നാം യഹോവയാൽ പഠിപ്പിക്കപ്പെടുന്നു
1 ദിവ്യ മാർഗനിർദേശത്തിൻ കീഴിൽ ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടി ഇപ്പോൾ 233 ദേശങ്ങളിൽ സജീവമാണ്. ഈ ലോകം വെച്ചുനീട്ടുന്ന യാതൊന്നിനെയും അതുമായി താരതമ്യം ചെയ്യാനാകില്ല. ഈ വിദ്യാഭ്യാസ പരിപാടിയിലൂടെ മഹോപദേഷ്ടാവായ യഹോവ ഇപ്പോഴത്തെ പ്രയോജനത്തിനായും ഭാവിയിലെ നിത്യജീവനായും നമ്മെ അഭ്യസിപ്പിക്കുന്നു.—യെശ. 30:20; 48:17.
2 ദിവ്യ പ്രബോധനത്തിന്റെ സ്കൂളുകൾ: യഹോവയുടെ ജനത്തിന്റെ പ്രയോജനത്തിനായി നിലവിലുള്ള വ്യത്യസ്ത സ്കൂളുകളെ കുറിച്ച് ചിന്തിക്കുക. വാരംതോറും 87,000-ഓളം സഭകളിൽ നടത്തപ്പെടുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ സുവാർത്തയുടെ ഫലപ്രദരായ ശുശ്രൂഷകർ ആകാൻ ദശലക്ഷക്കണക്കിനു രാജ്യപ്രസാധകരെ പരിശീലിപ്പിക്കുന്നു. നിങ്ങൾ അതിൽ പേർ ചാർത്തിയിട്ടുണ്ടോ? രണ്ടാഴ്ചത്തെ പയനിയർ സേവനസ്കൂളിൽ സംബന്ധിച്ച ആയിരക്കണക്കിന് ആളുകളിൽ നിങ്ങളും ഉൾപ്പെടുന്നുവോ? സാധാരണ പയനിയർമാരുടെ മണിക്കൂർ വ്യവസ്ഥയിൽ വരുത്തിയ കുറവു നിമിത്തം കൂടുതൽ പേർക്ക് പയനിയർമാരായി സേവിക്കാനും അങ്ങനെ ഈ സ്കൂളിൽ പങ്കെടുക്കാനും ഉള്ള അവസരം ലഭിച്ചേക്കാം. ഇപ്പോൾ ലോകവ്യാപകമായി പ്രധാന ഭാഷകളിൽ നടത്തപ്പെടുന്ന രണ്ടു മാസം ദൈർഘ്യമുള്ള ശുശ്രൂഷാ പരിശീലന സ്കൂൾ വലിയ ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റാൻ അവിവാഹിത മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും സജ്ജരാക്കുന്നു. രാജ്യശുശ്രൂഷാ സ്കൂളിലൂടെ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ഇടയ്ക്കിടെ പ്രത്യേക പ്രബോധനം ലഭിക്കുന്നു.
3 ഉന്നത ദിവ്യാധിപത്യ പരിശീലനം നൽകുന്ന മൂന്നു പ്രത്യേക സ്കൂളുകൾ ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തപ്പെടുന്നു. അഞ്ചു മാസം ദൈർഘ്യമുള്ള വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ വിദേശ വയലുകളിൽ മിഷനറിമാരായി സേവിക്കുന്നതിനു ശുശ്രൂഷകരെ ഒരുക്കുന്നു. ലോകമെമ്പാടുമുള്ള ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സംഘാടനം സംബന്ധിച്ച രണ്ടു മാസത്തെ കോഴ്സിൽ സംബന്ധിക്കുന്നു. 1999 മേയിൽ, സഞ്ചാര മേൽവിചാരകന്മാർക്കായി രണ്ടു മാസം ദൈർഘ്യമുള്ള ഒരു പുതിയ കോഴ്സ് ആരംഭിക്കുകയുണ്ടായി. ഐക്യനാടുകളിലെയും കാനഡയിലെയും 48 വിദ്യാർഥികൾ ആ ക്ലാസ്സിൽ പങ്കെടുത്തു. ഇത്തരം വ്യത്യസ്ത സ്കൂളുകളിലൂടെ യഹോവ പ്രദാനം ചെയ്യുന്ന പരിശീലനം ആത്യന്തികമായി അവന്റെ എല്ലാ ദാസന്മാരുടെയും പ്രയോജനത്തിൽ കലാശിക്കുന്നു.
4 എന്ത് ഉദ്ദേശ്യത്തിനായി പഠിപ്പിക്കപ്പെടുന്നു? ഭരണസംഘത്തിലെ ഒരംഗം ഇപ്രകാരം പ്രസ്താവിച്ചു: “സദൃശവാക്യങ്ങൾ 1:1-4-ൽ വർണിച്ചിരിക്കുന്ന പക്വതയുടെ ഉത്തമാവസ്ഥയിലേക്ക് എല്ലായിടത്തുമുള്ള യഹോവയുടെ ജനത്തെ കൊണ്ടുവരാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ പരിപാടി.” നമുക്ക് ഓരോരുത്തർക്കും യഹോവ തുടർന്നും “പഠിപ്പിക്കപ്പെട്ടവരുടെ നാവ്” നൽകുമാറാകട്ടെ.—യെശ. 50:4, NW.