യേശുവിനെ കുറിച്ചുള്ള സത്യം അറിയിക്കുക
1 വേറെ ആടുകളായ തങ്ങളുടെ സഹകാരികളാൽ പിന്തുണയ്ക്കപ്പെടുന്ന അഭിഷിക്ത ക്രിസ്ത്യാനികൾക്ക് “യേശുവിനു സാക്ഷ്യം വഹിക്കുകയെന്ന വേല”യുണ്ട്. (വെളി. 12:17) ഇതൊരു സുപ്രധാന നിയോഗമാണ്, കാരണം യേശുവിലൂടെ മാത്രമേ രക്ഷ പ്രാപിക്കാൻ കഴിയൂ.—യോഹ. 17:3; പ്രവൃ. 4:12.
2 “വഴിയും സത്യവും ജീവനും”: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” എന്ന് യേശു പറഞ്ഞു. (യോഹ. 14:6) “വഴി” ആകുന്ന യേശുവിലൂടെ മാത്രമേ പ്രാർഥനയിൽ ദൈവത്തെ സമീപിക്കുന്നതിനും അവനുമായി ഒരു അംഗീകൃത ബന്ധം ആസ്വദിക്കുന്നതിനും നമുക്കു സാധിക്കുകയുള്ളൂ. (യോഹ. 15:16) എബ്രായ തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന പ്രവചനങ്ങളും നിഴലുകളും അവനിൽ നിവൃത്തിയേറി എന്നതിനാൽ യേശു “സത്യവും” ആണ്. (യോഹ. 1:17; കൊലൊ. 2:16, 17) തീർച്ചയായും, യഥാർഥ പ്രവചനത്തിന്റെ പ്രഥമ ഉദ്ദേശ്യംതന്നെ ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ യേശുവിനുള്ള നിർണായക പങ്കിനെ പ്രകാശമാനമാക്കുകയാണ്. (വെളി. 19:10) യേശു “ജീവനും” കൂടെയാണ്. നിത്യജീവൻ എന്ന ദാനം ലഭിക്കാൻ സകലരും അവന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കണം.—യോഹ. 3:16, 36; എബ്രാ. 2:9.
3 ശിരസ്സും വാഴുന്ന രാജാവും: യഹോവ തന്റെ പുത്രനെ ഭരമേൽപ്പിച്ചിരിക്കുന്ന വിപുലമായ ഭരണനിർവഹണ അധികാരത്തെയും ആളുകൾ തിരിച്ചറിഞ്ഞ് അംഗീകരിക്കണം. ദൈവരാജ്യത്തിന്റെ രാജാവായി യേശുവിനെ അവരോധിച്ചിരിക്കുകയാണ്—‘ജനതകൾ അവന്റെ ആജ്ഞാനുവർത്തികൾ ആണ്.’ (ഉല്പ. 49:10, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) കൂടാതെ, സഭയുടെ ശിരസ്സായും യഹോവ അവനെ നിയമിച്ചിരിക്കുന്നു. (എഫെ. 1:22, 23) യേശു സഭയെ നയിക്കുകയും ‘തക്കസമയത്ത് ആത്മീയ ആഹാരം കൊടുക്കേണ്ടതിനു വിശ്വസ്തനും വിവേകിയുമായ അടിമ’യെ ഉപയോഗിക്കുകയും ചെയ്യുന്നത് എങ്ങനെയെന്നു വിലമതിക്കാൻ നമ്മുടെ ബൈബിൾ വിദ്യാർഥികളെ നാം സഹായിക്കണം.—മത്താ. 24:45-47, NW.
4 കരുണയുള്ള മഹാപുരോഹിതൻ: ഒരു മനുഷ്യൻ എന്ന നിലയിൽ യേശുതന്നെ ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചിരിക്കയാൽ, ‘പരീക്ഷിക്കപ്പെടുന്നവരെ സഹായിപ്പാൻ’ അവനു കഴിയും. (എബ്രാ. 2:17, 18) യേശു തങ്ങളുടെ ബലഹീനതകളിൽ സഹതപിക്കുകയും ദയയോടെ തങ്ങൾക്കുവേണ്ടി പക്ഷവാദം നടത്തുകയും ചെയ്യുന്നു എന്ന് അറിയുന്നത് അപൂർണ മനുഷ്യരെ സംബന്ധിച്ചിടത്തോളം എത്ര ഹൃദയോഷ്മളമാണ്! (റോമ. 8:34) യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ, മഹാപുരോഹിതനായുള്ള അവന്റെ സേവനം മുഖാന്തരം നമുക്ക് ‘തക്കസമയത്തു സഹായം’ ലഭിക്കുന്നതിനായി “സംസാര സ്വാതന്ത്ര്യത്തോടെ” യഹോവയെ സമീപിക്കാൻ കഴിയും.—എബ്രാ. 4:15, 16, NW.
5 യേശുവിനെ കുറിച്ചുള്ള സത്യം മറ്റുള്ളവരെ അറിയിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ, അവനെ അനുസരിക്കുന്നതിലും സേവിക്കുന്നതിലും നമ്മോടൊപ്പം ചേരാൻ അവരെ പ്രചോദിപ്പിക്കട്ടെ.—യോഹ. 14:15, 21.