അറിയിപ്പുകൾ
◼ ആഗസ്റ്റ് മാസത്തേക്കുള്ള സാഹിത്യ സമർപ്പണം: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?* ഉചിതമായിരിക്കുന്നിടങ്ങളിൽ, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?* എന്നീ ലഘുപത്രികകളും സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകൾ. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം.
◼ എല്ലാ സമുദായങ്ങളിലും വർഷത്തിൽ പലപ്പോഴായി സ്കൂളുകൾക്കും തൊഴിൽസ്ഥാപനങ്ങൾക്കും അവധി ലഭിക്കാറുണ്ട്. സഭയ്ക്ക് വയൽശുശ്രൂഷയിൽ കൂടുതൽ പങ്കെടുക്കാനുള്ള നല്ല അവസരങ്ങളാണ് ഇത്. ഇതിനായി മൂപ്പന്മാർ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഒഴിവുകാലങ്ങളിൽ കൂട്ടസാക്ഷീകരണത്തിനായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെ കുറിച്ച് സഭയെ മുന്നമേ അറിയിക്കുകയും ചെയ്യണം.
◼ ഓരോ സഭയ്ക്കും മൂന്ന് സാഹിത്യ ഇനവിവര ഫാറങ്ങൾ (S-AB-18) ലഭിക്കുന്നതായിരിക്കും. ആഗസ്റ്റ് ആദ്യം സഭാ സെക്രട്ടറി സാഹിത്യദാസനുമായി കൂടിയാലോചിച്ചു മാസാവസാനം സഭയുടെ സാഹിത്യ ശേഖരത്തിന്റെ ഇനവിവരമെടുക്കാൻ ഒരു തീയതി നിശ്ചയിക്കേണ്ടതാണ്. എല്ലാ സാഹിത്യശേഖരവും കണിശമായും എണ്ണി തിട്ടപ്പെടുത്തിയശേഷം മൊത്തം എണ്ണം സാഹിത്യ ഇനവിവര ഫാറത്തിൽ ചേർക്കണം. കൈവശമുള്ള മാസികകളുടെ മൊത്തം എണ്ണം മാസികാദാസന്റെ പക്കൽനിന്നും ശേഖരിക്കാവുന്നതാണ്. ഫാറത്തിന്റെ അസ്സൽ ദയവായി സെപ്റ്റംബർ 6-നു മുമ്പായി സൊസൈറ്റിക്ക് അയയ്ക്കുക. ഒരു കാർബൺ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്. ഇനവിവരം സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം തയ്യാറാക്കേണ്ടത്. പൂർത്തിയാക്കിയ ഫാറം അധ്യക്ഷ മേൽവിചാരകൻ പരിശോധിക്കണം. സെക്രട്ടറിയും അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം.
◼ സഭാ അപഗ്രഥന റിപ്പോർട്ടു ഫാറത്തിൽ (S-10) ചേർക്കേണ്ടതിനു സഭാ സെക്രട്ടറി ആവശ്യമായ വിവരങ്ങൾ സമാഹരിക്കും. പ്രസാധക രേഖാ കാർഡുകളിൽനിന്ന് (S-21) ആവശ്യമായ വിവരങ്ങൾ കൃത്യമായി പട്ടികപ്പെടുത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന്, റിപ്പോർട്ട് സമാഹരിക്കാൻ തന്നെ സഹായിക്കുന്ന മൂപ്പന് അല്ലെങ്കിൽ ശുശ്രൂഷാദാസന് അദ്ദേഹം ശ്രദ്ധാപൂർവം നിർദേശങ്ങൾ നൽകും. ഫാറം പൂരിപ്പിക്കുന്നതിനു മുമ്പ് ദയവായി അതിൽ നൽകിയിരിക്കുന്ന എല്ലാ നിർദേശങ്ങളും സശ്രദ്ധം വായിക്കുക. സഭാ അപഗ്രഥന റിപ്പോർട്ട് ഫാറം കൃത്യമായും വൃത്തിയായും പൂരിപ്പിക്കണം. ഒപ്പിടുന്നതിനുമുമ്പു സേവനക്കമ്മിറ്റി ശ്രദ്ധാപൂർവം അതു പരിശോധിക്കുകയും വേണം. S-10 ഫാറത്തിന്റെ അസ്സൽ ദയവായി സെപ്റ്റംബർ 10-നു മുമ്പ് സൊസൈറ്റിക്ക് അയയ്ക്കുക; ഒരു കാർബൺ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക.
◼ 1999 ആഗസ്റ്റ് 16 മുതൽ ആഗസ്റ്റ് 31 വരെ സൊസൈറ്റി ലൊണാവ്ല ബെഥേലിലും കോട്ടയത്തും ചെന്നൈയിലും ഉള്ള ബുക്ക് ഡിപ്പോയിലെയും എല്ലാ സാഹിത്യങ്ങളുടെയും ഇനവിവരമെടുക്കുന്നതായിരിക്കും. തന്മൂലം, ഈ ദിവസങ്ങളിൽ സാഹിത്യത്തിനായുള്ള സഭാ ഓർഡറുകൾ ലഭിക്കുമ്പോൾ പുസ്തകങ്ങൾ അയയ്ക്കുന്നതായിരിക്കില്ല.
◼ ലഭ്യമായ പുതിയ സാഹിത്യങ്ങൾ:
പ്രാഥമിക ബൈബിൾ പഠിപ്പിക്കലുകൾ (സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കായി നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിൽനിന്നുള്ള ചോദ്യങ്ങൾ അടങ്ങിയ 32 പേജുള്ള ചെറുപുസ്തകം)-ആസാമീസ്.
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക—ഹിന്ദി (29 ഗീതങ്ങളുള്ള ലഘുപത്രിക). സഭകൾക്ക് തങ്ങളുടെ ഓർഡറുകൾ സൊസൈറ്റിക്ക് അയയ്ക്കാവുന്നതാണ്. പയനിയർമാർക്കും പ്രസാധകർക്കും പൊതുജനങ്ങൾക്കും പ്രതി ഒന്നിന് 5:00 രൂപ എന്ന നിരക്കിൽ അതു ലഭ്യമായിരിക്കും.
*മലയാളത്തിൽ ലഭ്യമല്ല