിഗണന പ്രകടമാക്കുകയും ചെയ്യുന്നു. (സഭാ. 3:17ബി; 1 കൊരി. 14:33) മീററിംഗുകൾ കൃത്യസമയത്തു തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് ഉറപ്പുവരുത്തുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങളോട് പററിനിന്നുകൊണ്ട് നമുക്ക് പരിഗണന പ്രകടമാക്കാൻ കഴിയും.
2 മററുളളവരോട് സംസാരിക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ നിർവഹിക്കുന്നതിനും പ്രാരംഭ ഗീതത്തിലും പ്രാർത്ഥനയിലും പങ്കെടുക്കുന്നതിനും ആവശ്യമായത്ര നേരത്തെ മീററിംഗിന് എത്തിച്ചേരുന്നതിന് നാം എല്ലായ്പ്പോഴും കഠിനശ്രമം ചെയ്യണം. സാധാരണയായി ഗീതത്തിനും പ്രാർത്ഥനക്കുംവേണ്ടി അഞ്ചുമിനിററ് സമയം അനുവദിക്കപ്പെട്ടിരിക്കുന്നു. പ്രാർത്ഥനയിൽ സഭയെ പ്രതിനിധീകരിക്കുന്നവർ മീററിംഗിന്റെ ഉദ്ദേശ്യം മനസ്സിൽവെക്കുകയും പ്രാരംഭത്തിലെയും സമാപനത്തിലെയും പ്രാർത്ഥനകളിലെ വാക്കുകളിൽ അത് പ്രതിഫലിപ്പിക്കയും ചെയ്യണം. അത്തരം പ്രാർത്ഥനകൾ ദീർഘമായിരിക്കേണ്ടതില്ല.
3 പരസ്യയോഗം: പരസ്യപ്രസംഗങ്ങൾ 45 മിനിററായി പരിമിതപ്പെടുത്തിയിരിക്കുന്നു. അനുവദിക്കപ്പെട്ടിരിക്കുന്ന സമയം അതിക്രമിക്കുന്നത് തുടർന്നുവരുന്ന വീക്ഷാഗോപുര അദ്ധ്യയനത്തെ ബാധിക്കും. ഈ രണ്ടു മീററിംഗുകളും ഗീതങ്ങളും പ്രാർത്ഥനകളും ഉൾപ്പെടെ രണ്ടു മണിക്കൂർകൊണ്ട് തീർക്കണം. പരസ്യപ്രസംഗകർ സൊസൈററിയുടെ ബാഹ്യരേഖയിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തോട് പററിനിൽക്കണം, പ്രസംഗത്തിൽ ആശംസാസന്ദേശങ്ങൾ പോലുളള ബന്ധമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്താതിരിക്കയുംവേണം. ഒരു പ്രസംഗകന് രാജ്യഹോളിന്റെ സ്ഥാനം അപരിചിതമാണെങ്കിൽ അയാൾ ദിശയും യാത്രക്കുവേണ്ടിവരുന്ന ഉദ്ദേശസമയവും സംബന്ധിച്ച് ആതിഥേയ സഭയിൽ തിരക്കണം.
4 “വീക്ഷോഗോപുര” അദ്ധ്യയനം: എല്ലാ ഖണ്ഡികകളും വായിക്കുന്നതും പുനരവലോകന ചോദ്യങ്ങൾ പരിചിന്തിക്കുന്നതും ഉൾപ്പെടെ വീക്ഷാഗോപുര അദ്ധ്യയനത്തിന് ഒരു മണിക്കൂർ നീക്കിവെച്ചിരിക്കുന്നു. നിർവാഹകന്റെ ഹ്രസ്വമായ, കുറിക്കൊളളുന്ന ആമുഖവാക്കുകൾ താൽപ്പര്യം ഉണർത്തുകയും പാഠത്തിലേക്കു നയിക്കുകയും ചെയ്യണം. അദ്ധ്യയന സമയത്തെ അയാളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പരിമിതമായിരിക്കണം. പഠനഭാഗം സമയപ്രകാരം വിഭജിക്കുന്നതിനാൽ നിർവാഹകൻ പാഠത്തിന്റെ ആദ്യപകുതിയിൽ അമിതമായി സമയം ചെലവഴിക്കുന്നതിനെയും പിന്നീട് അവസാനപകുതിയിൽ തിരക്കിട്ടുനീങ്ങുന്നതിനെയും ഒഴിവാക്കുന്നതിന് സഹായിക്കും.
5 ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂൾ: ഇത് 45 മിനിററു സമയത്തെ ഒരു മീററിംഗാണ്. പ്രബോധനപ്രസംഗവും ബൈബിൾവായനയിൽ നിന്നുളള വിശേഷാശയങ്ങളും സമയം കഴിയുമ്പോൾ നിർത്തിക്കുന്നില്ലെങ്കിലും ഈ ഭാഗങ്ങൾ നിയമിക്കപ്പെടുന്ന സഹോദരൻമാർ തങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്തിനുളളിൽ നിൽക്കണം. ഇപ്രകാരം ചെയ്യുന്നില്ലെങ്കിൽ സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കണം. സ്ക്കൂൾമേൽവിചാരകന്റെ ബുദ്ധിയുപദേശവും അഭിപ്രായങ്ങളും നിർദ്ദിഷ്ട സമയത്തിനുളളിൽ നിൽക്കണം. എല്ലാ വിദ്യാർത്ഥികളും പ്ലാററ്ഫോറത്തിനടുത്ത് ഇരിക്കുകയും ഓരോരുത്തരും തങ്ങളുടെ പ്രസംഗം നിയമിക്കപ്പെട്ട സമയം തീരുമ്പോൾ കൃത്യമായി നിർത്തുകയുമാണെങ്കിൽ സമയം പാലിക്കാൻ കഴിയും.—1991ലേക്കുളള ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂൾ പട്ടിക കാണുക.
6 സേവനയോഗം: ഇതും ഒരു 45 മിനിററ് യോഗമാണ്. ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂളും ഗീതങ്ങളും പ്രാർത്ഥനകളും ഉൾപ്പെടെ മുഴു പരിപാടിയും ഒരു മണിക്കൂർ നാൽപ്പത്തിയഞ്ചു മിനിററിൽ കൂടരുത്. സേവനയോഗത്തിൽ പരിപാടിയുളള സഹോദരൻമാർ നിയമിക്കപ്പെട്ടരിക്കുന്ന സമയത്തോട് പററിനിൽക്കണം. ചോദ്യോത്തരരൂപത്തിൽ നിർവഹിക്കേണ്ട ഭാഗങ്ങൾക്ക് ഒരു ഹ്രസ്വമായ മുഖവുര മതിയാകും. വിപുലമായ ആമുഖ വിവരങ്ങൾ കൂട്ടിച്ചേർക്കേണ്ടയാവശ്യമില്ല. പ്രകടനങ്ങൾ നന്നായി റിഹേഴ്സ് ചെയ്തിരിക്കണം, ആ ഭാഗത്തിനുവേണ്ടി നിയമിക്കപ്പെട്ടിരിക്കുന്ന സമയം നന്നായി പ്രയോജനപ്പെടത്തുന്നതിന് പങ്കെടുക്കുന്നവർ തയ്യാറായി തക്കസ്ഥാനത്ത് ഉണ്ടായിരിക്കയും വേണം.
7 സഭാപുസ്തകാദ്ധ്യയനം: ഇത് പ്രാരംഭ, സമാപന പ്രാർത്ഥനകൾ ഉൾപ്പെടെ ഒരു മണിക്കൂർ നേരത്തെ ഒരു മീററിംഗാണ്. എല്ലാ ഖണ്ഡികകളും വായിക്കണം. മീററിംഗ് കൃത്യസമയത്ത് അവസാനിക്കുന്നതിന് പാഠത്തിന്റെ അവസാനഭാഗത്ത് തിരക്കുപിടിക്കുന്നതും അല്ലെങ്കിൽ വളരെ നേരത്തെ തീരുന്നതും ഒഴിവാക്കാൻ നിർവാഹകൻ പഠനഭാഗം വിഭജിക്കും. ഓരോ ഖണ്ഡികക്കും എത്ര സമയം വീതം എടുക്കുന്നു എന്നതു സംബന്ധിച്ച് നിർവാഹകൻ വിവേചനയുളളവനായിരിക്കേണ്ടയാവശ്യമുണ്ട്. മുഖ്യ ആശയങ്ങൾ വ്യക്തമായി മനസ്സിലാക്കണം. നിർവാഹകന്റെ പഠിപ്പിക്കൽകല ഈ സംഗതിയിലുളള ഏതൊരു വെല്ലുവിളിയെയും നേരിടുന്നതിന് അയാളെ പ്രാപ്തനാക്കും.—തീത്തോ. 1:9.
8 വയൽസേവനത്തിനുവേണ്ടയുളള മീററിംഗുകൾ: ഇവ പ്രദേശനിയമനം കൊടുക്കലും സമാപനപ്രാർത്ഥനയും ഉൾപ്പെടെ 15 മിനിററിൽ കവിയരുത്. സേവനത്തിന് പോകുന്നവർ തങ്ങളുടെ വയൽസേവനപ്രവർത്തനം കഴിയുന്നത്ര വേഗം തുടങ്ങാൻ ആഗ്രഹിക്കുന്നു. നിർവാഹകൻ ഒരു വലിയ കൂട്ടം ഹാജരാകുന്നതുവരെ താമസിപ്പിക്കാതെ കൃത്യ സമയത്ത് മീററിംഗ് ആരംഭിക്കും. കൂടാതെ പ്രദേശനിയമനങ്ങൾ കൊടുക്കുകയും പ്രാർത്ഥനയോടെ മീററിംഗ് ഉപസംഹരിപ്പിക്കുകയും ചെയ്തു കഴിഞ്ഞാൽ കൂട്ടത്തിന് സത്വരം വയലിലേക്ക് നീങ്ങാൻ കഴിയും. ഇത് സന്നിഹിതരായിരുന്നേക്കാവുന്ന പയനിയർമാർക്ക് പ്രത്യേകാൽ പ്രധാനമാണ്.
9 നമുക്കെല്ലാം മീററിംഗുകൾ കൃത്യമായി തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതിൽ നിന്ന് പ്രയോജനമനുഭവിക്കാൻ കഴിയും. ഒരു പ്രത്യേക സമയത്ത് തങ്ങളെ വീട്ടിൽ പ്രതീക്ഷിക്കുന്ന അവിശ്വാസികളായ ഇണകളുളളവർ ഇത് വിശേഷാൽ വിലമതിക്കും. ഭിന്നിച്ച കുടുംബങ്ങളിൽനിന്നുളളവർ മീററിംഗ് സ്ഥലത്തേക്കും തിരിച്ചുമുളള യാത്രാസൗകര്യങ്ങൾ ക്രമീകരിക്കുമ്പോഴും തങ്ങൾ വീട്ടിൽ മടങ്ങി ചെല്ലുന്ന സമയം പറയുമ്പോഴും സഹവാസത്തിനുവേണ്ടിയും സാഹിത്യം എടുക്കുന്നതിനുവേണ്ടിയും മററും മീററിംഗിനുമുമ്പും പിമ്പും ആവശ്യമായിവരുന്ന സമയവും കണക്കിലെടുക്കുന്നത് ഉചിതമാണ്. കൃത്യസമയത്ത് മീററിംഗുകൾ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത്, കാര്യങ്ങൾ “യോഗ്യമായും ക്രമീകൃതമായും” ചെയ്യുന്നതിന് സംഭാവനചെയ്യുമെന്നത് അവിതർക്കിതമാണ്.—1 കൊരി. 14:40.