നിങ്ങൾ സഹിച്ചുനിൽക്കുന്നുവോ?
1 “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹ. 4) യോഹന്നാന്റെ ആത്മീയ മക്കളുടെ സഹിഷ്ണുത അവനു വലിയ സന്തോഷം കൈവരുത്തി. തന്റെ മക്കളായിത്തീരാനുള്ള ദശലക്ഷങ്ങൾ “സത്യത്തിൽ നടക്കുന്ന”ത് കാണുന്നതു നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ എത്രയധികം സന്തോഷിപ്പിക്കും!—സദൃ. 23:15, 16; 27:11.
2 ഒരു കൂട്ടമെന്ന നിലയിൽ ദൈവജനം ക്രിസ്തീയ പ്രവർത്തനങ്ങളിൽ തീക്ഷ്ണതയുള്ളവരാണെങ്കിലും, വ്യക്തികൾ എന്നനിലയിൽ ചിലർക്കു മന്ദീഭാവം സംഭവിച്ചിരിക്കുന്നു. സത്യം പഠിച്ചുതുടങ്ങിയ സമയത്ത് അവർ ഊർജസ്വലർ ആയിരുന്നിരിക്കാമെങ്കിലും, വർഷങ്ങൾ കടന്നുപോയതോടെ അവർ ശിഷ്യരാക്കൽ വേലയിൽ വളരെ കുറച്ച്, അല്ലെങ്കിൽ വല്ലപ്പോഴുമൊക്കെ മാത്രം പങ്കെടുക്കുന്ന ഒരു രീതി അവലംബിച്ചിരിക്കുന്നു.
3 നമുക്കു മനസ്സിലാക്കാവുന്നതുപോലെ, ചിലരെ സംബന്ധിച്ചിടത്തോളം ശാരീരിക പരിമിതികളും പ്രായാധിക്യവുമാണ് ഈ മന്ദീഭാവത്തിനു കാരണം. എന്നിരുന്നാലും, അവർ പ്രകടമാക്കുന്ന സഹിഷ്ണുതയെപ്രതി നാം അവരെ അഭിനന്ദിക്കേണ്ടതാണ്. കാരണം, അവരാൽ കഴിയുന്നത് അവർ ചെയ്യുന്നുണ്ട്. എന്നാൽ, തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്: ‘വ്യക്തിപരമായ കാര്യങ്ങളിൽ വളരെയധികം വ്യാപൃതനാകുന്നതിനാൽ, രാജ്യതാത്പര്യങ്ങൾക്ക് എന്റെ ജീവിതത്തിൽ വളരെക്കുറച്ച് സ്ഥാനമേ ഉള്ളോ? ഞാൻ ഏതാണ്ടൊരു ‘ശീതോഷ്ണാവസ്ഥയിലാണോ’ അതോ ‘തീവ്രശ്രമം’ ചെയ്യുന്നുവോ? (വെളി. 3:15, 16; ലൂക്കൊ. 13:24, NW) “നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും” യഹോവ വാഗ്ദാനം ചെയ്യുന്നു എന്ന കാര്യം മനസ്സിൽ പിടിച്ചുകൊണ്ട്, നമുക്കേവർക്കും നാം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം പരിചിന്തിക്കുകയും ആവശ്യമായിരിക്കുന്ന മണ്ഡലങ്ങളിൽ അഭിവൃദ്ധി വരുത്തുകയും ചെയ്യാം.—റോമർ 2:10.
4 സഹിഷ്ണുത കാണിക്കേണ്ട വിധം: സഹിഷ്ണുത കാണിക്കാൻ യേശുവിനെ സഹായിച്ചത് എന്തായിരുന്നു? പൗലൊസ് വിശദീകരിച്ചു: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” (എബ്രാ. 12:1-3) യേശു, തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന താത്കാലികമായ പരിശോധനകളെക്കാൾ തന്റെ മുമ്പാകെ വെച്ചിരുന്ന സന്തോഷത്തിനു കൂടുതൽ പ്രാധാന്യം നൽകി. നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന സന്തോഷം മനസ്സിൽ പിടിക്കുന്നത് സഹിച്ചുനിൽക്കാൻ നമ്മെയും സഹായിക്കും. (വെളി. 21:4, 7; 22:12) വ്യക്തിഗത പഠനം, പതിവായ യോഗഹാജർ, ഇടവിടാതെയുള്ള പ്രാർഥന എന്നിവയിലൂടെ ശക്തിക്കായി നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ, അവൻ ഭരമേൽപ്പിച്ചിരിക്കുന്ന വേലയിൽ സ്ഥിരോത്സാഹം ഉള്ളവരായിരിക്കാൻ നമുക്കു സാധിക്കും.
5 തന്റെ വിശ്വസ്തരുടെ സഹിഷ്ണുത യഹോവയെ സന്തോഷിപ്പിക്കുന്നു. അതിനാൽ, ‘സത്യത്തിൽ നടന്നുകൊണ്ട്’ നമുക്ക് യഹോവയുടെ സന്തോഷം ഇനിയും വർധിപ്പിക്കാം.