‘എനിക്ക് എന്തു ചെയ്യാൻ കഴിയും?’
1 ‘എനിക്ക് എന്തു ചെയ്യാൻ കഴിയും?’ 1870-കളിൽ ചാൾസ് റ്റെയ്സ് റസ്സൽ സംഘടിപ്പിച്ച ചെറിയ ബൈബിൾ അധ്യയന കൂട്ടത്തിലെ ഓരോരുത്തരുടെയും മനസ്സിൽ ആ ചോദ്യം ഉണ്ടായിരുന്നു എന്നതിനു സംശയമില്ല. ദൈവേഷ്ടം സംബന്ധിച്ച അവരുടെ ഗ്രാഹ്യം വർധിച്ചപ്പോൾ, ദൈവോദ്ദേശ്യത്തെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് ആ ആദ്യകാല ബൈബിൾ വിദ്യാർഥികൾ ചിന്തിച്ചിരുന്നിരിക്കണം. തങ്ങൾ സമ്പാദിച്ചുകൊണ്ടിരുന്ന ബൈബിൾ പരിജ്ഞാനവുമായി ലോകമെമ്പാടുമുള്ള ആളുകളെ സമീപിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ബൃഹത്തായ ഒരു വേലതന്നെയായിരുന്നു.
2 നമുക്കുവേണ്ടി അവർ സസന്തോഷം ആ വെല്ലുവിളി ഏറ്റെടുത്തു. എങ്ങനെ? ഓരോ വ്യക്തിയും തങ്ങളുടെ ഭാഗം നിർവഹിച്ചു, ഒരുപക്ഷേ അത് അപ്രധാനമെന്നു തോന്നിയിരിക്കാമെങ്കിലും. അതിന്റെ ഫലമായി, 234 രാജ്യങ്ങളിലെയും സമുദ്രദ്വീപുകളിലെയും 90,000-ത്തോളം വരുന്ന സഭകളിലായി സേവിക്കുന്ന അറുപതു ലക്ഷത്തിനടുത്ത രാജ്യ ഘോഷകരുള്ള ഒരു സംഘടനയെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ ഇന്നു ലോകമെമ്പാടും പരക്കെ അറിയപ്പെടുന്നു!—യെശ. 60:22.
3 നിങ്ങൾ പൂർണ പിന്തുണ നൽകുക: ഈ അന്ത്യനാളുകളിൽ നിർവഹിക്കപ്പെടുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞ ഈ ബൃഹത്തായ വേലയിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കുണ്ടായിരിക്കുന്നത് അതിപ്രധാനമായ ഒരു സംഗതിയാണ്. (മർക്കൊ. 13:10) ഏതാനും മൂപ്പന്മാർക്കു മാത്രമായി വിട്ടുകൊടുക്കേണ്ട ഒരു വേലയല്ല ഈ പ്രസംഗപ്രവർത്തനം. അല്ലെങ്കിൽ പയനിയർമാർ മാത്രം ചെയ്യേണ്ട ഒരു വേലയുമല്ല ഇത്. വാസ്തവത്തിൽ, ഓരോ സമർപ്പിത ക്രിസ്ത്യാനിക്കും ഇതിൽ ഒരു സുപ്രധാന പങ്കുണ്ട്. സുവാർത്താ പ്രസംഗത്തിന്റെ ഏതെങ്കിലും വശങ്ങളിൽ നമുക്കേവർക്കും പങ്കെടുക്കാൻ കഴിയും. (1 തിമൊ. 1:12) നാം ഇത് ഏതളവോളം ചെയ്താലും നമുക്കും മറ്റുള്ളവർക്കും അതു പ്രയോജനം ചെയ്യും.—1 തിമൊ. 4:16.
4 നമുക്ക് ഓരോരുത്തർക്കും, ക്രിസ്തീയ സഹോദരവർഗത്തിനു പൂർണ പിന്തുണ നൽകാൻ കഴിയുന്ന മറ്റ് സുപ്രധാന വിധങ്ങളും ഉണ്ട്. സഭാ യോഗങ്ങളിൽ ക്രമമായി ഹാജരായിക്കൊണ്ടും ഉത്സാഹപൂർവം അതിൽ പങ്കുപറ്റിക്കൊണ്ടും നമുക്ക് ആ ക്രമീകരണത്തെ പിന്തുണയ്ക്കാവുന്നതാണ്. (സങ്കീ. 122:1, 8, 9) സഭയെ ധാർമിക ശുദ്ധിയുള്ളതായി സൂക്ഷിക്കുന്നതിൽ നമുക്കു നമ്മുടെ പങ്കു നിർവഹിക്കാം. നമ്മുടെ പ്രാപ്തിക്കനുസരിച്ച് ലോകവ്യാപക വേലയ്ക്കു സാമ്പത്തിക പിന്തുണ നൽകാൻ കഴിയും. രാജ്യഹാൾ ശുചീകരണത്തിൽ നമുക്കു പങ്കുപറ്റാൻ കഴിയും. പുതിയവരെയും ചെറുപ്പക്കാരെയും പ്രായമായവരെയും എല്ലാം സഹായിച്ചുകൊണ്ട് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഊഷ്മളമായ ആത്മാവ് സഭയിൽ ഉന്നമിപ്പിക്കാൻ നമുക്കെല്ലാവർക്കും കഴിയും.—കൊലൊ. 3:12, 14.
5 അതുകൊണ്ട്, ‘എനിക്ക് എന്തു ചെയ്യാൻ കഴിയും?’ എന്നു സ്വയം ചോദിക്കാവുന്നതാണ്. അപ്രധാനമെന്നു തോന്നിയേക്കാമെങ്കിലും, നിങ്ങളുടെ വ്യക്തിപരമായ പങ്ക് നിർവഹിക്കുക വഴി ഒരു സഭ ശക്തവും പ്രവർത്തനനിരതവും സജീവവുമായി നിലനിൽക്കാൻ നിങ്ങൾ സഹായിക്കുകയായിരിക്കും ചെയ്യുന്നത്. അങ്ങനെ യഹോവയുടെ നാമത്തെ ബഹുമാനിക്കുന്നതിൽ നമുക്കെല്ലാം ഒരു മർമപ്രധാന പങ്കുണ്ട്.