ലൗകിക വിദ്യാഭ്യാസവും ആത്മീയ ലക്ഷ്യങ്ങളും
1 ചെറുപ്പത്തിൽ ലഭിക്കുന്ന നല്ല അടിസ്ഥാന വിദ്യാഭ്യാസം നന്നായി എഴുതാനും വായിക്കാനും ഉള്ള കഴിവ് നിങ്ങൾക്കു നേടിത്തരും; ഭൂമിശാസ്ത്രം, ചരിത്രം, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അറിവു നേടാനും അത് സഹായിക്കും. വ്യക്തമായി ചിന്തിക്കാനും വസ്തുതകൾ വിശകലനം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയപുതിയ ആശയങ്ങൾക്കു രൂപം നൽകാനും ഒക്കെ നിങ്ങൾ പഠിക്കുന്നത് ഈ കാലത്താണ്. അത്തരമൊരു വിദ്യാഭ്യാസം ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രയോജനം ചെയ്യും. ആത്മീയ ലക്ഷ്യങ്ങൾ കൈവരിക്കാനും “ജ്ഞാനവും വകതിരിവും” നേടാനും ലൗകിക വിദ്യാഭ്യാസം നിങ്ങളെ സഹായിക്കുന്നത് എങ്ങനെയാണ്?—സദൃ. 3:21, 22.
2 ദൈവസേവനത്തിൽ ഉപയോഗമുള്ളവരാകുക: പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുക; ഗൃഹപാഠം നന്നായി ചെയ്തുതീർക്കുക. നല്ല വായനാ-പഠന ശീലങ്ങൾ സ്വായത്തമാക്കുന്നെങ്കിൽ ദൈവവചനം പഠിക്കാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും. അതാകട്ടെ, നിങ്ങളെ ആത്മീയമായി ബലിഷ്ഠരാക്കുകയും ചെയ്യും. (പ്രവൃ. 17:11) വിവിധ മേഖലകളിൽ അറിവ് നേടുന്നത്, ശുശ്രൂഷയിൽ വ്യത്യസ്ത പശ്ചാത്തലങ്ങളും താത്പര്യങ്ങളും വിശ്വാസങ്ങളും ഉള്ള ആളുകളെ കണ്ടുമുട്ടുമ്പോൾ അവരോട് ഫലപ്രദമായി സംസാരിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. നിങ്ങളുടെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിക്കുന്നതിനും ലൗകിക വിദ്യാഭ്യാസം ഉപകരിക്കും.—2 തിമൊഥെയൊസ് 2:21; 4:11 താരതമ്യം ചെയ്യുക.
3 സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക: നന്നായി ശ്രമിക്കുന്നെങ്കിൽ, പഠനത്തിനു ശേഷം ഒരു ഉപജീവനമാർഗം കണ്ടെത്താൻ സഹായിക്കുന്ന വൈദഗ്ധ്യങ്ങൾ ആർജിച്ചെടുക്കാൻ നിങ്ങൾക്കു കഴിയും. (1 തിമൊഥെയൊസ് 5:8 താരതമ്യം ചെയ്യുക.) കോഴ്സുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. പരിമിതമായ തൊഴിലവസരങ്ങളുള്ള ഒരു മേഖലയിലേക്കു തിരിയുന്നതിനു പകരം, എവിടെപ്പോയാലും ഒരു ജോലി കണ്ടെത്താൻ സഹായിക്കുന്ന ഏതെങ്കിലും കോഴ്സോ തൊഴിലോ പഠിക്കുക. (സദൃ. 22:29) കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള ഒരു സ്ഥലത്ത് സേവിക്കാൻ തീരുമാനിക്കുമ്പോൾ, സ്വന്തം കാലിൽ നിൽക്കാൻ അത്തരം കോഴ്സുകൾ നിങ്ങളെ സജ്ജരാക്കും.—പ്രവൃത്തികൾ 18:1-4 താരതമ്യം ചെയ്യുക.
4 നല്ല അടിസ്ഥാന വിദ്യാഭ്യാസം നേടുന്നത് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാൻ നിങ്ങളെ സഹായിക്കും. ദൈവസേവനത്തിൽ മുന്നേറവെ, സ്വന്തം കാലിൽ നിൽക്കാൻ ആവശ്യമായ വൈദഗ്ധ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുക. അതെ, ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ലൗകിക വിദ്യാഭ്യാസം നിങ്ങളെ പ്രാപ്തരാക്കും.