നിങ്ങൾ ഏതുതരം വ്യക്തികളായിരിക്കണം?
1 മുഴു മനുഷ്യവർഗവും കണക്കുതീർപ്പിനുള്ള ഒരു കാലത്തെ സമീപിക്കുകയാണ്. ബൈബിൾ അതിനെ “യഹോവയുടെ ദിവസം” എന്നു വിളിക്കുന്നു. ദുഷ്ടന്മാർക്കെതിരെ ദിവ്യന്യായവിധി നടപ്പാക്കുന്ന സമയമാണത്; അതു നീതിമാന്മാരുടെ വിമോചനത്തിനുള്ള ഒരു സമയം കൂടെയാണ്. അന്നു ജീവിച്ചിരിക്കുന്ന എല്ലാവരും തങ്ങളുടെ ജീവിതം എപ്രകാരം നയിച്ചുവെന്നതു സംബന്ധിച്ചു കണക്കുതീർക്കാൻ ബാധ്യസ്ഥരായിരിക്കും. അതു മനസ്സിൽ പിടിച്ചുകൊണ്ട്, പത്രോസ് ചൂഴ്ന്നിറങ്ങുന്ന ഒരു ചോദ്യം ഉന്നയിക്കുന്നു: “നിങ്ങൾ ഏതുതരം വ്യക്തികളായിരിക്കണം”? ‘വിശുദ്ധമായ നടത്തയുടെയും ദൈവഭക്തിയോടുകൂടിയ പ്രവൃത്തികളുടെയും യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു പിടിക്കുന്നതിന്റെയും’ പ്രാധാന്യത്തെയും ‘കറയറ്റവരും കളങ്കമില്ലാത്തവരും സമാധാനമുള്ളവരും’ ആയിരിക്കുന്നതിന്റെ ആവശ്യത്തെയും കുറിച്ച് അവൻ ഊന്നിപ്പറഞ്ഞു.—2 പത്രോ. 3:11-14, NW.
2 വിശുദ്ധമായ നടത്തയും ദൈവഭക്തിയോടുകൂടിയ പ്രവൃത്തികളും: വിശുദ്ധമായ നടത്തയിൽ ബൈബിൾ തത്ത്വങ്ങളോടുള്ള ആദരവു പ്രകടിപ്പിക്കുന്ന മാത്യകാ യോഗ്യമായ വേലകൾ ഉൾപ്പെടുന്നു. (തീത്തൊ. 2:7, 8) സ്വാർഥമായ, ജഡിക താത്പര്യങ്ങളാൽ ഉത്പ്രേരിതമായ ലൗകിക നടത്ത ഒരു ക്രിസ്ത്യാനി ഒഴിവാക്കണം.—റോമ. 13:11, 14.
3 “ദൈവഭക്തിയെ, ദൈവത്തിന്റെ ആകർഷകമായ ഗുണങ്ങളെപ്രതി ഹൃദയംഗമമായ വിലമതിപ്പിൽനിന്ന് ഉരുത്തിരിയുന്ന, ദൈവവുമായുള്ള ഒരു വ്യക്തിപരമായ ബന്ധ”മായിട്ടാണു വർണിച്ചിരിക്കുന്നത്. ശുശ്രൂഷയിലുള്ള നമ്മുടെ തീക്ഷ്ണത നാം ഈ ഗുണം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മുന്തിയ മാർഗമാണ്. നമ്മുടെ പ്രസംഗവേലയുടെ ലക്ഷ്യം വെറും കടമ നിർവഹിക്കുന്നതിലും കവിഞ്ഞതാണ്; അത് യഹോവയോടുള്ള ആഴമായ സ്നേഹത്തിൽനിന്ന് ഉരുത്തിരിയുന്നു. (മർക്കൊ. 12:29,30) അത്തരം സ്നേഹത്താൽ പ്രേരിതരായ നാം നമ്മുടെ ശുശ്രൂഷയെ നമ്മുടെ ദൈവഭക്തിയുടെ അർഥവത്തായ പ്രകടനമായി വീക്ഷിക്കുന്നു. നമ്മുടെ ദൈവഭക്തി സുസ്ഥിരമായിരിക്കേണ്ടതിനാൽ പ്രസംഗവേലയിലുള്ള നമ്മുടെ പങ്കുപറ്റലും ക്രമമായുള്ളതായിരിക്കണം. അത് വാരത്തേക്കുള്ള പ്രവർത്തന പട്ടികയിൽ ഒരു അവിഭാജ്യ സ്ഥാനം വഹിക്കണം.—എബ്രാ. 13:15.
4 യഹോവയുടെ ദിവസം ‘മനസ്സിൽ അടുപ്പിച്ചു പിടിക്കുക’ എന്നതിന്റെ അർഥം നമ്മുടെ ദൈനംദിന ചിന്തകളിൽ അതിനെ പ്രഥമസ്ഥാനത്തു നിർത്തുക, ഒരിക്കലും അതിനെ അപ്രധാനമായി തള്ളാതിരിക്കുക എന്നാണ്. രാജ്യതാത്പര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഒന്നാമതു വയ്ക്കുക എന്നാണ് അതിന്റെ അർഥം.—മത്താ. 6:33.
5 കറയറ്റവരും കളങ്കമില്ലാത്തവരും സമാധാനമുള്ളവരും: മഹാപുരുഷാരത്തിന്റെ ഭാഗമെന്ന നിലയിൽ നമ്മൾ ‘കുഞ്ഞാടിന്റെ രക്തത്തിൽ നമ്മുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.’ (വെളി. 7:14) ‘കറയറ്റ’വരായിരിക്കുക എന്നതിന്റെ അർഥം, ലോകത്തിന്റെ മാലിന്യം തട്ടാത്തവിധം നമ്മുടെ ശുദ്ധമായ സമർപ്പിത ജീവിതത്തെ സ്ഥിരം കാത്തുകൊള്ളണം എന്നാണ്. ഭക്തിവിരുദ്ധമായ, ഭൗതിക അനുധാവനങ്ങൾ നമ്മുടെ ക്രിസ്തീയ വ്യക്തിത്വത്തെ വിരൂപമാക്കാൻ അനുവദിക്കാത്തപ്പോൾ നമ്മൾ “കളങ്കമില്ലാത്തവ”രായി നമ്മെത്തന്നെ കാത്തുകൊള്ളുകയാണ്. (യാക്കോ. 1:27; 1 യോഹ. 2:15-17) “ദൈവസമാധാനം” പ്രതിഫലിപ്പിച്ചുകൊണ്ടു മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിലെല്ലാം ‘സമാധാന’ത്തിലാണു കഴിയുന്നതെന്നു നമ്മൾ പ്രകടമാക്കുന്നു.—ഫിലി. 4:7; റോമ. 12:18; 14:19.
6 ലൗകിക കളങ്കത്തിനെതിരെ വിജയപ്രദമായി നാം ജാഗ്രതപാലിക്കുന്നെങ്കിൽ നമ്മൾ ഒരിക്കലും യഹോവ കുറ്റംവിധിച്ചിരിക്കുന്ന “ഈ ലോകത്തിന്നു അനുരൂപമാ”കുകയില്ല. മറിച്ച്, നമ്മുടെ നല്ല വേല “ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും” തമ്മിലുള്ള വ്യത്യാസം കാണാൻ മറ്റുള്ളവരെ സഹായിക്കും.—റോമ. 12:2; മലാ. 3:18.
7 വിശ്വസ്തനും വിവേകിയുമായ അടിമ മുഖാന്തരം യഹോവ നമുക്കു തുടർച്ചയായി നവോന്മേഷം പകരുന്ന ആത്മീയ ആഹാരം പ്രദാനംചെയ്യുന്നു. ഇത് ദൈവികഭക്തി പ്രകടിപ്പിക്കുന്നതിനുള്ള നമ്മുടെ ആഗ്രഹത്തെ തീവ്രമാക്കുന്നു. പുതിയ അനേകർ ഈ ആഗ്രഹം പങ്കിടുന്നു. ആഗസ്റ്റിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ അവരെ സഹായിച്ചുകൊണ്ടു നമുക്ക് ഒരനുഗ്രഹമായിരിക്കാൻ കഴിയും.
8 നമ്മൾ ‘നല്ല പ്രവൃത്തികളിൽ’ തുടരുമ്പോൾ യഹോവയുടെ നാമം മഹത്ത്വീകരിക്കപ്പെടുകയും സഭ ബലം പ്രാപിക്കുകയും മറ്റുള്ളവർ പ്രയോജനം നേടുകയും ചെയ്യുന്നു. (1 പത്രൊ. 2:12) നമ്മൾ എല്ലായ്പോഴും അത്തരക്കാരായിരിക്കട്ടെ.