ചോദ്യപ്പെട്ടി
◼ സൊസൈറ്റിയുടെ ലൊണാവ്ലയിലുള്ള ബ്രാഞ്ചോ ബാംഗ്ലൂരിലെ നിർമാണസ്ഥലമോ സന്ദർശിക്കുമ്പോൾ നമ്മുടെ വസ്ത്രധാരണത്തിനും ചമയത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്?
ക്രിസ്ത്യാനികൾ ഉചിതമായ മാന്യതയുള്ളവരായിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. നമ്മുടെ വസ്ത്രധാരണവും ചമയവും എല്ലായ്പോഴും യഹോവയുടെ ദാസർക്ക് അനുയോജ്യമായ വിധത്തിൽ സഭ്യതയും അന്തസ്സും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോകത്തിലെവിടെയുമുള്ള സൊസൈറ്റിയുടെ ഓഫീസുകളും മറ്റും സന്ദർശിക്കുമ്പോൾ ഇതു പ്രത്യേകിച്ചും സത്യമാണ്.
1998-ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളും സാർവദേശീയ കൺവെൻഷനുകളും നടത്തപ്പെടുന്നതായിരിക്കും. നിരവധി രാജ്യങ്ങളിൽനിന്നുള്ള നമ്മുടെ ആയിരക്കണക്കിനു സഹോദരങ്ങൾ സൊസൈറ്റിയുടെ ന്യൂയോർക്കിലുള്ള ഹെഡ്ക്വാർട്ടേഴ്സും ഇന്ത്യയിലേത് ഉൾപ്പെടെയുള്ള മറ്റു ബ്രാഞ്ചുകളും സന്ദർശിക്കും. ഇവിടങ്ങളിൽ സന്ദർശനം നടത്തുമ്പോൾ മാത്രമല്ല മറ്റേത് അവസരങ്ങളിലും നാം നമ്മേത്തന്നെ ‘സകലത്തിലും ദൈവത്തിന്റെ ശുശ്രൂഷകൻമാരായി കാണിക്കുന്ന’വരായിരിക്കേണ്ടതുണ്ട്.—2 കൊരി. 6:3, 4.
ഉചിതമായ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു ചർച്ചചെയ്യവേ നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകം വയൽസേവനത്തിൽ പങ്കെടുക്കുമ്പോഴും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുമ്പോഴും ഉണ്ടായിരിക്കേണ്ട ശാരീരിക ശുദ്ധിയുടെയും മാന്യമായ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും ആവശ്യത്തെക്കുറിച്ചു പ്രതിപാദിച്ചു. അതിനുശേഷം 131-ാം പേജിലെ 2-ാം ഖണ്ഡികയിൽ അതിപ്രകാരം പ്രസ്താവിക്കുന്നു: “ബ്രുക്ലിനിലെ ബെഥേൽ ഭവനമോ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസുകളിൽ ഏതെങ്കിലുമോ സന്ദർശിക്കുമ്പോഴും ഇതുതന്നെ ബാധകമാണ്. ബെഥേൽ എന്ന പേരിന്റെ അർഥം ‘ദൈവത്തിന്റെ ഭവനം’ എന്നാണെന്ന് ഓർക്കുക. തന്നിമിത്തം നമ്മുടെ വേഷവും ചമയവും നടത്തയും രാജ്യഹാളിൽ ആരാധനയ്ക്കായുള്ള യോഗങ്ങളിൽ ഹാജരാകുമ്പോൾ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതിനോടു സമാനമായിരിക്കണം.” ബെഥേൽ കുടുംബത്തിലെ അംഗങ്ങളോടൊത്തു സഹവസിക്കുന്നതിനും ബ്രാഞ്ച് സൗകര്യങ്ങൾ സന്ദർശിക്കുന്നതിനും സമീപപ്രദേശങ്ങളിൽനിന്നും വിദൂരസ്ഥലങ്ങളിൽനിന്നും എത്തുന്ന രാജ്യപ്രസാധകർ ഇതേ ഉയർന്ന നിലവാരം പുലർത്തുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കണം.
നമ്മുടെ വസ്ത്രങ്ങൾക്ക് മറ്റുള്ളവരുടെമേൽ, യഹോവയുടെ സത്യാരാധനയെ അവരെങ്ങനെ വീക്ഷിക്കുന്നു എന്നതിന്റെ കാര്യത്തിൽ, ഒരു ക്രിയാത്മക സ്വാധീനം ചെലുത്താൻ സാധിക്കണം. എങ്കിലും, ചില സഹോദരങ്ങൾ സൊസൈറ്റിയുടെ ഓഫീസുകളും മറ്റും സന്ദർശിക്കുമ്പോൾ അങ്ങേയറ്റം അശ്രദ്ധമായി വസ്ത്രധാരണം നടത്തുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത്തരം വസ്ത്രധാരണം ബെഥേൽ ഭവനങ്ങൾ സന്ദർശിക്കുമ്പോൾ ഉചിതമായിരിക്കുന്നില്ല. നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ മറ്റു വശങ്ങളുടെ കാര്യത്തിലെന്നപോലെ, ഈ വിഷയം സംബന്ധിച്ചും നാം, എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്തുകൊണ്ട്, ദൈവജനത്തെ ലോകക്കാരിൽനിന്നു വ്യത്യസ്തരാക്കുന്ന അതേ ഉയർന്ന നിലവാരം പുലർത്താനാഗ്രഹിക്കുന്നു. (റോമ. 12:2; 1 കൊരി. 10:31) ആദ്യമായി ബെഥേൽ സന്ദർശിക്കുന്ന നമ്മുടെ ബൈബിൾ വിദ്യാർഥികളുമായും മറ്റുള്ളവരുമായും ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതും ഉചിതമായ വസ്ത്രധാരണവും ചമയവും ഉണ്ടായിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമിപ്പിക്കുന്നതും നല്ലതായിരിക്കും.
അതുകൊണ്ട് സൊസൈറ്റിയുടെ ബ്രാഞ്ച് സന്ദർശിക്കുമ്പോൾ സ്വയം ചോദിക്കുക: ‘എന്റെ വസ്ത്രധാരണവും ചമയവും മാന്യമാണോ?’ (മീഖാ 6:8 താരതമ്യം ചെയ്യുക.) ‘അതു ഞാൻ ആരാധിക്കുന്ന ദൈവത്തിനു മഹത്ത്വം കൊടുക്കുന്നുവോ? മറ്റുള്ളവർക്ക് എന്റെ വസ്ത്രധാരണം നിമിത്തം അസ്വസ്ഥതയോ ഇടർച്ചയോ ഉണ്ടാകുമോ? ഒരുപക്ഷേ ആദ്യമായി സന്ദർശിക്കുന്നവർക്ക് ഞാനൊരു നല്ല മാതൃകയാണോ വെക്കുന്നത്?’ നാം നമ്മുടെ വസ്ത്രധാരണത്താലും ചമയത്താലും എല്ലായ്പോഴും “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരി”ക്കുമാറാകട്ടെ.—തീത്തൊ. 2:9.