ലഘുലേഖകൾ ഉപയോഗിക്കുക, അങ്ങനെ നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ
1 മനുഷ്യരായ നമ്മളും നാം ജീവിക്കുന്ന ഈ ഭൂമിയും അഭൂതപൂർവകവും വിപത്കരവുമായ ഒരു കാലഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്നു മിക്കവരും സമ്മതിക്കുന്നു. മിക്കവരും ചിലപ്പോഴെങ്കിലും ഉന്നയിക്കാറുള്ള ഒരു ചോദ്യമുണ്ട്: അവസ്ഥകൾ മെച്ചപ്പെടുത്താനുള്ള മമനുഷ്യന്റെ ശ്രമങ്ങൾ യഥാർഥത്തിൽ വിജയിക്കുമോ? (യിരെ. 10:23) പല സാഹചര്യങ്ങൾ സംജാതമാകുമ്പോഴും ഭാവി സംബന്ധിച്ച് ആശയ്ക്കു വകയില്ലെന്ന് ആളുകൾക്കു തോന്നാറുണ്ട്. ലോകത്തിലെ മതങ്ങളോ രാഷ്ട്രീയമോ വാണിജ്യവ്യവസ്ഥിതിയോ പ്രത്യാശയ്ക്കു യാതൊരു വകയും നൽകുന്നില്ല. ഈ ലോകം അതിജീവിക്കുമോ? സമാധാനപൂർണമായ ഒരു ലോകം വരുമോ? ഉത്തരമാവശ്യമുള്ള ചോദ്യങ്ങളാണിവ.
2 സ്വയംപോഷക, സ്വയംകേടുപോക്കൽ സംവിധാനങ്ങളുള്ള ഭൂമിയുടെ ഭാവിയും അതിന്റെ സ്രഷ്ടാവ് തന്റെ വചനമായ ബൈബിളിൽ നൽകിയിരിക്കുന്ന മാറ്റമില്ലാത്ത വാഗ്ദത്തങ്ങളും സംബന്ധിച്ചു ശുഭാപ്തിവിശ്വാസമുള്ളവരാണ് യഹോവയുടെ സാക്ഷികൾ. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കു”മെന്നു സങ്കീർത്തനം 37:29 പ്രഖ്യാപിക്കുന്നു. ഇന്ന് ആകെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയായതിനാൽ, മിക്ക ആളുകൾക്കും ഈ വാഗ്ദത്തം ആനന്ദകരമായ ഒരു വിസ്മയവും സ്വാഗതാർഹമായ വാർത്തയും ആയിരിക്കും. ചുരുങ്ങിയപക്ഷം, അതു നല്ലൊരു സംഭാഷണത്തിനു വക നൽകുന്നു. ഈ ലോകം അതിജീവിക്കുമോ? എന്ന ശീർഷകത്തിലുള്ള ലഘുലേഖയുടെ വിഷയം അതാണെന്നതു രസാവഹമാണ്. ലളിതവും ആകർഷകവുമായ ഈ ലഘുലേഖ നമ്മുടെ ശുശ്രൂഷയിൽ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നു സഞ്ചാരമേൽവിചാരകന്മാരിൽനിന്നുള്ള അനുഭവങ്ങൾ കാണിക്കുന്നു. സംഭാഷണം തുടങ്ങുന്നതിനുള്ള നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് മറ്റു ലഘുലേഖകളും. അവ പലപ്പോഴും രസകരമായ ബൈബിൾ ചർച്ചകളിലേക്കു നയിക്കുന്നു.
3 ഭക്തികെട്ട ആളുകളെ നശിപ്പിച്ചുകൊണ്ട് ഒരിക്കലുണ്ടായ ആഗോള പ്രളയത്തെക്കുറിച്ചു പല ജനസമൂഹങ്ങളിലുമുള്ള അനേകർക്കുമറിയാം. ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ ആ സംഭവത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തെ പരാമർശിക്കുന്നുണ്ട്. സംഭാഷണം തുടങ്ങുന്നതിനുള്ള ഒരു വിഷയമായി ഇത് ഉപയോഗിക്കാവുന്നതാണ്. ഈ വിഷയത്തെ കൂടുതൽ അർഥവത്താക്കുന്നതാണു നാം ജീവിക്കുന്ന ദുർഘടകാലങ്ങൾ. (2 തിമൊ. 3:1) സഹോദരങ്ങൾ ഫലകരമായി ലഘുലേഖകൾ സമർപ്പിക്കുകയും സത്യം പഠിക്കാൻ ആളുകളെ സഹായിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള പ്രോത്സാഹജനകമായ റിപ്പോർട്ടുകൾ നാം കൂടെക്കൂടെ കേൾക്കാറുണ്ട്.
4 “പ്രകാശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ “നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കൽ” എന്ന ശീർഷകത്തിലുള്ള സിമ്പോസിയത്തിലെ ഒരു പ്രസംഗം ഈ സുപ്രധാന ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞതായി നിങ്ങൾ ഒരുപക്ഷേ ഓർക്കുന്നുണ്ടാകും. “ലഘുലേഖകളിലെ ഹ്രസ്വവും നേരിട്ടുള്ളതും മനസ്സിലാക്കാൻ എളുപ്പവുമായ സന്ദേശം ശ്രദ്ധ പിടിച്ചുപറ്റുകയും പ്രയോജനകരമായ ഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു”വെന്ന് ആ പ്രസംഗം വ്യക്തമാക്കി. (w81 3/1, പേ. 32; w83 11/1 പേ. 27) ആ കൺവെൻഷനിലായിരുന്നു ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ പ്രകാശനം ചെയ്തത്. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം, പറുദീസയിലേക്കുള്ള പാത കണ്ടെത്തുന്ന വിധം, ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?, കുടുംബജീവിതം ആസ്വദിക്കുക, വിഷാദമഗ്നർക്ക് ആശ്വാസം എന്നിങ്ങനെയുള്ള മറ്റു ലഘുലേഖകളും സമാനമായി രസാവഹവും സംഭാഷണം തുടങ്ങാൻ ഉപയോഗിക്കാവുന്നതുമാണ്. വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യ കാലങ്ങളിലേതുപോലെതന്നെ ഇന്നും അനവധി രാജ്യപ്രഘോഷകർ ലളിതവും അനൗപചാരികവുമായ വിധത്തിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിക്കാൻ ലഘുലേഖകൾ നന്നായി ഉപയോഗിക്കുന്നു.
5 പ്രഥമ സന്ദർശനത്തിൽ ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ ശ്രമിക്കുക: പ്രഥമ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനങ്ങൾ തുടങ്ങാവുന്ന ഉത്തമ വിധത്തിലാണു ലഘുലേഖകൾ തയ്യാറാക്കിയിരിക്കുന്നത്. താൻ സന്ദർശിച്ച സഭയിലെ അംഗങ്ങൾ ആ വാരത്തിൽ, ലഘുലേഖകൾ ഉപയോഗിച്ചു വീട്ടുകാരോടു സംസാരിച്ചുതുടങ്ങിയതിന്റെ ഫലമായി 64 ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങിയതായി ഒരു സർക്കിട്ട് മേൽവിചാരകൻ റിപ്പോർട്ടു ചെയ്തു. മറ്റൊരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ എഴുതുന്നു: “ലഘുലേഖകൾ ഉപയോഗിച്ച് മിക്ക ചർച്ചകളും തുടങ്ങിക്കൊണ്ട് അവതരണത്തിലേക്കു കടക്കുന്നതിനാൽ എനിക്കു നല്ല വിജയമുണ്ട്.” ലഘുലേഖയിലെ ഏതാനും ഖണ്ഡികകൾ പ്രഥമ സന്ദർശനത്തിൽതന്നെ ചർച്ചചെയ്തുകൊണ്ടു ബൈബിളധ്യയനം ആരംഭിക്കുന്നതിനു ശ്രമം നടത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നിട്ട് അതിനടുത്ത സന്ദർശനത്തിൽ പിന്നെയും കുറെ ഖണ്ഡികകൾ ചർച്ച ചെയ്യുക. അങ്ങനെ ആ ലഘുലേഖ ചർച്ചചെയ്തു തീർക്കുക. അപ്പോഴേക്കും പരിജ്ഞാനം പുസ്തകമോ ആവശ്യം ലഘുപത്രികയോ ഉപയോഗിച്ചുള്ള അധ്യയനത്തിനു വീട്ടുകാരൻ മനസ്സൊരുക്കം കാണിച്ചേക്കാം. അല്ലെങ്കിൽ, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം പോലുള്ള മറ്റേതെങ്കിലും ലഘുലേഖ ഉപയോഗിച്ച് അത്തരം ചർച്ചകൾ തുടരാനായിരിക്കാം വീട്ടുകാരന്റെ ആഗ്രഹം.
6 ലഘുലേഖകൾ പൂർണമായി പരിശോധിക്കുക. നമ്മുടെ ലഘുലേഖകൾക്കായി തിരഞ്ഞെടുത്തിട്ടുള്ള മനോഹരമായ ആമുഖചിത്രങ്ങളും വശ്യമായ ശീർഷകങ്ങളും ആരെയും ആകർഷിക്കാൻ പോന്നതാണ്. നിങ്ങൾക്ക് ഏതാനും ലഘുലേഖകൾ ഷർട്ടിന്റെയോ കോട്ടിന്റെയോ പോക്കറ്റിലോ പേഴ്സിലോ ബാഗിലോ കരുതാവുന്നതാണ്. അപ്പോൾ, പതിവു ശുശ്രൂഷയിലാണെങ്കിലും ആളുകളെ കണ്ടെത്തുന്ന മറ്റു സ്ഥലങ്ങളിലാണെങ്കിലും അവ എളുപ്പത്തിൽ അവർക്ക് എടുത്തുകൊടുക്കാൻ സാധിക്കും. (yb89 പേജ് 59) ഏതു സമയത്തും എവിടെവെച്ചും എല്ലാ തരത്തിലുമുള്ള ആളുകളുമായും ബുദ്ധിപൂർവകമായ സംഭാഷണങ്ങൾ തുടങ്ങാൻ തികച്ചും പറ്റിയതാണ് അവ. ആദ്യം രസകരമായ ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള സംഭാഷണം. തുടർന്ന് ബൈബിളധ്യയനം. അതായിരിക്കണം ലക്ഷ്യം. പ്രഥമ സന്ദർശനത്തിലോ മടക്കസന്ദർശനത്തിലോ പിൻവരുന്നതുപോലെ എന്തെങ്കിലും പറഞ്ഞുകൊണ്ട് ബൈബിളധ്യയനങ്ങൾ ആരംഭിക്കാവുന്നതാണ്:
പ്രസാധകൻ: നമസ്കാരം. മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് ഞങ്ങളിന്ന് ആളുകളോടു സംസാരിക്കുകയാണ്. ഇപ്പോഴുള്ള ജീവിതത്തിൽ നിങ്ങൾ സംതൃപ്തനാണോ?
വീട്ടുകാരൻ: സത്യം പറഞ്ഞാൽ, അല്ല.
പ്രസാധകൻ: (ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ കൊടുക്കുന്നു) ഇപ്പോഴുള്ള സംഭവവികാസങ്ങൾ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയാണെന്നും ലോകാവസാനം ആസന്നമാണെന്നും ചിലർ കരുതുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?
വീട്ടുകാരൻ: എനിക്കറിയില്ല. അങ്ങനെ സംഭവിച്ചേക്കാമെന്നു തോന്നുന്നു.
ലോകം ഒരിക്കൽ അവസാനിച്ചുവെന്നും ഇപ്പോഴത്തെ ലോകവും അവസാനിക്കുമെന്നും കാണിക്കുന്നതിനു ലഘുലേഖ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. സമാധാനപൂർണമായ ഒരു പുതിയ ലോകത്തിന് അതു വഴിതെളിക്കുമെന്നു വിശദീകരിക്കുക. ലോകാവസാനമെന്നാൽ അക്ഷരീയ ആകാശവും ഭൂമിയും അവസാനിക്കുമെന്നല്ല, മറിച്ച് നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നാണെന്ന് ആ ലഘുലേഖ ഉപയോഗിച്ച് കാട്ടിക്കൊടുക്കുക. സംഭാഷണത്തിനു പ്രോത്സാഹിപ്പിക്കുക. ലോകാവസാനം സമീപമാണെന്നുള്ളതിന്റെ ബൈബിൾ തെളിവു പരിചിന്തിക്കാൻ മറ്റൊരു സന്ദർശനത്തിനുള്ള ഏർപ്പാടു ചെയ്യുക.
7 ആ വിഷയം അവതരിപ്പിക്കുന്നതിനുള്ള മറ്റൊരു സമീപനം ഇതാ:
“ഈ ലോകത്തിന്റെ ഭാവിയെക്കുറിച്ച് അയൽക്കാരോടും സ്നേഹിതരോടുമൊക്കെ ഞങ്ങൾ സംസാരിക്കുകയാണ്. ഈ ലോകം അധികകാലം നിലനിൽക്കുകയില്ലെന്നും പെട്ടെന്നുതന്നെ അവസാനിക്കുമെന്നും മിക്കവരും കരുതുന്നതായി ഞങ്ങൾ മനസ്സിലാക്കി! ഇക്കാര്യം സംബന്ധിച്ചു താങ്കൾ വിചാരിക്കുന്നതെന്താണെന്ന് എനിക്കറിയില്ല. എന്നാൽ ഈ ലോകം അതിജീവിക്കുമെന്നു വിശ്വസിക്കുന്ന നിരവധി പേരുണ്ട്. താങ്കളുടെ അഭിപ്രായമെന്താണ്?” (മറുപടിക്കായി നിർത്തുക.)
“രസകരമായ ഈ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ലഘുലേഖ തരാൻ എനിക്കു സന്തോഷമുണ്ട്. അതിന്റെ ശീർഷകം ഉന്നയിക്കുന്ന ചോദ്യം ശ്രദ്ധിക്കുക: ‘ഈ ലോകം അതിജീവിക്കുമോ?’ ഇതിനുള്ള ക്രിയാത്മകമായ ഉത്തരം സംതൃപ്തിദായകമായിരിക്കുമെന്നതു നിങ്ങൾ സമ്മതിക്കും. താങ്കൾക്ക് ആദ്യ ഖണ്ഡിക ഒന്നു വായിക്കാമോ?”
8 പ്രായമുള്ളവരാണെങ്കിലും അല്ലെങ്കിലും, സത്യത്തിൽ വന്നിട്ട് ദീർഘകാലമായെങ്കിലും ഇല്ലെങ്കിലും, ലഘുലേഖ വിതരണം ചെയ്യുന്നത് എളുപ്പമാണെന്നു മാത്രമല്ല, ഉത്സാഹം പകരുന്നതുമാണെന്നു പ്രസാധകർ കണ്ടെത്തിയിരിക്കുന്നു. കാരണം, ലഘുലേഖകൾ ലളിതമാണ്. തന്നെയുമല്ല, മിക്കയാളുകൾക്കും രസകരമായ വിഷയങ്ങളാണ് അവയിൽ ചർച്ചചെയ്തിരിക്കുന്നതും. ആളുകൾ അതിനു പൈസ കൊടുക്കേണ്ട ആവശ്യമില്ല എന്ന നേട്ടവുമുണ്ട്. പണം കൊടുക്കേണ്ടതില്ലാത്ത ഒന്നിനോടു മിക്കവരും അനുകൂലമായി പ്രതികരിക്കുന്നു. ഒരു സർക്കിട്ട് മേൽവിചാരകൻ കൂട്ടിച്ചേർക്കുന്നു: “വയലിൽ ഉണ്ടായ ഫലങ്ങളോ, കൂടുതൽ വിശദീകരിക്കുന്നതിനായി മടങ്ങിവരണമെന്നു പലരും പ്രസാധകരോട് ആവശ്യപ്പെട്ടു എന്നതായിരുന്നു. പ്രസാധകർക്കു വീടുതോറുമുള്ള രേഖകളിൽ സാധാരണയുള്ളതിലുമധികം മടക്കസന്ദർശനങ്ങൾ ഉള്ളതായി കാണുന്നു.” ലഘുലേഖകൾ കൊടുക്കാൻ നിങ്ങൾ ശ്രമിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ, കഴിവതും നേരത്തെ അതൊന്നു പരീക്ഷിച്ചുനോക്കൂ.
9 ലഘുലേഖ നൽകിയ വ്യക്തികൾക്കു മടക്കസന്ദർശനം നടത്തുമ്പോൾ, പ്രസ്തുത വിഷയം സംബന്ധിച്ചു കൂടുതൽ ആഴമായ വിവരങ്ങൾ ഉണ്ടായിരിക്കണം. അപ്പോൾ, പിൻബലമായി ന്യായവാദം പുസ്തകത്തിലെ വിവരങ്ങളും പരിജ്ഞാനം പുസ്തകത്തിന്റെ ഒരു പ്രതിയും സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ശീർഷകത്തിലുള്ള ലഘുലേഖയും നിശ്ചയമായും, ഒരു ബൈബിളും നിങ്ങളുടെ പക്കലുണ്ടായിരിക്കണം. ഈ ലോകം അതിജീവിക്കുക മാത്രമല്ല, എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും പെട്ട ആത്മാർഥഹൃദയരും താഴ്മയുള്ളവരുമായ ആളുകളെക്കൊണ്ടു നിറയുന്ന ഒരു പറുദീസയായി അതു മാറുകയും ചെയ്യുമെന്നും ഇത്തവണ നിങ്ങൾക്കു വിശദീകരിക്കാവുന്നതാണ്. (വെളി. 7:9) ഭൂമിയെ പുനഃസ്ഥിതീകരിക്കാനും അതിന്റെ ആദിമ സൗന്ദര്യം വീണ്ടെടുക്കാനുമുള്ള യഹോവയുടെ മഹത്തായ ഉദ്ദേശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പരിജ്ഞാനം പുസ്തകത്തിന്റെ 4-ഉം 5-ഉം പേജുകളിലെ ചിത്രം “നിങ്ങൾക്കൊരു സന്തുഷ്ട ഭാവി ഉണ്ടായിരിക്കാൻ കഴിയും” എന്ന ഒന്നാം അധ്യായത്തിന്റെ ശീർഷകവുമായി ബന്ധിപ്പിക്കുക. സാധ്യമെങ്കിൽ, ആദ്യ മൂന്നു ഖണ്ഡികകൾ പരിചിന്തിച്ചുകൊണ്ട് അധ്യയനത്തിനു തുടക്കമിടുക. മടങ്ങിച്ചെല്ലാമെന്നു പറയുക.
10 സാഹിത്യങ്ങൾ കൊടുക്കാൻ മാത്രമേ നമുക്കു താത്പര്യമുള്ളൂ എന്നു ചിലപ്പോൾ ആളുകൾ തെറ്റിദ്ധരിക്കാറുള്ള, നമ്മുടെ സജീവ പ്രവർത്തനമുള്ള പ്രദേശങ്ങളിൽപോലും ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഒരു സർക്കിട്ട് മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു. അതുകൊണ്ട് ക്രിയാത്മക മനോഭാവമുള്ളവരായിരുന്നുകൊണ്ടും യഹോവയിൽ ശക്തമായി ആശ്രയിച്ചുകൊണ്ടും സത്യത്തിന്റെ വിത്തുകൾ പാകാൻ ആത്മവിശ്വാസത്തോടെ ഈ ലഘുലേഖ നമുക്ക് ഉപയോഗിക്കാം. ഇതും മറ്റു ലഘുലേഖകളും ധാരാളം കൈവശമുണ്ടായിരിക്കണം. നിങ്ങൾ ആളുകളെ കണ്ടെത്തുന്നിടത്ത് സംഭാഷണം തുടങ്ങുന്നതിനുള്ള ഉപാധിയായി അവ ഉപയോഗിക്കുക.
11 സംഭാഷണം ആരംഭിക്കുക വളരെ ദുഷ്കരമാണെന്ന് ഒരിക്കലും കരുതരുത്. പൗലൊസ് അപ്പോസ്തലൻ പറഞ്ഞത് ഓർമിക്കുക: “ഞങ്ങൾ ഞങ്ങളിൽത്തന്നെ മതിയാംവണ്ണം യോഗ്യരാണെന്നല്ല . . . , പിന്നെയോ ഞങ്ങളുടെ മതിയായ യോഗ്യത ദൈവത്തിൽനിന്നു വരുന്നു.” (2 കൊരി. 3:5, NW) ആളുകളുടെ ജീവൻ അപകടത്തിലാണ്. ദൈവപരിജ്ഞാനത്തിന്റെ താക്കോൽ ഉപയോഗിച്ച് നിത്യജീവനിലേക്കുള്ള മാർഗം തുറന്നുകൊടുക്കുക എന്നതു നമുക്കുള്ള ദൈവദത്ത നിയോഗമാണ്. നമുക്കു ക്രിയാത്മകമായ മനോഭാവമുള്ളവരായിരിക്കാം. ഒപ്പം, ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം എല്ലാത്തരം ആളുകൾക്കും നൽകുന്നതിനു ലഘുലേഖകൾ നമുക്കു ഫലപ്രദമായി ഉപയോഗിക്കാം.