പുതിയ സർക്കിട്ട് സമ്മേളന പരിപാടി
യഹോവയോട് ഒപ്പം നടക്കുന്നതുകൊണ്ട് നിങ്ങൾക്ക് ഇപ്പോൾ എന്തു പ്രായോഗിക പ്രയോജനങ്ങളാണു ലഭിക്കുന്നത്? രാജ്യതാത്പര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കുക ദുഷ്കരമായിത്തീരത്തക്ക വിധം ദിവ്യാധിപത്യപരമല്ലാത്ത കാര്യങ്ങൾ പിന്തുടരാനുള്ള പ്രലോഭനങ്ങളെ നിങ്ങൾക്ക് എങ്ങനെ ചെറുത്തുനിൽക്കാനാകും? (മത്താ. 6:33) തെറ്റിനെ ശരിയാക്കി വരച്ചുകാട്ടുന്ന ഇന്നത്തെ ലോകത്തിൽ തെറ്റും ശരിയും വിവേചിക്കുക ബുദ്ധിമുട്ടായി നിങ്ങൾക്കു തോന്നുന്നുണ്ടോ? (എബ്രാ. 5:14) 2000 ഫെബ്രുവരിയിൽ തുടങ്ങുന്ന “ദൈവത്തിന്റെ വഴികളിൽ നടന്നുകൊണ്ട് ഇപ്പോൾ പ്രയോജനം നേടുക” എന്ന സർക്കിട്ട് സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും.—സങ്കീ. 128:1.
ശനിയാഴ്ച അവതരിപ്പിക്കുന്ന മാതൃകാ സേവനയോഗ പരിപാടി ഈ സർക്കിട്ട് സമ്മേളനത്തിന്റെ ഒരു പുതിയ സവിശേഷത ആയിരിക്കും. ഈ പരിപാടി പൂർണമായി ആസ്വദിക്കാൻ സാധിക്കും വിധം, ഇതിൽ എന്തൊക്കെയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു സർക്കിട്ട് മേൽവിചാരകന്മാർ സഭകളെ അറിയിക്കുന്നതായിരിക്കും.
“പയനിയർമാരേ, നിങ്ങളുടെ നടത്ത സംബന്ധിച്ച് നിതാന്ത ജാഗ്രത പുലർത്തുക” എന്ന ഭാഗം പയനിയർ ശുശ്രൂഷയ്ക്കായി അവസരോചിതമായ സമയം വിലയ്ക്കു വാങ്ങുന്ന കാര്യത്തിൽ എങ്ങനെ ജ്ഞാനവും ന്യായയുക്തതയും പ്രകടമാക്കാം എന്നു കാണിക്കും. (എഫെ. 5:15-17, NW) “ശരിയെന്നു തോന്നിച്ചേക്കാവുന്ന വഴികൾ സംബന്ധിച്ച് ജാഗ്രത ഉള്ളവർ ആയിരിക്കുക” എന്ന വിഷയം ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ദൈവത്തിനു സ്വീകാര്യമായ കാര്യങ്ങൾ ഏതെന്ന് എപ്രകാരം ഉറപ്പുവരുത്താൻ കഴിയും എന്നു നമ്മെ പഠിപ്പിക്കും. “നിവൃത്തിയേറിയ പ്രവചനം നമ്മെ ബാധിക്കുന്ന വിധം” എന്ന പ്രസംഗം ദൈവവചനത്തോടുള്ള സ്നേഹത്താൽ മനസ്സിനെയും ഹൃദയങ്ങളെയും നിറയ്ക്കാൻ നമ്മെ സഹായിക്കും. “ദൈവത്തിന്റെ വഴികൾ—എത്ര പ്രയോജനപ്രദം!” എന്ന പരസ്യപ്രസംഗം യഹോവയുടെ നീതിയുള്ള വ്യവസ്ഥകൾക്കു ചേർച്ചയിൽ നടക്കുന്നതിനാൽ ഇപ്പോൾ ലഭിക്കുന്ന പ്രായോഗിക പ്രയോജനങ്ങൾ ഊന്നിപ്പറയും.
ദൈവത്തിന്റെ സമർപ്പിത ദാസന്മാരിൽ ഒരുവനായി അവന്റെ വഴികളിൽ നടക്കാൻ ആഗ്രഹിക്കുന്നുവെന്നു ജലസ്നാപനത്തിലൂടെ പരസ്യമായി പ്രകടമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ അധ്യക്ഷ മേൽവിചാരകനു കഴിയേണ്ടതിന് അദ്ദേഹത്തോടു സംസാരിക്കുക.
ഈ കാലോചിത സർക്കിട്ട് സമ്മേളനം നഷ്ടപ്പെടുത്താതിരിക്കാൻ ദൃഢനിശ്ചയം ചെയ്യുക. രണ്ടു ദിവസത്തെ മുഴു പരിപാടികളിലും സംബന്ധിക്കുക. എന്തെന്നാൽ “യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും സന്തുഷ്ടനാകുന്നു.”—സങ്കീ. 128:1, NW.