ജ്ഞാനികളായി നടക്കുവിൻ
1 നാലു മീൻപിടിത്തക്കാരോട് “എന്റെ പിന്നാലെ വരുവിൻ” എന്ന് യേശു ആവശ്യപ്പെട്ടപ്പോൾ ‘ഉടൻതന്നെ അവർ അവനെ അനുഗമിച്ചു’; ഒരു തീരുമാനം എടുക്കാൻ അവർ അമാന്തിച്ചില്ല. (മത്താ. 4:18-22) ക്രിസ്ത്യാനിയായിത്തീരുകയും തുടർന്ന് കാഴ്ചശക്തി വീണ്ടെടുക്കുകയും ചെയ്ത തർസൊസിലെ ശൗൽ താമസംവിനാ “യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.” (പ്രവൃ. 9: 20) സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. അതുകൊണ്ട് സമയം വിനിയോഗിക്കുന്ന കാര്യത്തിൽ നാം ‘ജ്ഞാനികളായി നടക്കേണ്ടത്’ പ്രധാനമാണ്.—എഫെ. 5:15, 16.
2 മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങൾ: യഹോവയെ സേവിക്കാൻ ഇന്നു ലഭ്യമായിരിക്കുന്ന അവസരങ്ങൾ നാളെ നഷ്ടമായേക്കാം. (യാക്കോ. 4:14) നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും മുൻകൂട്ടിക്കാണാനാവില്ല. (സഭാ. 9:11, NW) മാത്രമല്ല, നമുക്കെല്ലാം പ്രായമേറിക്കൊണ്ടിരിക്കുകയുമാണ്, പ്രായമാകുന്നതിനൊപ്പം വന്നെത്തുന്ന “ദുർദ്ദിവസങ്ങൾ” ഈ വ്യവസ്ഥിതിയിൽ നമുക്കൊഴിവാക്കാനാവില്ലല്ലോ. (സഭാ. 12:1) അത് യഹോവയുടെ സേവനത്തിൽ നമുക്കു ചെയ്യാനാകുന്ന കാര്യങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ദൈവത്തിനു നമ്മെ സമർപ്പിക്കുന്നത് മാറ്റിവെക്കുന്നതോ നമ്മുടെ ശുശ്രൂഷ ഇപ്പോൾ കഴിയുന്നത്ര വർധിപ്പിക്കാൻ ശ്രമിക്കാതെ അനുകൂലമായ സാഹചര്യങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതോ ബുദ്ധി ആയിരിക്കില്ല. (ലൂക്കൊ. 9:59-62) മുഴുജീവിതവും യഹോവയ്ക്കായി ഉഴിഞ്ഞുവെച്ച്, തന്റെ ജീവിതം അബ്രാഹാം ജ്ഞാനപൂർവം വിനിയോഗിച്ചു, ഫലമോ അവന്റെ അവസാന വർഷങ്ങൾ പ്രശാന്തവും സമാധാനപൂർണവുമായിരുന്നു; മരിക്കുമ്പോൾ “വയോധികനും സംതൃപ്തനും” ആയിരുന്നു അവൻ.—ഉല്പ. 25:8, NW.
3 കാലം ചുരുങ്ങിയിരിക്കുന്നു: നാം സമയം ജ്ഞാനപൂർവം വിനിയോഗിക്കേണ്ടതിന്റെ മറ്റൊരു കാരണം “കാലം ചുരുങ്ങിയിരിക്കുന്നു” എന്നതാണ്. (1 കൊരി. 7:29-31) പെട്ടെന്നുതന്നെ ഈ ‘പഴയ വ്യവസ്ഥിതിയുടെ’ അന്ത്യം വന്നെത്തും. ‘ഭൂമിയിലെ കൊയ്ത്തിന്റെ’ ഈ സമയത്ത് ചെമ്മരിയാടു തുല്യരായ ആളുകളെ കൂട്ടിച്ചേർക്കുന്ന മഹത്തായ പ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള അവസരങ്ങളും അതോടെ തീരും. (വെളി. 14:15) കൂടുതൽ പ്രയോജനപ്രദമായ വിധത്തിൽ ശുശ്രൂഷയിൽ ചെലവഴിക്കാനാകുന്ന സമയം ജീവിത ഉത്കണ്ഠകളും ശ്രദ്ധാശൈഥില്യങ്ങളും കവർന്നെടുക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. (ലൂക്കൊ. 21:34, 35) കൊയ്ത്തിൽ വളരെ സജീവമായി പങ്കുപറ്റാനായി എന്ന അറിവ് ഒന്നു തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് എത്ര സംതൃപ്തി നൽകും!
4 നമുക്കു ലഭ്യമായേക്കാവുന്ന സന്തോഷദായകമായ സേവനപദവികളൊന്നും നഷ്ടപ്പെടുത്താതിരിക്കാൻ നാം നിരന്തരം ശ്രദ്ധിക്കണം. ‘“ഇന്നു” എന്നു പറയുന്നേടത്തോളം’ യഹോവയെ സേവിക്കുന്നതിൽ നമ്മാലാകുന്നതെല്ലാം നമുക്കു ചെയ്യാം. (എബ്രാ. 3:13) അങ്ങനെ ചെയ്യുകവഴി നാം ജ്ഞാനികളാണെന്നു തെളിയിക്കുകയാവും ചെയ്യുക, കാരണം “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹ. 2:17.