പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
2001 ഫെബ്രുവരി മുതൽ ആരംഭിക്കുന്ന പ്രത്യേക സമ്മേളനദിന പരിപാടിയുടെ വിഷയം “ഗ്രഹണപ്രാപ്തികളിൽ പൂർണ വളർച്ച പ്രാപിച്ചവർ ആയിത്തീരുവിൻ” എന്നതാണ്. (1 കൊരി. 14:20, NW) നാം അതിൽ സംബന്ധിക്കുന്നത് മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, ദുഷ്ടത നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ദുഷ്ടതയെ ചെറുത്തു നിൽക്കുന്നതിന്, തിന്മയെ നന്മകൊണ്ടു കീഴടക്കാൻ കഴിയത്തക്കവിധം നാം നമ്മുടെ ആത്മീയ ഗ്രഹണപ്രാപ്തികളെ വളർത്തിയെടുക്കേണ്ടതുണ്ട്. അതു ചെയ്യാനാണ് ഈ പ്രത്യേക സമ്മേളനദിന പരിപാടി നമ്മെ സഹായിക്കുന്നത്.
പ്രാരംഭ സെഷനിൽ സർക്കിട്ട് മേൽവിചാരകൻ, “ബൈബിൾ ഗ്രാഹ്യത്തിൽ പൂർണവളർച്ച പ്രാപിക്കുന്നതിനുള്ള സഹായങ്ങൾ” സംബന്ധിച്ച് ചർച്ച ചെയ്യും. ക്രിസ്തീയ വിശ്വാസത്തിൽ എങ്ങനെ സ്ഥിരതയുള്ളവരായിത്തീരാം എന്ന് അദ്ദേഹം നമ്മോട് വിശദീകരിക്കും. “ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിച്ചുകൊണ്ട് ആത്മീയത പരിരക്ഷിക്കുക” എന്ന വിഷയം വികസിപ്പിക്കുന്ന സന്ദർശക പ്രസംഗകൻ, ബൈബിൾ തത്ത്വങ്ങളുടെ ഉപയോഗം അഥവാ ബാധകമാക്കൽ സൂക്ഷ്മമായ ഉൾക്കാഴ്ച വളർത്തിയെടുക്കുന്നതിൽ എത്ര പ്രധാനമാണെന്നു വിശദമാക്കും.
യുവജനങ്ങളും തങ്ങളുടെ ഗ്രഹണപ്രാപ്തികളെ വളർത്തിയെടുക്കേണ്ടതുണ്ട്. “തിന്മയ്ക്കു ശിശുക്കൾ ആയിരിക്കേണ്ടതിന്റെ കാരണം,” “ഇപ്പോൾ ഗ്രാഹ്യം നേടുന്ന യുവജനങ്ങൾ” എന്നീ പ്രസംഗങ്ങളിൽ ഇതു ചർച്ച ചെയ്യപ്പെടും. ലോകത്തിന്റെ ദുഷ്പ്രവൃത്തികളെക്കുറിച്ച് തങ്ങൾക്കുള്ള ഏതൊരു ജിജ്ഞാസയെയും നിയന്ത്രിക്കുന്നതിന് ആവശ്യമായ ആത്മീയ ബലം നേടാൻ തങ്ങൾ എന്തെല്ലാമാണ് ചെയ്യുന്നത് എന്ന് യുവജനങ്ങൾ പറയുമ്പോൾ ശ്രദ്ധ നൽകുക.
ജീവിതത്തിൽ യഥാർഥ സന്തോഷം കണ്ടെത്താൻ നമുക്ക് എങ്ങനെ കഴിയും? “ബൈബിൾ തത്ത്വങ്ങൾ ഗ്രാഹ്യത്തോടെ ബാധകമാക്കുന്നതിന്റെ പ്രയോജനങ്ങൾ” എന്ന സമാപന പ്രസംഗത്തിൽ സന്ദർശക പ്രസംഗകൻ അത് വിശദീകരിക്കും. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനങ്ങൾ എടുക്കാനും യഹോവയുടെ പഠിപ്പിക്കലുകളിൽനിന്ന് ശരിയായ പ്രയോജനം നേടാനും നമ്മെ സഹായിക്കുമെന്നു വ്യക്തമാക്കുന്ന ഉദാഹരണങ്ങൾ അദ്ദേഹം നൽകും.
ഈ സമ്മേളനത്തിൽ യഹോവയ്ക്കുള്ള സമർപ്പണം സ്നാപനത്തിലൂടെ പ്രതീകപ്പെടുത്താൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര നേരത്തേ വിവരം അധ്യക്ഷ മേൽവിചാരകനെ അറിയിക്കേണ്ടതാണ്. പ്രത്യേക സമ്മേളനത്തിന്റെ തീയതി അറിഞ്ഞുകഴിഞ്ഞാൽ ഉടനെ അത് കലണ്ടറിൽ കുറിച്ചിടുക, സമൃദ്ധമായ ഈ പരിപാടിയിൽ സംബന്ധിക്കാൻ വേണ്ട സുനിശ്ചിതമായ ആസൂത്രണങ്ങൾ ചെയ്യുക. ഈ പ്രത്യേക സമ്മേളനദിനത്തിലെ ഒരു പരിപാടിയും നഷ്ടപ്പെടുത്തരുത്. ഈ ദുഷ്ട ലോകത്തിൽ സഹിച്ചുനിൽക്കാനും യഹോവയോടു വിശ്വസ്തരായി തുടരാനും അതു നിങ്ങളെ ശക്തിപ്പെടുത്തും.