ചോദ്യപ്പെട്ടി
◼ സ്നാപനങ്ങൾക്ക് ഹാജരാവുന്നവർക്ക് എങ്ങനെ സന്തോഷം പ്രകടമാക്കാൻ കഴിയും?
സ്നാപനം സന്തോഷത്തിന്റെ ഒരു സന്ദർഭമാണ്. പുതിയവർ പരസ്യമായി തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് യഹോവയുടെ പക്ഷം ചേർന്നുകൊണ്ട് നിലപാടെടുക്കുന്നത് കാണുന്നതിൽ നാം സന്തോഷിക്കുന്നു. (സങ്കീ. 40:8) ഇത് സ്വർഗ്ഗങ്ങളിൽ വലിയ സന്തോഷത്തിന് കാരണമാണെന്ന് യേശു പറഞ്ഞു. (ലൂക്കോ. 15:10) കുടുംബാംഗങ്ങളും സ്നാപനമേൽക്കുന്നവരുമായി അദ്ധ്യയനം നിർവഹിച്ച പ്രസാധകരും പുതിയവർ ഈ അവശ്യ പടി സ്വീകരിക്കുന്നതു കാണുന്നതിൽ വിശേഷാൽ സന്തുഷ്ടരാണ്. എന്നാൽ അത്തരം സന്തോഷം ഉചിതമായി എങ്ങനെ പ്രകടമാക്കാൻ കഴിയും?
യേശുവിന്റെ സ്നാപനം ഇന്നത്തെ ക്രിസ്തീയ സ്നാപനത്തിന് മാതൃക നൽകി. അത് അവൻ എടുക്കാൻ പോകുന്ന ഒരു ഗൗരവാവഹവും പവിത്രവുമായ പടിയായിരുന്നുവെന്ന് അവൻ വിലമതിച്ചു. അവൻ സ്നാപനമേററപ്പോൾ പ്രാർത്ഥിക്കയായിരുന്നു. (ലൂക്കോ. 3:21, 22) സ്നാപനം ധ്യാനത്തിനും സമചിത്തതയോടെയുളള ചിന്തക്കുമുളള ഒരു സമയമാണെന്ന് അവന് അറിയാമായിരുന്നു. അവന്റെ ശിഷ്യൻമാരും സ്നാപനത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞിരുന്നു. ക്രി. വ. 33-ലെ പെന്തെക്കൊസ്തു ദിവസം പരിശുദ്ധാത്മാവിന്റെ പകരലിനുശേഷം ഏകദേശം 3000 പേർ സ്നാപനമേററു. ആ സംഭവത്തിനു സാക്ഷ്യം വഹിച്ച ശിഷ്യൻമാരുടെ പ്രതികരണമെന്തായിരുന്നു? “അവർ അപ്പോസ്തലൻമാരുടെ ഉപദേശത്തിനും അന്യോന്യം പങ്കുവെക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാർത്ഥനക്കും തങ്ങളെത്തന്നെ അർപ്പിക്കുന്നതിൽ തുടർന്നു.” (പ്രവൃ. 2:41, 42) ശിഷ്യൻമാർ ആത്മീയകാര്യങ്ങൾ സംബന്ധിച്ച് ആശയപ്രകാശനം ചെയ്യുകയും അന്യോന്യം ആതിഥ്യം പങ്കിടുകയും ചെയ്തു.
ആധുനിക നാളുകളിലെ ക്രിസ്തീയ സമ്മേളനങ്ങൾ സ്നാപനങ്ങളാൽ പ്രദീപ്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യക്തികൾ യഹോവക്കുവേണ്ടി തങ്ങളുടെ നില കൈക്കൊളളുന്നതായി നാം കാണുമ്പോൾ കൈയടിയാലും അഭിനന്ദനത്താലും നമ്മുടെ സന്തോഷത്തെ പ്രകടിപ്പിക്കുന്നത് തീർച്ചയായും ഉചിതമാണ്. നേരേമറിച്ച് അനിയന്ത്രിതമായി ആർത്തുവിളിക്കുന്നതും വിസിലടിക്കുന്നതും തലക്കുമീതെ കൈവീശുന്നതും പേരുകൾ വിളിക്കുന്നതും അനുചിതമായിരിക്കും. അത്തരം പെരുമാററം വിശ്വാസത്തിന്റെ ഈ പ്രകടനത്തിന്റെ ഗൗരവത്തോടും വിശുദ്ധിയോടുമുളള വിലമതിപ്പിന്റെ കുറവ് കാണിക്കുന്നു. സ്നാപനമേററവർ കുളത്തിൽനിന്ന് കയറി വരുമ്പോൾ അവർക്ക് പുഷ്പങ്ങളും മററു സമ്മാനങ്ങളും കൊടുത്തുകൊണ്ട് മോടിപ്രകടിപ്പിക്കുന്നതിനുളള ഉചിതമായ ഒരു സമയവുമല്ല ഇത്. സ്നാപനം രക്ഷക്കുവേണ്ടിയുളള ക്രിസ്തീയ ഓട്ടത്തിന്റെ തുടക്കത്തെ കുറിക്കുന്നു. നമുക്ക് സന്തോഷിക്കുന്നതിനും സ്നാപനം തങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുന്ന യഹോവയോടുളള അടുത്ത ബന്ധം വിലമതിക്കുന്നതിന് സ്നാപനമേററവരെ സഹായിച്ചുകൊണ്ട് പ്രോത്സാഹകരായിരിക്കുന്നതിനും കഴിയും.
സ്നാപനസ്ഥലം വിനോദിക്കുന്നതിനും കളിക്കുന്നതിനും നീന്തുന്നതിനും അല്ലെങ്കിൽ ആ സന്ദർഭത്തിന്റെ ഗൗരവത്തിന്റെ വിലകുറക്കുന്ന മററ് പെരുമാററത്തിനുമുളള ഉചിതമായ സ്ഥാനമല്ല. നമ്മുടെ സന്തോഷം ഒരു അന്തസ്സായ വിധത്തിൽ പ്രകടിപ്പിക്കണം. നമ്മുടെ ക്രമവും ഗൗരവവും ഹാജരായിരിക്കുന്ന എല്ലാവരുടെയും സന്തോഷത്തിന് സംഭാവന ചെയ്യും.