ക്രിസ്തുവിന്റെ മരണത്തിന്റെ ലോകവ്യാപക സ്മാരകാചരണം
1 യഹോവ നമ്മെ അനേക ദാനങ്ങളാൽ അനുഗ്രഹിച്ചിരിക്കുന്നു. അവന്റെ നന്മയുടെയും കൃപയുടെയും ആകെത്തുകയെ ‘അവർണ്ണനീയമായ ദാനം’ എന്നു വ്യക്തമായി വർണിച്ചിരിക്കുന്നു. അതേ, നമുക്കു വർണിക്കാൻ സാധിക്കാത്തത്ര അത്ഭുതകരമാണ് “ദൈവകൃപ.”—2 കൊരി. 9:14, 15, പി.ഒ.സി. ബൈബിൾ.
2 അവന്റെ അതിമഹത്തായ ദാനം: മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പുകാരൻ എന്നനിലയിൽ യേശുവിനെ നൽകിയതാണ് അവന്റെ ഏറ്റവും മഹത്തായ ദാനം. മനുഷ്യവർഗ ലോകത്തോടുള്ള തന്റെ ആഴമായ സ്നേഹത്തിന്റെ പ്രകടനമായി യഹോവ തന്റെ ഏകജാത പ്രിയ പുത്രനെ നൽകി. (യോഹ. 3:16) ദൈവത്തിൽനിന്നുള്ള അത്തരമൊരു അനർഹ അനുഗ്രഹം ലോകവ്യാപകമായി സ്മരിക്കപ്പെടേണ്ടതുണ്ട്. എന്നാൽ എപ്പോൾ, എങ്ങനെ? സർവ ത്യാഗങ്ങളിലും വെച്ച് അതിമഹത്തായ ഈ ത്യാഗത്തിന്റെ സ്മാരകം എന്ന നിലയിൽ ലോകവ്യാപകമായി ക്രിസ്ത്യാനികൾ 1999 ഏപ്രിൽ 1 വ്യാഴാഴ്ച കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനായി കൂടിവരും.—1 കൊരി. 11:20, 23-26.
3 “നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ” ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. (റോമ. 5:8) അവന്റെ മരണത്തിന്റെ സ്മാരകം ആചരിച്ചുകൊണ്ടും സർവപ്രധാനമായ ഈ അവസരത്തിൽ നമ്മോടൊപ്പം സന്നിഹിതരാകാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ടും നമുക്ക് വ്യക്തിപരമായ കൃതജ്ഞത പ്രകടമാക്കാൻ കഴിയും.
4 സർവപ്രധാന സംഭവം: ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണം പ്രാഥമികമായി എടുത്തുകാട്ടുന്നത്, അവൻ വീഴ്ചകൂടാതെ ദൈവത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിച്ചു എന്നതാണ്. യേശുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് രക്ഷ ഉറപ്പാക്കുംവിധം യഹോവയുടെ മുമ്പാകെ നമുക്ക് ശുദ്ധമായ ഒരു നില ആസ്വദിക്കാൻ സാധിക്കുമെന്നും അതു നമ്മെ ഓർമിപ്പിക്കുന്നു. (പ്രവൃ. 4:12) അതേ, വാസ്തവമായും അതാണ് ഈ വർഷത്തെ സർവപ്രധാന സംഭവം!
5 നമ്മോടൊപ്പം കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കാൻ അയൽക്കാരെ ക്ഷണിക്കുമ്പോൾ നമുക്ക് അവരോടുള്ള സ്നേഹം പ്രകടമാകുന്നു. മറുവിലയുടെ അതിശ്രേഷ്ഠ മൂല്യം മനസ്സിലാക്കുന്ന ദശലക്ഷങ്ങൾക്കു തുടർന്നും അതിന്റെ പ്രയോജനങ്ങൾ ലഭ്യമാണ്. (ഫിലി. 3:8) ക്രിസ്തുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നവർക്കു നിത്യജീവന്റെ ഉറച്ച പ്രത്യാശ നേടാനാകും.—യോഹ. 17:3.
6 ദൈവത്തിന്റെ അതിമഹത്തായ അനർഹദയയോടു വിലമതിപ്പു പ്രകടിപ്പിക്കാനുള്ള പ്രത്യേക അവസരങ്ങൾ സ്മാരകകാലം പ്രദാനം ചെയ്യുന്നു. ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ സതീക്ഷ്ണം പങ്കെടുക്കാനുള്ള ഒരു വിശിഷ്ട അവസരമാണ് ഇത്. യഹോവയുടെ ഈ അവർണനീയ ദാനത്തെ കുറിച്ച് പ്രാർഥനാപൂർവം വിചിന്തനം ചെയ്യുന്നവരും കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ഈ വർഷത്തെ ആചരണത്തിനു ഹാജരാകാൻ ആസൂത്രണം ചെയ്യുന്നവരുമായ എല്ലാവരെയും മഹത്തായ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു!