യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക
1 തങ്ങളുടെ ശുശ്രൂഷയുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം യേശു തന്റെ ശിഷ്യന്മാർക്കു വ്യക്തമാക്കിക്കൊടുത്തു. (മത്താ. 9:37, 38) സ്തുതിയും നന്ദിപ്രകടനവും അതുപോലെതന്നെ ഉള്ളുരുകിയുള്ള യാചനകളും അപേക്ഷകളും ഉൾപ്പെടുന്ന നമ്മുടെ ഹൃദയംഗമമായ പ്രാർഥനകൾ സഹായത്തിനായി നാം യഹോവയിൽ പൂർണമായി ആശ്രയിക്കുന്നുവെന്നു പ്രകടമാക്കുന്നു. (ഫിലി. 4:6, 7) “സകലപ്രാർത്ഥനയാലും യാചനയാലും” അപേക്ഷിക്കുന്നതിൽ തുടരാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ശുശ്രൂഷയോടു ബന്ധപ്പെട്ട നമ്മുടെ പ്രാർഥനയുടെ കാര്യത്തിലും ഇതു സത്യമാണ്.—എഫെ. 6:18.
2 യഹോവയുടെ അതിശ്രേഷ്ഠ ഗുണങ്ങളെയും പ്രവൃത്തികളെയും പ്രതി പ്രാർഥനയിൽ നാം അവനെ സ്തുതിക്കുന്നു. നാം പ്രസംഗിക്കുന്ന സുവാർത്തയുടെ ഉറവിടം എന്ന നിലയിലും നാം അവനെ സ്തുതിക്കുന്നു. നമ്മുടെ ശുശ്രൂഷയെ വിജയിപ്പിക്കുന്നത് യഹോവയല്ലാതെ മറ്റാരുമല്ല; അതുകൊണ്ട് അവൻ നമ്മുടെ സ്തുതി അർഹിക്കുന്നു.—സങ്കീ. 127:1.
3 നമ്മുടെ കൃതജ്ഞതാ പ്രാർഥനകൾ തന്റെ ഹിതവും ഉദ്ദേശ്യവും സംബന്ധിച്ച് യഹോവ നമുക്കു നൽകിയിരിക്കുന്ന ഗ്രാഹ്യത്തോടുള്ള വിലമതിപ്പിനെയും പ്രകടിപ്പിക്കുന്നു. മറ്റുള്ളവരുമായി രാജ്യസത്യം പങ്കുവെക്കുന്നത് ഒരു പദവിയല്ലേ? ശുശ്രൂഷയിൽ കൈവരിക്കുന്ന എല്ലാ നേട്ടങ്ങളെയും പ്രതി നാം യഹോവയ്ക്കു നന്ദി കരേറ്റുന്നു.—സങ്കീ. 107:8, NW; എഫെ. 5:20.
4 ബൈബിൾ പഠിക്കാൻ സന്നദ്ധരായ ആളുകളെ കണ്ടെത്തി സത്യം അവരുടെ ഹൃദയങ്ങളിൽ എത്തിക്കുന്നതിലും നാം യഹോവയുടെ സഹായം അപേക്ഷിക്കുന്നു, അതും വളരെ ഉചിതമാണ്. അപ്രകാരം ചെയ്യുന്നതിലൂടെ, ശുശ്രൂഷയിലെ നമ്മുടെ പ്രവർത്തനം ഫലകരമാക്കാൻ യഹോവയ്ക്കു മാത്രമേ സാധിക്കൂ എന്നു നാം അംഗീകരിക്കുകയാണ്.—1 കൊരി. 3:5-7.
5 തന്റെ മാസികാറൂട്ടിലുള്ള ഒരു സ്ത്രീ വീക്ഷാഗോപുരവും ഉണരുക!യും വായിക്കുന്നില്ലെന്ന് ഒരു സഹോദരിക്കു തോന്നി. ഈ അമൂല്യ പത്രികകൾ പാഴാക്കിക്കളയാൻ ആഗ്രഹിക്കാഞ്ഞ ഈ സഹോദരി ആ സ്ത്രീ അതു വായിക്കുന്നില്ലെങ്കിൽ, അവ നിരസിക്കാൻ ഇടയാക്കണമേ എന്നു യഹോവയോട് അപേക്ഷിച്ചു. അടുത്ത സന്ദർശനത്തിൽ ആ സ്ത്രീയുടെ ഭർത്താവ് സഹോദരിയോടു പറഞ്ഞു: “ഈ മാസികകൾ പതിവായി ഇവിടെ എത്തിക്കുന്നതിനു നന്ദി. അവ വായിക്കുന്നത് എനിക്കു വളരെ ഇഷ്ടമാണ്.”
6 നിസ്സംഗതാ മനോഭാവത്തെയും പരിഹാസത്തെയും നേരിടാനും മറ്റുള്ളവരോടു നിർഭയം സുവാർത്ത പ്രസംഗിക്കാനായി മാനുഷ ഭയത്തെ തരണം ചെയ്യാനുമുള്ള സഹായത്തിനായി, താഴ്മയോടും ആത്മാർഥതയോടും കൂടി നമുക്കു യഹോവയോടു യാചിക്കാനാകും. (പ്രവൃ. 4:31) വിശുദ്ധ സേവനത്തിൽ അനുസരണത്തോടെ മുന്നേറവെ, “സകലപ്രാർത്ഥനയാലും യാചനയാലും” അപേക്ഷിക്കുന്നതിൽ തുടരുന്നെങ്കിൽ, യഹോവയുടെ സഹായം ലഭിക്കുമെന്നതിൽ നമുക്ക് ഉറപ്പുള്ളവർ ആയിരിക്കാം.—1 യോഹ. 3:22.