പരസ്യസാക്ഷീകരണത്തിനുള്ള ആവേശകരവും പുതുമയാർന്നതുമായ ഒരു കാൽവയ്പ്
1. ആളുകൾ നടന്നുപോകുന്ന തിരക്കേറിയ പ്രദേശങ്ങളുള്ള സഭകളെ എന്തിനു പ്രോത്സാഹിപ്പിച്ചിരിക്കുന്നു?
1 ആളുകൾ നടന്നുപോകുന്ന തിരക്കേറിയ പ്രദേശങ്ങളുള്ള സഭകളെ മേശകളും കൊണ്ടുനടക്കാവുന്ന പ്രദർശനോപാധികളും ഉപയോഗിച്ചുള്ള പരസ്യസാക്ഷീകരണത്തിനായി പ്രോത്സാഹിപ്പിച്ചിരുന്നു. കൊണ്ടുനടക്കാവുന്ന പ്രദർശനോപാധിയാണ് ഉപയോഗിക്കുന്നതെങ്കിൽ കുറഞ്ഞത് ഒരു പ്രസാധകനെങ്കിലും അതിനടുത്തു നിൽക്കുകയോ ഇരിക്കുകയോ വേണം. എങ്ങനെയായാലും രണ്ട് പ്രസാധകർ മേശയ്ക്കരികെ ഉണ്ടായിരിക്കണം. ഇവർ സൗഹൃദഭാവത്തോടെ ഇടപെടുന്നവരും സമീപിക്കാവുന്നവരും ആയിരിക്കേണ്ടതാണ്. ആരെങ്കിലും ശ്രദ്ധിക്കുമ്പോൾ പ്രസാധകരിലൊരാൾക്ക് സംഭാഷണം ആരംഭിച്ചുകൊണ്ട് ഇപ്രകാരം പറയാം, “ഈ വിഷയത്തെക്കുറിച്ച് ദൈവം എന്താണ് പറയുന്നതെന്ന് താങ്കൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” ഈ സാക്ഷീകരണത്തിൽ ഉൾപ്പെട്ടിരിക്കെ പ്രസാധകരിൽ ഒരാൾക്കോ അല്ലെങ്കിൽ രണ്ടുപേർക്കുമോ പരസ്യസാക്ഷീകരണത്തിൽനിന്നു ശ്രദ്ധ വിട്ടുപോകാതെ അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെടാനാകും.
2. സാഹിത്യപ്രദർശനം മുഖേനയുള്ള പരസ്യസാക്ഷീകരണത്തിന്റെ മൂല്യം എടുത്തുകാട്ടുന്ന അനുഭവം വിവരിക്കുക.
2 ഇത്തരം സമീപനം വളരെയധികം ബൈബിളധ്യയനങ്ങൾക്കു വഴിയൊരുക്കിയിരിക്കുന്നു. ഒരു കോളേജ് വിദ്യാർഥിനി യഹോവയുടെ സാക്ഷികളെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കാൻ തീരുമാനിച്ചെങ്കിലും ഒരു രാജ്യഹാൾ കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല, എന്നാൽ അടുത്തയാഴ്ച കോളേജിൽ ഒരു സാഹിത്യ പ്രദർശനമേശ കണ്ടു. തുടർന്ന് ബൈബിളധ്യയനം ആരംഭിച്ചു. ഇപ്പോൾ അവൾ സ്നാനമേറ്റ സാക്ഷിയാണ്. മാത്രമല്ല ഈ രീതിയിലുള്ള സാക്ഷീകരണത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.
3. പരസ്യസാക്ഷീകരണത്തിന്റെ ഈ വ്യത്യസ്ത രീതികൾ ചിലർക്ക് എങ്ങനെ അനുഭവപ്പെടുന്നു?
3 ഈ രൂപത്തിലുള്ള പരസ്യസാക്ഷീകരണം ആസ്വദിച്ച ഒരു സഹോദരി ഇപ്രകാരം പറഞ്ഞു: “ചിലർ സാഹിത്യ പ്രദർശനത്തിന്റെ അടുത്തെത്തുമ്പോൾ പുതിയ ലക്കം മാസികകൾ എടുക്കാനായി നിൽക്കുന്നു, മറ്റുചിലരാകട്ടെ യഹോവയുടെ സാക്ഷികളെപ്പറ്റി കേട്ടിട്ടേയില്ല. ഈ സമീപനം അനേകരിലേക്ക് എത്താനുള്ള ഒരു വഴിയായിട്ടാണ് എനിക്കു തോന്നുന്നത്.” മറ്റൊരു സഹോദരി ഓർക്കുന്നു: “ഇത് പരസ്യസാക്ഷീകരണത്തിനുള്ള ആവേശകരവും പുതുമയാർന്നതുമായ രീതിയാണ്. കാരണം വലിയ താത്പര്യമില്ലെങ്കിലും ജിജ്ഞാസയാൽ ആളുകൾ നിങ്ങളുടെ അടുത്തേക്കു വരുന്നു.”
4. എല്ലാ ആഴ്ചയും ഒരേ സ്ഥലത്ത് ഒരേ സമയത്ത് പ്രദർശനം ക്രമീകരിക്കുന്നതിന്റെ പ്രയോജനം എന്ത്?
4 എല്ലാ ആഴ്ചയും ഒരേ സ്ഥലത്ത് ഒരേ ദിവസം ഒരേ സമയത്ത് പ്രദർശനം ക്രമീകരിക്കുന്നതാണ് നല്ലത്. ഇങ്ങനെ കണ്ടു പരിചിതരാകുമ്പോൾ കാലക്രമേണ ആളുകൾക്കു ചോദ്യങ്ങൾ ചോദിക്കാനോ പ്രസിദ്ധീകരണങ്ങൾ എടുക്കാനോ സ്വാതന്ത്ര്യം തോന്നും. നിങ്ങളുടെ സഭ പരസ്യസാക്ഷീകരണത്തിനായി ഇങ്ങനെയൊരു ക്രമീകരണം ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ, “പോയി ദൈവരാജ്യം അറിയി”ക്കുക എന്ന ആസ്വാദ്യകരവും ഫലകരവുമായ വേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങൾക്കാകും.—ലൂക്കോസ് 9:60.