എത്തിപ്പിടിക്കാനും യോഗ്യതപ്രാപിക്കാനും പുരുഷൻമാരെ സഹായിക്കൽ
1 ജൂലൈ 9-ഉം 10-ഉം തീയതികളിൽ ഇന്ത്യയിലെ എല്ലാ സഞ്ചാരമേൽവിചാരകൻമാരുമൊത്ത് ലൊണാവ്ലയിൽ ഒരു യോഗം നടത്തപ്പെട്ടു. ഈ സഹോദരൻമാരിൽ ഇരുപത്തിയാറു പേരും ബെഥേലിലെ സേവനഡിപ്പാർട്ടുമെൻറിൽ പ്രവർത്തിക്കുന്ന നാലു സഹോദരൻമാരും സംബന്ധിച്ചു. ഇന്ത്യയിലെ ബ്രാഞ്ച് കമ്മിററിയിൽ സേവിക്കുന്ന സഹോദരൻമാരായ മൂന്നുപേരും, ആസ്ട്രേലിയ ബ്രാഞ്ചിന്റെ കോ-ഓർഡിനേറററും ഈ വർഷം മെയ് മുതൽ ജൂലൈ വരെ മൂന്നു മാസത്തേക്ക് ഇവിടെ ഇടക്കാല ബ്രാഞ്ച് കമ്മിററി കോ-ഓർഡിനേറററും ആയി പ്രവർത്തിച്ച വി. മോറിററ്സ് സഹോദരനും ബോധകരായി സേവിച്ചു.
2 ചർച്ചചെയ്ത അനേകം വിഷയങ്ങളിൽ ഒന്ന് സഭകളിൽ കൂടുതലായ ഉത്തരവാദിത്തങ്ങൾക്കായി എത്തിപ്പിടിക്കാനും യോഗ്യത പ്രാപിക്കാനും സഹോദരൻമാരെ സഹായിക്കേണ്ടതിന്റെ ആവശ്യമായിരുന്നു. മനുഷ്യർ നടുകയും നനക്കുകയും ചെയ്ത വിത്തുകൾ ദൈവം വളരുമാറാക്കുന്നതു സംബന്ധിച്ച് പൗലോസ് 1 കൊരിന്ത്യർ 3:6-ൽ സംസാരിച്ചു. ഈ തിരുവെഴുത്ത് പ്രാഥമികമായി ശിഷ്യരാക്കൽവേലക്ക് ബാധകമാകുന്നുവെന്നിരിക്കെ അതേ തത്വം സഭക്കുളളിലും ബാധകമാണ്. ചെമ്മരിയാടുതുല്യരായ വ്യക്തികൾക്ക് യഹോവയുമായുളള ഒരു അംഗീകൃതബന്ധത്തിലേക്കു വരുന്നതിന് മനുഷ്യരുടെ സഹായവും യഹോവയുടെ ഭൗമികസ്ഥാപനത്തിന്റെ സഹായവും ആവശ്യമാണ്. അതേവിധത്തിൽതന്നെ, സഭയിലുളള സഹോദരൻമാർക്ക് സേവനപദവികളിലേക്ക് യോഗ്യത പ്രാപിക്കാൻ സഹായം ആവശ്യമാണ്.
3 നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ സംബന്ധിച്ച് ജാഗ്രത പുലർത്തുക: ഒരു പുരുഷൻ മേൽവിചാരകസ്ഥാനത്തിനായി എത്തിപ്പിടിക്കുന്നെങ്കിൽ, ഇത് ഒരു “ശ്ലാഘനീയമായ സ്ഥാനകാംക്ഷ”യാണ്. (1 തിമൊ. 3:1, ഫിലിപ്സ്) ഇപ്പോൾതന്നെ മൂപ്പൻമാരായി സേവിക്കുന്ന സഹോദരൻമാർ സഭയിലെ പുതിയവരും ചെറുപ്പക്കാരുമായ സഹോദരൻമാരിൽ സാദ്ധ്യതയുളളവരെ മനസ്സിലാക്കുകയും യോഗ്യത പ്രാപിക്കാൻ അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. അവർക്ക് കാത്തിരിക്കാനും ഒരു സഹായവും കൂടാതെ ചെറുപ്പക്കാരായ സഹോദരൻമാർ പുരോഗതി പ്രാപിക്കാൻ പ്രതീക്ഷിക്കാനും കഴിയില്ല. എത്തിപ്പിടിക്കാൻ അത്തരം സഹോദരൻമാരെ സഹായിക്കുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ സഭയിൽ കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
4 മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും യോഗ്യതകൾ പട്ടികപ്പെടുത്തിയശേഷം 1 തിമൊഥെയോസ് 3-ാം അദ്ധ്യായത്തിന്റെ 10-ാം വാക്യം “യോഗ്യത സംബന്ധിച്ച് പരിശോധിക്കപ്പെട്ട” പുരുഷൻമാരെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പറയുന്നു. ഇത് മൂപ്പൻമാർ വെറുതെ “കൂടിയിരുന്ന്” മററു സഹോദരൻമാരുടെ പെരുമാററം ചികഞ്ഞുനോക്കുന്നതിനെ അർത്ഥമാക്കുന്നില്ല. നല്ല നിലയിൽ പോകുന്ന എല്ലാ സഹോദരൻമാർക്കും വേല നിയമിച്ചുകൊടുക്കാൻ കഴിയും, അവർ മനഃസാക്ഷിപൂർവ്വം അതു ചെയ്യുന്നുവോയെന്നു കാണുന്നതിനുതന്നെ. വ്യക്തിപരമായ ലാക്കുകൾ വെക്കാൻ അവരെ സഹായിക്കാൻ കഴിയും: ഒരു ബൈബിളദ്ധ്യയനം നടത്തൽ, സഹായ പയനിയറിംഗ് അല്ലെങ്കിൽ നിരന്തര പയനിയറിംഗ്, മുഴുബൈബിളും വായിച്ചുതീർക്കൽ മുതലായവതന്നെ. അതിനുശേഷം മൂപ്പൻമാർക്ക് അവരുടെ പുരോഗതിയും “യോഗ്യതയും” പുനരവലോകനം ചെയ്യാൻ കഴിയും. സർക്കിട്ട് മേൽവിചാരകനുമൊത്തുളള തങ്ങളുടെ യോഗത്തിൽ, മൂപ്പൻമാർ സഭയിലെ മുതിർന്ന ഓരോ പുരുഷ അംഗത്തിന്റെയും കാര്യം പരിചിന്തിക്കണം, അയാൾ പദവികൾക്ക് യോഗ്യതയുളള ആളാണോ, അല്ലെങ്കിൽ അയാളെ എങ്ങനെ സഹായിക്കാൻ കഴിയും എന്ന് മനസ്സിലാക്കുന്നതിനുതന്നെ.
5 സഹോദരൻമാർ പുരോഗതി പ്രാപിക്കുമ്പോൾ ഒരു പരസ്യപ്രസംഗകനോ ശുശ്രൂഷാദാസനോ മൂപ്പനോ ആയിരിക്കുന്നതുപോലുളള പദവികളിൽനിന്ന് അവരെ അനാവശ്യമായി ഒഴിച്ചുനിർത്താതിരിക്കാൻ ശ്രദ്ധിക്കണം. മൂപ്പൻമാർ അവരുടെ യോഗ്യതകൾ പുനരവലോകനം ചെയ്യുമ്പോൾ അവർ പൂർണ്ണതയല്ല നോക്കുന്നത്, എന്തെന്നാൽ നമ്മിൽ ആരുംതന്നെ പൂർണ്ണരല്ല. (സങ്കീ. 130:3) ആ സഹോദരന്റെ ആകമാന ജീവിതരീതി തിരുവെഴുത്തുകളോടു ചേർച്ചയിലാണെന്നും അയാൾ ഏതു പദവിക്കായി പരിഗണിക്കപ്പെടുന്നുവോ അതിന് ആവശ്യമായിരിക്കുന്ന അനുഭവപരിചയവും യോഗ്യതകളും പ്രാപ്തികളും തരക്കേടില്ലാത്ത ഒരളവിൽ അയാൾക്കുണ്ടെന്നും കാണാനാണ് അവർ ആഗ്രഹിക്കുന്നത്. തീർച്ചയായും തിരുവെഴുത്തുപരമായ യോഗ്യതകൾ ഒരു വിധത്തിലും അവഗണിക്കപ്പെടണമെന്ന് ഇത് അർത്ഥമാക്കുന്നില്ല.
6 തങ്ങളുടെ ഇരുപതുകളുടെ ഒടുവിലുളളവരും കുറെ വർഷങ്ങളായി ശുശ്രൂഷാദാസൻമാരായി സേവിക്കുന്നവരും ആയ സഹോദരൻമാരെ മൂപ്പൻമാരായി ശുപാർശചെയ്യുന്നതിൽനിന്ന് അനാവശ്യമായി ഒഴിച്ചുനിർത്തരുത്. ചിലപ്പോൾ, ഒരു സഹോദരൻ ഒരു ശുശ്രൂഷാദാസനും പകരം മുപ്പനുമായി വർഷങ്ങളോളം വിശ്വസ്തമായി സേവിച്ചിട്ടുളളതായും ഗുരുതരമായ അയോഗ്യതയില്ലാത്തതായും എങ്കിലും അയാൾ ഒരിക്കലും ഒരു മൂപ്പനായി ശുപാർശ ചെയ്യപ്പെട്ടിട്ടില്ലാത്തതായും നാം കാണുന്നു. അത്തരം വ്യക്തികൾ വളരുന്നതു കാണാൻ നാം ആഗ്രഹിക്കുന്നു. വളർച്ചപ്രാപിക്കാൻ അവരെ സഹായിക്കുക. അവർക്ക് വർദ്ധിച്ച ഉത്തരവാദിത്തങ്ങൾ നൽകുക, അവർ അവ ന്യായമായ ഒരളവിൽ നിർവ്വഹിക്കുന്നെങ്കിൽ അവരെ കൂടുതലായ പദവികൾക്കായി ശുപാർശചെയ്യാൻ കഴിയും. സഭകളെ സേവിക്കുന്ന യോഗ്യതയുളള സഹോദരൻമാർ കൂടുതൽ ഉണ്ടായിരിക്കുന്നത് വർദ്ധനവും പ്രയോജനങ്ങളും മാത്രമേ കൈവരുത്തുകയുളളു, ക്രമത്തിൽ അത് യഹോവയുടെ നാമത്തിന് മഹത്വവും കൈവരുത്തും.—സങ്കീ. 107:32.