ചോദ്യപ്പെട്ടി
◼ ശവസംസ്കാരത്തിനായി സഭയുടെ സഹായമാവശ്യപ്പെടുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം:
ശവസംസ്കാര പ്രസംഗം നടത്തേണ്ടതാർ? കുടുംബാംഗങ്ങളാണ് അതു തീരുമാനിക്കേണ്ടത്. നല്ല നിലയിലുള്ള സ്നാപനമേറ്റ ഏതൊരു സഹോദരനെയും അവർക്കു തിരഞ്ഞെടുക്കാം. ഒരു പ്രസംഗകനെ ഏർപ്പാടു ചെയ്യാൻ മൂപ്പന്മാരുടെ സംഘത്തോട് ആവശ്യപ്പെടുന്നെങ്കിൽ, സാധാരണഗതിയിൽ അവർ സൊസൈറ്റി പ്രദാനം ചെയ്യുന്ന ബാഹ്യരേഖയെ ആസ്പദമാക്കി പ്രസംഗം നടത്താൻ പ്രാപ്തിയുള്ള ഒരു മൂപ്പനെ തിരഞ്ഞെടുക്കും. മരിച്ചയാളെ നാം വാനോളം പുകഴ്ത്തുകയില്ലെങ്കിലും അയാൾ കാട്ടിയ മാതൃകായോഗ്യമായ ഗുണങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നത് ഉചിതമായിരിക്കും.
രാജ്യഹാൾ ഉപയോഗിക്കാമോ? മൂപ്പന്മാരുടെ സംഘം അനുവാദം നൽകുകയും ക്രമമായി പട്ടികപ്പെടുത്തിയിരിക്കുന്ന യോഗങ്ങൾക്കു തടസ്സം സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അതുപയോഗിക്കാം. മരിച്ചുപോയ വ്യക്തി സത്പേരുള്ള ഒരു സഭാംഗമാണെങ്കിലോ സഭയിലെ ഒരംഗത്തിന്റെ കൊച്ചു കുട്ടിയാണെങ്കിലോ ഹാൾ ഉപയോഗിക്കാവുന്നതാണ്. ആ വ്യക്തി അക്രിസ്തീയ നടപടിയിലൂടെ സഭയ്ക്ക് അപകീർത്തി വരുത്തിയിട്ടുണ്ടെങ്കിലോ സഭയുടെമേൽ മോശമായി പ്രതിഫലിക്കുന്ന മറ്റു ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലോ ഹാൾ ഉപയോഗിക്കുന്നതിനു മൂപ്പന്മാർ അനുവാദം നിഷേധിച്ചേക്കാം.—നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 65-ാം പേജ് കാണുക.
സാധാരണഗതിയിൽ, അവിശ്വാസികളുടെ ശവസംസ്കാരത്തിനു രാജ്യഹാളുകൾ ഉപയോഗിക്കാറില്ല. കുടുംബത്തിലെ മറ്റംഗങ്ങൾ സ്നാപനമേറ്റ പ്രസാധകരെന്ന നിലയിൽ സജീവമായി സഹവസിക്കുന്നവരാണെങ്കിലോ മരിച്ച വ്യക്തിക്കു സത്യത്തോടു പ്രതിപത്തിയുണ്ടായിരുന്നതായും സമുദായത്തിൽ നീതിനിഷ്ഠമായ നടത്തയ്ക്കു പേരെടുത്തിരുന്നതായും സഭയിലനേകർക്കും അറിയാമെങ്കിലോ ഇക്കാര്യത്തിൽ ഇളവു വരുത്താറുണ്ട്. എന്നാൽ, ശവസംസ്കാര ശുശ്രൂഷയിൽ യാതൊരു ലൗകിക ആചാരങ്ങളും ഉൾപ്പെടുത്തുന്നതല്ല.
രാജ്യഹാൾ ഉപയോഗിക്കാൻ അനുവദിക്കുന്ന വേളയിൽ, ശവസംസ്കാര ചടങ്ങിൽ ശവപ്പെട്ടി പ്രദർശനത്തിനു വയ്ക്കുന്നതു പതിവാണോ എന്നു മൂപ്പന്മാർ പരിചിന്തിക്കും. അങ്ങനെയെങ്കിൽ അതു ഹാളിലേക്കു കൊണ്ടുവരുന്നതിന് അവർ അനുവാദം നൽകിയേക്കാം.
ലൗകികരുടെ ശവസംസ്കാരം സംബന്ധിച്ചെന്ത്? മരിച്ചയാൾക്കു സമുദായത്തിൽ സത്പേരുണ്ടായിരുന്നെങ്കിൽ വീട്ടിലോ ശ്മശാനത്തിലോവെച്ച് ഒരു സഹോദരന് ആശ്വാസദായകമായ ഒരു ബൈബിളധിഷ്ഠിത പ്രസംഗം നടത്താവുന്നതാണ്. അധാർമികവും നിയമവിരുദ്ധവുമായ നടത്തയ്ക്കു കുപ്രസിദ്ധനായിരുന്ന അല്ലെങ്കിൽ ബൈബിൾ തത്ത്വങ്ങൾക്കു നേർവിപരീതമായ ജീവിതരീതിയുണ്ടായിരുന്ന ഒരാളുടെ ശവസംസ്കാരം നടത്താൻ സഭ വിസമ്മതിക്കും. ഒരു പുരോഹിതനോടൊപ്പം മിശ്രവിശ്വാസ ശുശ്രൂഷയിലോ മഹാബാബിലോന്റെ ഒരു പള്ളിയിൽ നടത്തുന്ന ശവസംസ്കാരത്തിലോ ഒരു സഹോദരൻ തീർച്ചയായും പങ്കുപറ്റുകയില്ല.
മരിച്ചയാൾ പുറത്താക്കപ്പെട്ടതാണെങ്കിലോ? സാധാരണഗതിയിൽ സഭ അതിൽ ഉൾപ്പെടുകയില്ല. രാജ്യഹാളും ഉപയോഗിക്കുകയില്ല. അയാൾ അനുതാപത്തിന്റെ തെളിവു നൽകുകയും പുനഃസ്ഥിതീകരിക്കപ്പെടാൻ ആഗ്രഹം പ്രകടമാക്കുകയും ചെയ്തിരുന്നെങ്കിൽ, മനസ്സാക്ഷി അനുവദിക്കുന്നപക്ഷം ഒരു സഹോദരൻ വീട്ടിലോ ശ്മശാനത്തിലോവെച്ച് ഒരു ബൈബിളധിഷ്ഠിത പ്രസംഗം നടത്തിയേക്കാം. അവിശ്വാസികൾക്കു സാക്ഷ്യം നൽകുകയും ബന്ധുക്കൾക്കു സാന്ത്വനമേകുകയുമാണ് അതിന്റെ ഉദ്ദേശ്യം. എന്നാൽ, അത്തരമൊരു തീരുമാനമെടുക്കുന്നതിനുമുമ്പ് ആ സഹോദരൻ മൂപ്പന്മാരുടെ സംഘവുമായി പര്യാലോചിക്കുകയും അവർ പറയുന്ന കാര്യങ്ങൾ പരിഗണനയിലെടുക്കുകയും ചെയ്യുന്നതു ജ്ഞാനപൂർവകമായിരിക്കും. ആ സഹോദരൻ ഉൾപ്പെടുന്നതു ജ്ഞാനപൂർവകമല്ലാത്തിടത്ത് മരിച്ചുപോയ വ്യക്തിയുടെ കുടുംബാംഗമായ ഒരു സഹോദരൻ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പ്രസംഗം നടത്തുന്നത് ഉചിതമായിരിക്കും.
കൂടുതലായ വിവരങ്ങൾ വീക്ഷാഗോപുരം (ഇംഗ്ലീഷ്) 1990 ഒക്ടോബർ 15 ലക്കത്തിന്റെ 30-31 പേജുകളിലും 1981 സെപ്റ്റംബർ 15 ലക്കത്തിന്റെ 31-ാം പേജിലും 1980 മാർച്ച് 15 ലക്കത്തിന്റെ 5-7 പേജുകളിലും 1978 ജൂൺ 1 ലക്കത്തിന്റെ 5-8 പേജുകളിലും 1977 ജൂൺ 1 ലക്കത്തിന്റെ 347-8 പേജുകളിലും 1970 മാർച്ച് 15 ലക്കത്തിന്റെ 191-2 പേജുകളിലും ഉണരുക! (ഇംഗ്ലീഷ്) 1990 സെപ്റ്റംബർ 8 ലക്കത്തിന്റെ 22-3 പേജുകളിലും 1977 മാർച്ച് 22 ലക്കത്തിന്റെ 12-15 പേജുകളിലും കണ്ടെത്താനാകും.