ദൈവഭവനത്തോടു വിലമതിപ്പു പ്രകടമാക്കുക
1 തന്റെ ഭവനത്തിൽ ക്രമമായി ഒന്നിച്ചുകൂടാൻ ബൈബിൾ കാലങ്ങളിൽ യഹോവ തന്റെ ജനത്തോടു കൽപ്പിക്കുകയുണ്ടായി. (ലേവ്യ. 23:2) ദൈവവചനത്തിൽ മനസ്സു പതിപ്പിക്കാൻ അവരെ സഹായിക്കുന്നതായിരുന്നു ഈ കൂടിവരവുകൾ. ധ്യാനത്തിനും സഹവാസത്തിനും യഹോവയുടെ നിയമത്തെക്കുറിച്ചുളള ചർച്ചയ്ക്കും അതിലൂടെ അവർക്കു സമയം ലഭിച്ചിരുന്നു. സമൃദ്ധമായ ആത്മീയ അനുഗ്രഹങ്ങൾ കൈവരുത്തിയ ദൈവചിന്തകളാൽ നിറഞ്ഞതായിത്തീർന്നു അവരുടെ മനസ്സുകൾ. ഇവ ശരിക്കും സന്തുഷ്ടമായ സന്ദർഭങ്ങളായിരുന്നു. ഐക്യത്തെയും ശുദ്ധാരാധനയെയും ഊട്ടിവളർത്തുന്നതായിരുന്നു ഈ ക്രമീകരണം. ഇന്നും ദൈവഭവനത്തിലെ കൂടിവരവുകൾക്ക് അതേ പ്രാധാന്യം തന്നെയാണുളളത്.
2 യോഗങ്ങളെ നാം വിലമതിക്കുന്നുവെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാനാവും? യോഗങ്ങളുടെ ഹാജരിൽ കുറവുണ്ടെന്നു ചില സഭാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വല്ലപ്പോഴുമൊക്കെ ഒരാളുടെ പ്രത്യേക സാഹചര്യം മുഖാന്തരം യോഗത്തിനു സംബന്ധിക്കാൻ കഴിയാതെവന്നേക്കാം. എന്നാൽ താരതമ്യേന നിസ്സാര പ്രശ്നങ്ങളെച്ചൊല്ലി നിങ്ങൾ ഇടയ്ക്കിടെ യോഗങ്ങൾ മുടക്കിയിട്ടുണ്ടോ? ഒരു ചെറിയ തലവേദനയുണ്ടെങ്കിൽ അല്ലെങ്കിൽ തിരക്കുപിടിച്ച ഒരു ദിവസത്തിനുശേഷം അൽപ്പം ക്ഷീണം തോന്നുന്നുവെങ്കിൽ, വീട്ടിൽത്തന്നെ ഇരുന്നേക്കാം എന്ന് അതോടെ ചിലർ തീരുമാനിക്കും. വിശ്വാസികളല്ലാത്ത ബന്ധുക്കൾ സന്ദർശിക്കുമ്പോൾ അവരെ സൽക്കരിക്കാനുളള കടമ തോന്നുന്നവരാണു മറെറാരു കൂട്ടർ. ഇഷ്ടപ്പെട്ട ഒരു ടിവി പരിപാടിയോ ചില കായികരംഗമോ കാണുവാൻ പോലും യോഗങ്ങൾ മുടക്കിയിട്ടുളളവരുമുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം പ്രകടമാക്കിയിരിക്കുന്ന വിലമതിപ്പിന്റെ അളവ് വ്യക്തമായും കോരഹ് പുത്രൻമാർ പ്രകടമാക്കിയ ഹൃദയംഗമമായ ഈ ആഗ്രഹത്തിനു തുല്യമാവില്ല: “എന്റെ ഉളളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു.”—സങ്കീ. 84:2.
3 യോഗങ്ങളിൽ ആത്മീയ ഭക്ഷണം സമൃദ്ധമായി നൽകപ്പെടുന്നുണ്ടെങ്കിലും സന്നിഹിതരായിരിക്കുന്ന ചിലർക്കു ശ്രദ്ധിക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അവർ ഒരുപക്ഷേ പകൽക്കിനാവു കാണുകയോ അനുദിന ഉത്കണ്ഠകളെ കുറിച്ചു ചിന്തിക്കുകയോ അല്ലെങ്കിൽ ഉറക്കം തൂങ്ങുകയോ ആയിരിക്കാം. ഹ്രസ്വമായ കുറിപ്പുകൾ എഴുതിയെടുക്കുന്നെങ്കിൽ, അതു ജാഗരൂകരായിരിക്കാനും പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തങ്ങളെ സഹായിക്കുമെന്ന് അനേകർ മനസ്സിലാക്കിയിട്ടുണ്ട്. എഴുതിയെടുക്കുമ്പോൾ വിവരങ്ങൾ മനസ്സിൽ പതിയും. കൂടാതെ, മുന്നമേയുളള തയ്യാറാകലും പൂർണ പ്രയോജനം നേടുന്നതിനുളള ഒരു സഹായമാണ്. നാം നന്നായി തയ്യാറാകുന്നെങ്കിൽ, “സാധാരണയിൽ കൂടുതൽ ശ്രദ്ധ നൽകാൻ” നമുക്കു സാധിക്കും.—എബ്രാ. 2:1, NW.
4 മുതിർന്നവർ മാത്രമല്ല കുട്ടികളും യോഗങ്ങളിൽനിന്നു ലഭിക്കുന്ന പ്രബോധനം ഉൾക്കൊളേളണ്ടതുണ്ട്. എന്തെങ്കിലും ചെയ്തുകൊണ്ട് ശാന്തരായി ഇരിക്കാൻവേണ്ടി മാതാപിതാക്കൾ കുട്ടികൾക്കു കളിപ്പാട്ടങ്ങളോ കാർട്ടൂൺ ചായമടിക്കൽ പുസ്തകങ്ങളോ കൊടുക്കുന്നെങ്കിൽ കുട്ടികൾ കാര്യമായിട്ടൊന്നും പഠിക്കാൻ പോകുന്നില്ല. കുട്ടികളെ കളിക്കാനോ സംസാരിക്കാനോ കരയാനോ അടുത്തിരിക്കുന്നവർക്കു ശല്യമാകുന്ന മറെറന്തെങ്കിലും ചെയ്യാനോ അനുവദിക്കുന്നതു ശരിയായ ശിക്ഷണത്തിന്റെ അഭാവമാണ്. തന്നോടൊപ്പം മാതാപിതാക്കളിൽ ആരെങ്കിലും എപ്പോഴും കൂടെവരുമെന്നു കുട്ടിക്ക് അറിയാമെങ്കിൽ യോഗത്തിനിടയിൽ കൂടെക്കൂടെയും അനാവശ്യമായും വെളളം കുടിക്കാൻ, അല്ലെങ്കിൽ കക്കൂസിൽ പോകാൻ എഴുന്നേൽക്കുന്നത് അവർ സാധാരണമായി കുറയ്ക്കും.
5 സമയനിഷ്ഠ പ്രധാനമാണ്: ചിലപ്പോഴൊക്കെ, ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ നിമിത്തം കൃത്യസമയത്ത് എത്തിച്ചേരാൻ നമുക്കു കഴിയാതെ പോയേക്കാം. എന്നാൽ നിരന്തരം വൈകിയെത്തുന്നത്—അതും പ്രാരംഭ ഗീതത്തിനും പ്രാർഥനയ്ക്കും ശേഷം—യോഗങ്ങളുടെ വിശുദ്ധമായ ഉദ്ദേശ്യത്തോടും മററുളളവരുടെ ശ്രദ്ധ പതറിക്കാതിരിക്കാനുളള നമ്മുടെ ഉത്തരവാദിത്വത്തോടുമുളള ആദരവില്ലായ്മയെയാണ് പ്രകടമാക്കുന്നത്. സഭായോഗങ്ങളിൽ നമ്മുടെ സഹോദരങ്ങളോടൊത്തു പാടുന്നതും പ്രാർഥിക്കുന്നതും നമ്മുടെ ആരാധനയുടെ ഭാഗമാണെന്ന കാര്യം ഓർക്കുക. വൈകിയെത്തുന്ന ശീലം സാധാരണമായി മോശമായ സംഘാടനത്തിന്റെയോ മുന്നമേ ആസൂത്രണം ചെയ്യാത്തതിന്റെയോ അനന്തരഫലമാണ്. സമയനിഷ്ഠ പാലിക്കുന്നതിലൂടെ നാം പ്രകടമാക്കുന്നതു നമുക്കു യോഗങ്ങളോട് ആദരവും വിലമതിപ്പുമുണ്ടെന്നാണ്.
6 നാൾ സമീപിക്കുന്തോറും ഒരുമിച്ചുകൂടേണ്ടതിന്റെ ആവശ്യം കൂടുതലായിത്തീരുന്നതേയുളളൂ. (എബ്രാ. 10:24, 25) ക്രമമായി സംബന്ധിച്ചുകൊണ്ടും മുൻകൂട്ടി തയ്യാറായിക്കൊണ്ടും സമയനിഷ്ഠ പാലിച്ചുകൊണ്ടും സാകൂതം ശ്രദ്ധിച്ചുകൊണ്ടും പിന്നെ, പഠിക്കുന്നതു ബാധകമാക്കിക്കൊണ്ടും നമുക്കു നമ്മുടെ വിലമതിപ്പു പ്രകടമാക്കാം.