കഷ്ടതയിന്മധ്യേയും സന്തോഷിക്കൽ
1 തന്റെ ശിഷ്യർക്ക് കഷ്ടതകൾ ഉണ്ടാകുമെന്നു നമ്മുടെ നായകൻ മുൻകൂട്ടി പറയുകയുണ്ടായി. (മത്താ. 24:9) എന്നാൽ പരിശോധനകളെ നാം എങ്ങനെയാണു വീക്ഷിക്കേണ്ടത്? കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും? 2004 സേവനവർഷത്തിലെ സർക്കിട്ട് സമ്മേളന പരിപാടി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. “ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ” എന്നതായിരുന്നു ആ സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം.—റോമ. 12:12, 13.
2 രണ്ടു സിമ്പോസിയം: നേരിട്ടുള്ള ആക്രമണങ്ങൾ, പ്രകൃതിവിപത്തുകൾ, വ്യക്തിപരമായ ദുരിതങ്ങൾ എന്നിവയ്ക്കു മധ്യേ യഹോവയുടെ ജനം ഫലം കായ്ക്കുന്ന വിധങ്ങളെ കുറിച്ച് “സഹിഷ്ണുതയോടെ ഫലം കായ്ക്കുക” എന്ന ആദ്യ സിമ്പോസിയം ചർച്ച ചെയ്തു. നമ്മുടെ ആകുലതകൾ സംബന്ധിച്ചും നാനാതരം പ്രശ്നങ്ങൾ നേരിടുന്ന മറ്റു സഹോദരങ്ങളെ സംബന്ധിച്ചും സദാ പ്രാർഥിക്കേണ്ടത് വളരെ പ്രധാനമാണ്. (1 തെസ്സ. 5:17) അടിയന്തിരതാബോധത്തോടെ തങ്ങൾ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിധം സംബന്ധിച്ച് പല പ്രസാധകർ അഭിമുഖത്തിൽ പറയുകയുണ്ടായി. കുട്ടികളുമായി എങ്ങനെ ന്യായവാദം ചെയ്യാമെന്നും യഹോവയുടെ മുമ്പാകെയുള്ള ഉത്തരവാദിത്വം മനസ്സിലാക്കാൻ അവരെ എങ്ങനെ സഹായിക്കാമെന്നും ചർച്ച ചെയ്ത, “യഹോവയിൽനിന്നു ശിക്ഷണം ലഭിക്കുമ്പോൾ” എന്ന പരിപാടി മാതാപിതാക്കൾക്ക് പ്രത്യേകാൽ പ്രയോജനകരമായിരുന്നു. (സഭാ. 11:9) ലോകത്തിന്റെ കടന്നുകയറ്റങ്ങളെ ചെറുക്കാനും ഉത്കണ്ഠകളോ ധനത്തിന്റെ വഞ്ചനാത്മക ശക്തിയോ നമ്മുടെ ഫലപ്രാപ്തിയെ കെടുത്തിക്കളയുന്നതിനെതിരെ ജാഗ്രത പാലിക്കാനും നാം ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് സിമ്പോസിയത്തിലെ അവസാന പ്രസംഗകൻ കാണിച്ചുതന്നു.—മർക്കൊ. 4:19; മത്താ. 6:22.
3 രണ്ടാമത്തെ സിമ്പോസിയത്തിന്റെ പ്രതിപാദ്യവിഷയം “സഹിഷ്ണുതയോടെ ഓടുക” എന്നതായിരുന്നു. നമ്മുടെ സമർപ്പിത ജീവിതഗതി ഏറ്റവും വലിയ ഓട്ടം, നിത്യജീവനുവേണ്ടിയുള്ള ഓട്ടം, ആയിരിക്കുന്നത് എങ്ങനെയെന്ന് ഇതു വ്യക്തമാക്കി. നാം ചട്ടപ്രകാരം ഓടേണ്ടത് എന്തുകൊണ്ട്? (2 തിമൊ. 1:13; 2 കൊരി. 13:5) സകല ഭാരവും വിജയകരമായി ഇറക്കിവെക്കാനും ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ തളർന്നുപിന്മാറാതിരിക്കാനും നമുക്ക് എങ്ങനെ കഴിയും? (ലൂക്കൊ. 12:16-21; 10:40-42; 2 കൊരി. 6:14, 15) ലഭിച്ച കാലോചിതമായ തിരുവെഴുത്തു ബുദ്ധിയുപദേശം സ്ഥിരതയോടെ അല്ലെങ്കിൽ സഹിഷ്ണുതയോടെ തുടർന്നും ഓടാൻ നമ്മെയെല്ലാം സഹായിക്കും.—എബ്രാ. 12:1.
4 സഹിഷ്ണുത ദൈവാംഗീകാരം നേടിത്തരുന്നു: വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതായിരുന്നു സഞ്ചാര മേൽവിചാരകന്മാരുടെ പ്രസംഗങ്ങൾ. ഡിസ്ട്രിക്റ്റ് മേൽവിചാരകൻ നടത്തിയ ഒരു പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം “സഹിഷ്ണുത ഒരു അംഗീകൃത നിലയിലേക്കു നയിക്കുന്നു” എന്നതായിരുന്നു. ആത്മീയ വ്യക്തികൾ എന്ന നിലയിൽ ‘ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകുന്നതിലേക്കു’ സഹിഷ്ണുത നമ്മെ നയിക്കുന്നുവെന്ന് അതു വിശദീകരിച്ചു. (യാക്കോ. 1:4) സഹിഷ്ണുതയുടെ മകുടോദാഹരണം യഹോവയാം ദൈവമാണ്. തന്റെ അഖിലാണ്ഡ പരമാധികാരത്തിനെതിരായുള്ള മത്സരത്തെ ദീർഘകാലമായി അവൻ സഹിച്ചിരിക്കുന്നു. പിൻവരുന്ന ചോദ്യങ്ങൾക്ക് പരസ്യപ്രസംഗം ഉത്തരം നൽകി: ജനതകൾ ആരുടെ നാമത്തിലാണ് പ്രത്യാശ വെക്കേണ്ടത്? അതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? “നിങ്ങൾ സഹിഷ്ണുതകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും” എന്ന സമാപന പ്രസംഗം, പ്രകോപിതനാകാതെ അനീതി സഹിക്കാൻ യേശുവിനു കഴിഞ്ഞത് എങ്ങനെയെന്നു വ്യക്തമാക്കി.—1 പത്രൊ. 2:21-23.
5 ഈ ആത്മീയ വിരുന്ന് നമുക്കായി ഒരുക്കിയത് യഹോവയാണ്. അതിനാൽ, സമ്മേളന പരിപാടിയിൽനിന്നു ലഭിച്ച എല്ലാ നല്ല ബുദ്ധിയുപദേശവും ബാധകമാക്കാനും പ്രോത്സാഹനത്തിൽനിന്നു പ്രയോജനം നേടാനും നമുക്കു ദൃഢനിശ്ചയം ചെയ്യാം.