എല്ലായ്പോഴും യഹോവയെ സ്തുതിക്കുക
1 എല്ലായ്പോഴും നമ്മുടെ ശ്രദ്ധയർഹിക്കുന്ന വളരെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ ഉണ്ട്. അവയിൽ ഭക്ഷണം കഴിക്കൽ, ശ്വസനം, ഉറക്കം എന്നിവ നാം ഉൾപ്പെടുത്തുന്നു. ശാരീരികമായി നമ്മെ നിലനിർത്തണമെങ്കിൽ ഇവയെല്ലാം അത്യാവശ്യമാണ്. “നമുക്ക് എല്ലായ്പോഴും ദൈവത്തിന് ഒരു സ്തുതിയാഗം അർപ്പിക്കാം” എന്നു പറഞ്ഞപ്പോൾ അപ്പോസ്തലനായ പൗലോസ് സുവാർത്താ പ്രസംഗത്തെ സമാനമായൊരു വിഭാഗത്തിൽപ്പെടുത്തി. (എബ്രാ. 13:15, NW) അതുകൊണ്ട് യഹോവയെ സ്തുതിക്കുന്നതും നമ്മുടെ നിരന്തര ശ്രദ്ധയർഹിക്കുന്നു. നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ എല്ലായ്പോഴും സ്തുതിക്കുന്നത് നാം ഓരോ ദിവസവും ചെയ്യാൻ ശ്രമിക്കേണ്ട ഒന്നാണ്.
2 യേശുവിന്റെ ശ്രദ്ധ വേറെ കാര്യങ്ങളിലേക്കു തിരിക്കാൻ മറ്റുള്ളവർ ശ്രമിച്ചപ്പോൾ, അവൻ ഇങ്ങനെ പ്രതികരിച്ചു: “ഞാൻ . . . ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു.” (ലൂക്കൊ. 4:43) അവന്റെ മൂന്നരവർഷക്കാലത്തെ ശൂശ്രൂഷയ്ക്കിടയിൽ, ഓരോ ദിവസവും അവൻ ചെയ്ത എല്ലാം ഏതെങ്കിലും തരത്തിൽ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിനോടു നേരിട്ടു ബന്ധപ്പെട്ടിരുന്നു. 1 കൊരിന്ത്യർ 9:16-ൽ പൗലോസ് പ്രകടിപ്പിച്ച ആശയത്തിന്റെ വീക്ഷണത്തിൽ പൗലോസിനും അങ്ങനെ തോന്നിയെന്നു നമുക്കറിയാം, അവൻ പറഞ്ഞു: “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” മറ്റു വിശ്വസ്ത ക്രിസ്ത്യാനികൾ തങ്ങളുടെ പ്രത്യാശ സംബന്ധിച്ചു മറ്റുള്ളവരോടു പ്രതിവാദം ചെയ്യുന്നതിന് എല്ലായ്പോഴും ഒരുക്കമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. (1 പത്രൊ. 3:15) ഇന്ന് ശുഷ്കാന്തിയുള്ള പതിനായിരക്കണക്കിനു പയനിയർമാരും ദശലക്ഷക്കണക്കിനു സഭാ പ്രസാധകരും അത്തരം നല്ല മാതൃകകൾ അനുകരിക്കാൻ കഠിനശ്രമം ചെയ്യുന്നു.
3 നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്തു പ്രകടിപ്പിച്ച മുഴുഹൃദയത്തോടെയുള്ള തീക്ഷ്ണതയെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, അവന്റെ കാൽചുവടുകൾ അടുത്തു പിന്തുടരാൻ നാം പ്രേരിതരാകുന്നു. (1 പത്രൊ. 2:21) ദൈനംദിന ജീവിതത്തിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരുമ്പോൾ ചിലപ്പോഴൊക്കെ നാം നിരുത്സാഹിതരായേക്കാം. ഒരു മുഴുസമയ ലൗകിക ജോലിയുള്ളപ്പോൾ ദിവസേന യഹോവയെ സ്തുതിക്കുന്നതിനുള്ള അവസരങ്ങൾ നമുക്കു പ്രയോജനപ്പെടുത്താൻ കഴിയുന്നതെങ്ങനെ? നമ്മുടെ സമയത്തിലധികവും ആവശ്യമായിരിക്കുന്ന കുടുംബ കടപ്പാടുകളും നമുക്ക് അവഗണിക്കാനാവുകയില്ല. മിക്ക യുവജനങ്ങളും അവശ്യ സ്കൂൾ വിദ്യഭ്യാസത്തിൽ വ്യാപൃതരാണ്. യഹോവയെ എല്ലാ ദിവസവും പരസ്യമായി സ്തുതിക്കുക സാധ്യമല്ലെന്നു ചിലർക്കു തോന്നിയേക്കാം. ചിലപ്പോഴൊക്കെ, ചിലർ സുവാർത്ത പങ്കിടുന്നതിൽ ഏതെങ്കിലും തരത്തിൽ ഉൾപ്പെടാതെ ഒരു മുഴു മാസവും കടന്നുപോകാൻ അനുവദിച്ചിട്ടുണ്ട്.
4 പിൻമാറി നിൽക്കാൻ കഴിയാഞ്ഞവരിൽ ഒരാളായിരുന്നു യിരെമ്യാവ്. യഹോവയുടെ നാമത്തിൽ ചുരുങ്ങിയ സമയത്തേക്കു സംസാരിക്കുന്നതിനു പരാജയപ്പെട്ടപ്പോൾ, തന്റെ ഉള്ളിൽ അസഹനീയമായ തീകത്തുംപോലെ അവന് അനുഭവപ്പെട്ടു. (യിരെ. 20:9) അപ്രതിരോധ്യമായ പ്രതികൂലാവസ്ഥയെന്നു തോന്നിയതിനെ അഭിമുഖീകരിച്ചപ്പോഴും യഹോവയുടെ ദൂതു മറ്റുള്ളവരോടു പറയുന്നതിന് യിരെമ്യാവ് എല്ലായ്പോഴും എന്തെങ്കിലും മാർഗം കണ്ടെത്തി. നമ്മുടെ സ്രഷ്ടാവിനെ ഓരോ ദിവസവും സ്തുതിക്കുന്നതിനുള്ള അവസരങ്ങൾ അന്വേഷിക്കുന്നതിൽ തുടർന്നുകൊണ്ട് നമുക്ക് അവന്റെ ധൈര്യത്തിന്റെ മാതൃക അനുകരിക്കാൻ കഴിയുമോ?
5 യഹോവയെക്കുറിച്ചുള്ള നമ്മുടെ സംസാരം, സഭയുടെ പ്രദേശത്ത് മറ്റു പ്രസാധകരോടൊപ്പം മുൻകൂട്ടി ക്രമീകരിച്ച സമയത്തു നടത്തുന്ന ഔപചാരികമായ സാക്ഷീകരണം മാത്രമായി ഒതുക്കരുത്. നമുക്കു വേണ്ടതു ശ്രദ്ധിക്കുന്ന ഒരു കാതു മാത്രമാണ്. നാമെല്ലാം ദിവസവും ആളുകളെ കണ്ടുമുട്ടുന്നു—അവർ നമ്മുടെ വീടുകളിൽ വരുന്നു, നാം അവരോടൊപ്പം ജോലിചെയ്യുന്നു, കടകളിൽ നാം അവരുടെ അടുത്തു നിൽക്കുന്നു, അല്ലെങ്കിൽ നാം അവരോടൊപ്പം ബസിൽ സഞ്ചരിക്കുന്നു. ആകെക്കൂടെ വേണ്ടി വരുന്നത് ഒരു സൗഹാർദപരമായ അഭിവാദനമോ സംഭാഷണത്തിന് തുടക്കമിടുന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യമോ അല്ലെങ്കിൽ അഭിപ്രായമോ മാത്രമാണ്. അനേകർ ഇത് തങ്ങളുടെ ഏറ്റവും ഫലപ്രദമായ സാക്ഷീകരണ വിധമായി കണ്ടെത്തിയിട്ടുണ്ട്. സുവാർത്ത സംബന്ധിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിനു നമുക്കു ധാരാളം അവസരങ്ങളുളളപ്പോൾ ഒരു മുഴുമാസവും രാജ്യ സാക്ഷ്യം നടത്താതെ തള്ളിവിടുന്നതു നമ്മെ സംബന്ധിച്ചിടത്തോളം അചിന്തനീയമായിരിക്കും.
6 യഹോവയെ സ്തുതിക്കുന്നതിനുള്ള പദവി ഒരിക്കലും നിലയ്ക്കുകയില്ല. സങ്കീർത്തനക്കാരൻ സൂചിപ്പിച്ചതുപോലെ, ജീവനുള്ള സകലതും യഹോവയെ സ്തുതിക്കുന്നവയായിരിക്കണം, തീർച്ചയായും അതിൽ ഉൾപ്പെടാൻ നാമും ആഗ്രഹിക്കുന്നു. (സങ്കീ. 150:6) അങ്ങനെ ചെയ്യാൻ നമ്മുടെ ഹൃദയം എല്ലായ്പോഴും നമ്മെ പ്രേരിപ്പിക്കുന്നെങ്കിൽ, യഹോവയെക്കുറിച്ചും അവന്റെ വചനത്തെക്കുറിച്ചും സംസാരിക്കുന്നതിനുള്ള അവസരങ്ങൾ നാം ദിവസവും പ്രയോജനപ്പെടുത്തും.