വിശ്വാസത്താൽ നടക്കുക
1 സമ്പത്തിന്റെ വഞ്ചകമായ ശക്തിയിൽ മൗഢ്യമായി ആശ്രയിച്ചുകൊണ്ട് ജനകോടികൾ ഭൗതിക സ്വത്തിനെ തങ്ങളുടെ ജീവിതകേന്ദ്രമാക്കുന്നു. (മത്താ. 13:22) അവരുടെ സമ്പത്തു നഷ്ടപ്പെടുമ്പോഴോ മോഷ്ടിക്കപ്പെടുമ്പോഴോ പ്രയോജനരഹിതമെന്നു തെളിയുമ്പോഴോ അവർ ഒരു വിഷമകരമായ പാഠം പഠിക്കുന്നു. ആത്മീയ നിധികൾക്കായി യത്നിച്ചുകൊണ്ടു കൂടുതൽ ജ്ഞാനപൂർവകമായ ഒരു ഗതി പിന്തുടരാൻ നാം ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (മത്താ. 6:19, 20) ‘വിശ്വാസത്താൽ നടക്കുന്നതു’ ഇതിൽ ഉൾപ്പെടുന്നു.—2 കൊരി. 5:7.
2 ഉറപ്പ്, ആശ്രയം, സമ്പൂർണ ഉറപ്പുള്ള അഭിപ്രായം എന്നീ ആശയങ്ങൾ നൽകുന്ന ഒരു ഗ്രീക്കു പദത്തിൽനിന്നാണു “വിശ്വാസം” എന്ന വാക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ കാലടികളെ നയിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയിലും നമ്മുടെ ആവശ്യങ്ങൾക്കായി കരുതാനുള്ള അവന്റെ മനസ്സൊരുക്കത്തിലും ആശ്രയിച്ചുകൊണ്ട് പ്രയാസ സാഹചര്യങ്ങളെ അവനിലുള്ള ദൃഢവിശ്വാസത്തോടെ നേരിടുക എന്നതാണ് വിശ്വാസത്തിൽ നടക്കുക എന്നതിന്റെ അർഥം. യേശു ഒരു പൂർണ മാതൃക വെച്ചു; സത്യമായും പ്രധാനമായിരുന്ന കാര്യങ്ങളിൽ അവൻ ശ്രദ്ധ കേന്ദ്രീകരിച്ചു. (എബ്രാ. 12:2) സമാനമായി നാം, കാണപ്പെടാത്ത, ആത്മീയ കാര്യങ്ങളിൽ നമ്മുടെ ഹൃദയത്തെ കേന്ദ്രീകരിക്കേണ്ട ആവശ്യമുണ്ട്. (2 കൊരി 4:18) നമ്മുടെ ഇപ്പോഴത്തെ ജീവിതത്തിന്റെ അനിശ്ചിതത്വം സംബന്ധിച്ചു നാം എല്ലായ്പോഴും ബോധവാന്മാരായിരിക്കണം. യഹോവയിലുള്ള നമ്മുടെ സമ്പൂർണ ആശ്രയം അംഗീകരിക്കുകയും വേണം.
3 “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ മാർഗനിർദേശത്തിൻ കീഴിലുള്ള തന്റെ ദൃശ്യ സ്ഥാപനത്തിലൂടെ യഹോവ നമ്മെ നയിക്കുന്നുവെന്നും നാം ദൃഢമായി വിശ്വസിക്കണം. (മത്താ. 24:45-47, NW) സഭയിൽ “നേതൃത്വമെടുക്കുന്നവരോട് അനുസരണമുള്ളവർ” ആയിരിക്കുമ്പോൾ നാം നമ്മുടെ വിശ്വാസം പ്രകടമാക്കുന്നു. (എബ്രാ. 13:17) ദിവ്യാധിപത്യ ക്രമീകരണത്തോടുള്ള സഹകരണത്തിൽ താഴ്മയോടെ പ്രവർത്തിക്കുന്നതു യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ പ്രകടമാക്കുന്നു. (1 പത്രൊ. 5:6) ചെയ്യാനായി സ്ഥാപനത്തിനു നൽകപ്പെട്ടിരിക്കുന്ന വേലയ്ക്കു മുഴുഹൃദയത്തോടെയുള്ള പിന്തുണ നൽകാൻ നാം പ്രേരിപ്പിക്കപ്പെടണം. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരു ശക്തമായ ബന്ധത്തിൽ ഇതു നമ്മെ നമ്മുടെ സഹോദരൻമാരോടു കൂടുതൽ അടുപ്പിക്കും.—1 കൊരി. 1:10.
4 വിശ്വാസത്തെ ശക്തമാക്കുന്ന വിധം: നമ്മുടെ വിശ്വാസം നിശ്ചലമായിത്തീരാൻ നാം അനുവദിക്കരുത്. അതു വർധിപ്പിക്കാൻ നാം ഒരു കഠിന പോരാട്ടം നടത്തേണ്ടതുണ്ട്. ക്രമമായ പഠനം, പ്രാർഥന, യോഗഹാജർ എന്നിവ വിശ്വാസത്തെ ശക്തീകരിക്കാൻ നമ്മെ സഹായിക്കും. അപ്പോൾ യഹോവയുടെ സഹായത്താൽ അതിന് ഏതു പരിശോധനയെയും ചെറുത്തുനിൽക്കാൻ കഴിയും. (എഫെ. 6:16) അനുദിന ബൈബിൾ വായനയ്ക്കും യോഗങ്ങൾക്കു തയ്യാറാകുന്നതിനും വേണ്ടി നിങ്ങൾക്ക് ഒരു നല്ല ക്രമം ഉണ്ടോ? പഠിച്ചതിനെക്കുറിച്ചു നിങ്ങൾ മിക്കപ്പോഴും ധ്യാനിക്കാറുണ്ടോ? നിങ്ങൾ യഹോവയെ പ്രാർഥനയിൽ സമീപിക്കുന്നുണ്ടോ? എല്ലാ യോഗങ്ങൾക്കും ഹാജരായി അവസരം ലഭിക്കുന്നതനുസരിച്ച് അതിൽ പങ്കുപറ്റുന്നതു നിങ്ങളുടെ പതിവാണോ?—എബ്രാ. 10:23-25.
5 ശക്തമായ വിശ്വാസം സത്പ്രവൃത്തികളാൽ തെളിയിക്കപ്പെടുന്നു. (യാക്കോ. 2:26) മറ്റുള്ളവരോടു നമ്മുടെ പ്രത്യാശ പ്രഖ്യാപിക്കുന്നതു നമ്മുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള ഏറ്റവും മെച്ചമായ വിധങ്ങളിൽ ഒന്നാണ്. സുവാർത്ത പങ്കുവെക്കുന്നതിനുള്ള അവസരങ്ങൾ നിങ്ങൾ അന്വേഷിക്കുന്നുവോ? ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ കഴിയേണ്ടതിനു നിങ്ങളുടെ സാഹചര്യങ്ങൾ ക്രമീകരിക്കാൻ കഴിയുമോ? നമ്മുടെ ശുശ്രൂഷയുടെ ഗുണവും ഫലപ്രദത്വവും മെച്ചപ്പെടുത്തുന്നതിന് നമുക്കു ലഭിക്കുന്ന നിർദേശങ്ങൾ നിങ്ങൾ ബാധകമാക്കുന്നുണ്ടോ? നിങ്ങൾ വ്യക്തിപരമായ ആത്മീയ ലാക്കുകൾ വെച്ച് അവ നേടാൻ കഠിനമായി പ്രയത്നിക്കുന്നുവോ?
6 ജീവിതത്തിലെ അനുദിന കാര്യങ്ങളിൽ അമിതമായി ഉൾപ്പെടുന്നതും നമ്മുടെ ആത്മീയ വീക്ഷണത്തെ അവ്യക്തമാക്കാൻ ഭൗതികമോ സ്വാർഥമോ ആയ താത്പര്യങ്ങളെ അനുവദിക്കുന്നതും സംബന്ധിച്ച് യേശു മുന്നറിയിപ്പു നൽകി. (ലൂക്കൊ. 21:34-36) നമ്മുടെ വിശ്വാസത്തോടു ബന്ധപ്പെട്ട കപ്പൽച്ചേതം ഒഴിവാക്കേണ്ടതിന് നാം എങ്ങനെ നടക്കുന്നുവെന്നതു സംബന്ധിച്ചു കർശനമായ ജാഗ്രത പാലിക്കണം. (എഫെ. 5:15; 1 തിമൊ. 1:9) “നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു” എന്നു പ്രഖ്യാപിക്കാൻ നാം ആത്യന്തികമായി പ്രാപ്തരായിരിക്കുമെന്നു നാമെല്ലാം പ്രത്യാശിക്കുന്നു.—2 തിമൊ. 4:7.