ശരിയായ പദങ്ങൾ തെറ്റായ ഉപദേശങ്ങളെ തകിടം മറിക്കുന്നു
1 ഏദെൻ തോട്ടത്തിലെ തന്റെ ആദ്യ നുണ—ഹവ്വായോട് അവൾ ‘നിശ്ചയമായും മരിക്കയില്ല’ എന്നു പറഞ്ഞതു—മുതൽ മരിച്ചവരുടെ അവസ്ഥ സംബന്ധിച്ചു സാത്താൻ അനിശ്ചിതത്വവും ആശയക്കുഴപ്പവും വ്യാപിപ്പിച്ചിട്ടുണ്ട്. (ഉല്പ. 3:4) മനുഷ്യരുടെ മരണം സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നു. എന്നാൽ മനുഷ്യന്റെ സചേതനമായ ചില ഭാഗങ്ങൾ തുടർന്നു ജീവിക്കുന്നു എന്നു വിശ്വസിക്കാൻതക്കവണ്ണം തെറ്റായ മതപഠിപ്പിക്കലിലൂടെ മനുഷ്യവർഗത്തിൽ ബഹുഭൂരിപക്ഷത്തെയും അവൻ വഴിതെറ്റിച്ചിരിക്കുന്നു.
2 ദൈവവചനമായ ബൈബിളിൽനിന്നുള്ള സത്യം അറിയുന്നതിൽ നാം എത്രയധികം ആഹ്ലാദിക്കുന്നു. പുതിയലോക ഭാഷാന്തരം ഉപയോഗിച്ചുകൊണ്ട് നമുക്കു തെറ്റായ ഉപദേശങ്ങളുടെമേൽ ഫലകരമായി വിജയംവരിക്കാൻ കഴിയും, കാരണം എബ്രായ, ഗ്രീക്കു പദങ്ങളുടെ ഉപയോഗത്തിൽ അതിനു പൂർവാപരയോജിപ്പുണ്ട്. എബ്രായ പദമായ നീഫെഷും ഗ്രീക്കു പദമായ സൈക്കീയും എല്ലായ്പോഴും ഇംഗ്ലീഷിൽ സോൾ എന്നു ഭാഷാന്തരം ചെയ്തിരിക്കുന്നു. അതേസമയം എബ്രായ പദമായ റൂവയും ഗ്രീക്കു പദമായ ന്യൂമയും തർജമ ചെയ്യുന്നതിന് ഇംഗ്ലീഷ് പദമായ സ്പിരിറ്റ് ഉപയോഗിച്ചിരിക്കുന്നു.
3 എന്നിരുന്നാലും വ്യാജ മതോപദേശങ്ങളുടെ സ്വാധീനം നിമിത്തം ഇത്തരം പൂർവാപരയോജിപ്പ് പ്രാദേശിക ഭാഷാ ബൈബിളുകളിൽ എല്ലായ്പോഴും കാണപ്പെടുന്നില്ല. പ്രാദേശിക ഭാഷകൾ ഉപയോഗിക്കുമ്പോൾ സത്യം കൃത്യതയോടെ പഠിപ്പിക്കുവാൻ തക്കവണ്ണം നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ദിവ്യാധിപത്യ പദപ്രയോഗങ്ങളിലും ബൈബിൾ പദങ്ങളുടെ തർജമയിലും കൂടുതൽ പൂർവാപരയോജിപ്പു നിലനിർത്താൻ ഞങ്ങൾ പരിശ്രമിക്കുകയാണ്.
4 മിക്ക ഇന്ത്യൻ ഭാഷകളും സംസ്കൃതത്തിലോ ദ്രാവിഡത്തിലോ അധിഷ്ഠിതമാണ്. ഈ സ്രോതഭാഷകളിൽ മൂലപദമായ ആത്മ (ആത്മാവ്) എന്തോ അദൃശ്യമായതിനെ, ഒരു ശക്തിയെ അല്ലെങ്കിൽ ഊർജത്തെ പരാമർശിക്കുന്നു. ആത്മയോടു ബന്ധപ്പെട്ട പദങ്ങളാണ് പരിശുദ്ധാത്മാവിനും സ്വർഗത്തിലെ ആത്മ വ്യക്തികൾക്കുംവേണ്ടി മിക്ക പ്രാദേശിക ഭാഷാ ബൈബിളുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് റൂവയുടെയും ന്യൂമയുടെയും അർഥത്തെ കൃത്യമായി പരിഭാഷപ്പെടുത്തുന്നു. എല്ലാ ജീവികളിലെയും ജീവശക്തിക്കുവേണ്ടി ബൈബിൾ ഒരേ പദങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്പിരിറ്റ് വരുന്നിടത്തൊക്കെയും തർജമ ചെയ്യുന്നതിന് ആത്മാവ് എന്ന പദം എല്ലായ്പോഴും ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
5 ഈ മാറ്റം മുഖ്യമായും തെലുങ്ക്, കന്നട എന്നീ ഭാഷകളെയായിരിക്കും ബാധിക്കുന്നത്. മനുഷ്യരിലെ ജീവശക്തിയെ കുറിക്കുന്നതിന് അവ സംസ്കൃതത്തിലെ പ്രാൺ എന്നതിനോടു ബന്ധപ്പെട്ട ഒരു പദമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇനിമുതൽ സ്പിരിറ്റ് എന്നതിന് എല്ലായ്പോഴും ആത്മാവ് എന്നുപയോഗിക്കും.
6 പ്രാദേശിക ഭാഷകളിലുള്ള പല ബൈബിൾ ഭാഷാന്തരങ്ങളും നീഫെഷും സൈക്കീയും തർജമ ചെയ്യുന്നതിനു പ്രാൺ എന്ന പദമോ ജീവ എന്ന പദമോ ഉപയോഗിക്കുന്നു. ഇത് ഉചിതമാണ്. കാരണം പ്രാൺ ജീവനുള്ളതിനോട്, വ്യക്തിയോട് അല്ലെങ്കിൽ മൃഗത്തോട്, അല്ലെങ്കിൽ അവയ്ക്കുള്ള ജീവനോടുതന്നെ ബന്ധപ്പെട്ടിരിക്കുന്നു. ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ സോൾ എന്ന പദത്തിന് പുതിയലോക ഭാഷാന്തരത്തിലെ ഉപയോഗമനുസരിച്ചും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ നിർവചിച്ചിരിക്കുന്നപ്രകാരവും മലയാളത്തിൽ എല്ലായ്പോഴും ദേഹി എന്ന പദം ഉപയോഗിക്കുന്നതു നന്നായിരിക്കും. ദേഹിക്കു മരിക്കാൻ കഴിയും എന്നു ബൈബിൾ പറയുമ്പോൾ ചില ബൈബിൾ ഭാഷാന്തരക്കാർ പ്രാണി എന്ന് ഉപയോഗിച്ചുകൊണ്ട് പ്രാൺ എന്നതിന്റെ അർഥത്തെ അസ്പഷ്ടമാക്കിയിട്ടുണ്ട്. അതുകൊണ്ട് നാം പൂർവാപരയോജിപ്പു നിലനിർത്തേണ്ടതുണ്ട്.—യെഹെസ്കേൽ 18:4 നിങ്ങളുടെ പ്രാദേശിക ഭാഷാ ബൈബിളിൽ തർജമ ചെയ്തിരിക്കുന്നതും പുതിയലോക ഭാഷാന്തരത്തിലെ പ്രയോഗവുമായി താരതമ്യം ചെയ്യുക.
7 ഗുജറാത്തിയിലും മറാത്തിയിലും സോൾ എന്നതിനു നാം തുടർന്നും ജീവ എന്ന പദമായിരിക്കും ഉപയോഗിക്കുന്നത്. മലയാളത്തിൽ ദേഹി എന്ന പദവും. എന്നാൽ തമിഴിന്റെ കാര്യത്തിൽ ഇതിന് ശ്രദ്ധേയമായ ഒരു വ്യത്യാസമുണ്ട്. മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെതന്നെ ആത്മ എന്നതിന്റെ സംസ്കൃതത്തോടു ബന്ധപ്പെട്ട പദം നിഘണ്ടുക്കൾ നിർവചിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെ കുറിക്കുന്നതിനും ഇതുപയോഗിക്കുന്നു. തന്റെ മുഴു മാനസിക, ശാരീരിക ഗുണങ്ങളോടും കൂടിയ ജീവനുള്ള മനുഷ്യനെ പരാമർശിക്കാൻ തമിഴ് ബൈബിൾ ആത്മ എന്ന പദം പൂർവാപരയോജിപ്പിൽ ഉപയോഗിക്കുന്നു; എന്നാൽ മനുഷ്യരിലെയും ദൂതൻമാരിലെയും ജീവശക്തിയെയും ദൈവത്തിന്റെ കർമോദ്യുക്ത ശക്തിയെയും പരാമർശിക്കുന്ന റൂവ തർജമ ചെയ്യുമ്പോൾ ആവി എന്ന മറ്റൊരു പദം ഉപയോഗിച്ചിരിക്കുന്നു.
8 അമർത്ത്യതയുടെ പഠിപ്പിക്കലിനെപ്പറ്റി ചർച്ച ചെയ്യുമ്പോൾ പ്രാൺ എന്ന പദമോ ജീവ എന്ന പദമോ ഉപയോഗിക്കുന്നത് അസാധാരണമായി ആദ്യം തോന്നിയേക്കാം. എന്നാൽ നാം മൂലഭാഷാ പദങ്ങളുടെ അർഥം വിശദീകരിക്കുകയും ബൈബിളിനെ അതിനുവേണ്ടിതന്നെ വാദിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ, ആത്മാർഥഹൃദയരായവർ സത്യം പെട്ടെന്നു ഗ്രഹിക്കും. അതുകൊണ്ടു തെറ്റായ ഉപദേശങ്ങളെ തകിടം മറിക്കുന്നതിനും വ്യാജമതത്തിന്റെ അടിമത്തത്തിൽനിന്നു ചെമ്മരിയാടുതുല്യരായവരെ വിടുവിക്കുന്നതിനും നമുക്ക് ഉചിതമായ പദങ്ങൾ ഉപയോഗിക്കാം.—യോഹ. 8:32.